ശൂറ തെരഞ്ഞെടുപ്പ്: ചരിത്രം തീർത്ത് ഒമാൻ; 65.88 ശതമാനം പോളിങ്
text_fieldsമജ്ലിസ് ശൂറ തെരഞ്ഞെടുപ്പിൽ മൊബൈലിലൂടെ വോട്ട് ചെയ്യുന്ന ഒമാനി പൗരന്മാർ
മസ്കത്ത്: പത്താമത് മജ്ലിസ് ശൂറ അംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പിൽ പുതുചരിതം തീർത്ത് ഒമാൻ. ലഭ്യമായ കണക്കു പ്രകാരം 4,96,279 പേരാണ് വോട്ടു രേഖപ്പെടുത്തിയത് ( 65.88 ശതമാനം പോളിങ്). ഇതിൽ 2,58,847 പുരുഷന്മാരും (66.26 ശതമാനം) 2,37,432 സ്ത്രീകളും (65.48 ശതമാനം) ഉൾപ്പെടും. പൗരന്മാർ ഇൻതിഖാബ് ആപ് വഴിയാണ് സമ്മതിദാനം നിർവഹിച്ചത്. ശൂറ അംഗങ്ങളുടെ തെരഞ്ഞെടുപ്പിന് ആദ്യമായാണ് ഇ-വോട്ടിങ് നടപ്പാക്കുന്നത്.
രാവിലെ എട്ടു മുതല്‍ രാത്രി ഏഴു വരെയായിരുന്നു വോട്ടിങ്. ഇൻതിഖാബ് ആപ്ലിക്കേഷനിലൂടെ വോട്ടർമാരുടെ സമയവും പ്രയത്നവും ലാഭിക്കുന്നതിനുള്ള ഏറ്റവും പുതിയ സാങ്കേതിക വിദ്യയാണ് ആഭ്യന്തര മന്ത്രാലയം ഒരുക്കിയിരുന്നത്. ആപ്പിലൂടെ വോട്ട് ചെയ്യാനായി നിയർ ഫീൽഡ് കമ്യൂണിക്കേഷൻ (എൻ.എഫ്.സി) സവിശേഷതയുള്ള സ്മാർട്ട്ഫോൺ, ഇന്റർനെറ്റ് കണക്ഷൻ, സാധുവായ ഐഡി കാർഡ് എന്നിവ ആവശ്യമായിരുന്നു. ആപ്പിലൂടെയുള്ള വോട്ടിങ്ങ് രീതി ആയതിനാൽ വീട്ടിലിരുന്നും തൊഴിലിടത്തുനിന്നുമെല്ലാം പൗരൻമാർക്ക് സമ്മതിദാനം വിനിയോഗിക്കാനായി. ഒക്ടോബർ 22ന് നടന്ന ആദ്യഘട്ട വോട്ടെടുപ്പിൽ രാജ്യത്തിന് പുറത്തുള്ള 13,841 ഒമാനി പൗരന്മാർ സമ്മതിദാനം വിനിയോഗിച്ചിരുന്നു.
83 വിലായത്തുകളില്‍നിന്നുള്ള 90 അംഗങ്ങളെയാണ് തിരഞ്ഞെടുക്കേണ്ടത്. 883 സ്ഥാനാര്‍ഥികളാണ് ഇത്തവണ ജനവിധി തേടിയത്. ഇവരില്‍ 33 പേര് സ്ത്രീകളായിരുന്നു. ദോഫാര്‍ ഗവര്‍ണറേറ്റില്‍ നിന്നാണ് കൂടുതല്‍ പേര് മത്സര രംഗത്തുണ്ടായിരുന്നത്- 255 സ്ഥാനാര്‍ഥികള്‍.
ദാഖിലിയ (111), മസ്കത്ത് (108), അല്‍ വുസ്ത (74), വടക്കന്‍ ബാത്തിന (84), തെക്കന്‍ ശര്‍ഖിയ (60), തെക്കന്‍ ബാത്തിന (58), വടക്കന്‍ ശര്‍ഖിയ (57), ദാഹിറ (32), മുസന്ദം (22), ബുറൈമി (22) എന്നിങ്ങനെയാണ് മറ്റു ഗവര്‍ണറേറ്റുകളില്‍ നിന്നുള്ള സ്ഥാനാര്‍ഥികളുടെ കണക്കുകൾ. സുപ്രീം ഇലക്ഷന് കമ്മിറ്റിയാണ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്തെരഞ്ഞെടുപ്പ് പ്രക്രിയ റിപ്പോർട്ട് ചെയ്യാൻ 50ൽ അധികം വിദേശ മാധ്യമപ്രവർത്തകർ എത്തിയിരുന്നു. അറബ് മേഖലയിൽ ആദ്യമായാണ് മൊബൈൽ അധിഷ്ഠിതമായി വോട്ടെടുപ്പ് നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

