മസ്കത്ത്: ഒമാൻ സെൻട്രൽ ബാങ്ക് പുതിയ വെള്ളിനാണയം പുറത്തിറക്കുന്നു. സുൽത്താൻ സായുധസേന മേധാവിയുടെ ഒാഫിസുമായി ചേർന്നാണ് നാണയം പുറത്തിറക്കിയത്. 49ാമത് നവോത്ഥാനദിനത്തിെൻറയും സുൽത്താൻ സായുധസേനാ മ്യൂസിയത്തിെൻറ മുപ്പതാം വാർഷികാഘോഷങ്ങളുടെയും ഭാഗമായാണ് പുതിയ നാണയം അവതരിപ്പിച്ചത്.
സെൻട്രൽ ബാങ്കിൽനിന്ന് വാങ്ങാൻ സാധിക്കുന്ന നാണയത്തിന് അതിെൻറ മുഖവിലയ്ക്ക് അനുസരിച്ച് നിയമപരമായ കൈമാറ്റ മൂല്യമുണ്ടാകും. അന്താരാഷ്ട്ര വിപണിയിലെ വെള്ളി വില വ്യതിയാനം അനുസരിച്ച് നാണയ വിലയിൽ വ്യത്യാസം ഉണ്ടാകും. സുൽത്താൻ സായുധസേനാ മ്യൂസിയത്തിൽ ഇൗ മാസം 25ന് നടക്കുന്ന ചടങ്ങിലാണ് നാണയം ഒൗദ്യോഗികമായി പുറത്തിറക്കുക. പൊതുജനങ്ങൾക്ക് 28 മുതൽ സെൻട്രൽ ബാങ്കിൽനിന്ന് നാണയം ലഭ്യമാകും.
നാണയത്തിെൻറ ഒരുവശത്ത് ഖഞ്ജറിെൻറ ചിത്രമാണ് ഉള്ളത്. സുൽത്താനേറ്റ് ഒാഫ് ഒമാൻ എന്നും സെൻട്രൽ ബാങ്ക് ഒമാൻ എന്നും ഇംഗ്ലീഷിലും അറബിയിലും എഴുതിയിട്ടുണ്ട്. നാണയത്തിെൻറ മൂല്യവും ഇൗ വശത്താണ് ഉണ്ടാവുക. മറുവശത്ത് സുൽത്താൻ സായുധസേനാ മ്യൂസിയത്തിെൻറ കളർ ചിത്രവും സേന ചീഫ് ഒാഫ് സ്റ്റാഫ് ഒാഫിസിെൻറ ലോഗോയും ഉണ്ടാകും.