ഇന്റർ പാർലമെന്ററി സമ്മേളനത്തിൽ ശൂറാ കൗൺസിൽ പ്രതിനിധികളും
text_fieldsശൂറാ കൗൺസിൽ ചെയർമാൻ ഖാലിദ് ഹിലാൽ അൽ മഅവാലി
മസ്‌കത്ത്: ഒക്ടോബർ 23 വരെ സ്വിറ്റ്സർലൻഡിലെ ജനീവയിൽ നടക്കുന്ന ഇന്റർ പാർലമെന്ററി യൂനിയന്റെ (ഐ.പി.യു) 151ാമത് ജനറൽ അസംബ്ലിയിലും അനുബന്ധ യോഗങ്ങളിലും ഒമാനിലെ ശൂറാ കൗൺസിൽ അംഗങ്ങൾ പങ്കെടുക്കും. ശൂറാ കൗൺസിൽ ചെയർമാൻ ഖാലിദ് ഹിലാൽ അൽ മഅവാലിയുടെ നേതൃത്വത്തിൽ അഹമ്മദ് മുഹമ്മദ് അൽ നദാബി, മുഹ്സിൻ സയ്യിദ് അൽ ജനീബി, മൻസൂർ ഖലീഫ അൽ സിയാബി, നാസർ സുൽത്താൻ അൽ ഹബ്സി എന്നിവർ ഉൾപ്പെട്ട ഒമാനി പ്രതിനിധി സംഘമാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.
അറബ് പാർലമെന്ററി ഗ്രൂപ്, ഏഷ്യൻ പാർലമെന്ററി അസംബ്ലി, ഒ.ഐ.സി അംഗരാജ്യങ്ങളുടെ പാർലമെന്ററി യൂനിയൻ എന്നിവയുടെ ഏകോപന യോഗങ്ങളിലും ശൂറാ കൗൺസിൽ പങ്കെടുക്കും. ഗൾഫ്, അറബ് രാജ്യങ്ങളുടെ പാർലമെന്ററി സഹകരണം ശക്തമാക്കുകയാണ് ഈ യോഗങ്ങൾ കൊണ്ട് ലക്ഷ്യമിടുന്നത്. പ്രതിനിധി സംഘം അറബ് ഇന്റർ പാർലമെന്ററി യൂനിയന്റെ 39-ാമത് പ്രത്യേക സമ്മേളനത്തിലും, ഐ.പി.യു ഗവേണിങ് കൗൺസിലിലും, വനിത പാർലമെന്റേറിയൻ ഫോറത്തിലും, യുവ പാർലമെന്റേറിയൻ ഫോറത്തിലും പങ്കെടുക്കും.
സ്റ്റേറ്റ് കൗൺസിലിന്റെയും ശൂറാ കൗൺസിലിന്റെയും സെക്രട്ടറി ജനറലുമാർ ദേശീയ പാർലമെന്റുകളുടെ സെക്രട്ടറി ജനറൽ അസോസിയേഷൻ യോഗത്തിലും പങ്കെടുക്കും. സമ്മേളനത്തിൽ സുസ്ഥിരമായ ആഗോള സമ്പദ്‌വ്യവസ്ഥ, നികുതി വെട്ടിപ്പ് തടയൽ, പ്രതിരോധച്ചെലവുകളിൽ പാർലമെന്ററി മേൽനോട്ടം, ആയുധ നിയന്ത്രണ നയങ്ങൾ തുടങ്ങിയ വിഷയങ്ങൾ ചർച്ചചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

