കൊറോണയും നാല് പെണ്ണുങ്ങളും മികച്ച രണ്ടാമത്തെ ഹ്രസ്വ സിനിമ
text_fieldsമസ്കത്ത്: ഒമാനിലെ ഏതാനും കലാകാരൻമാരും കലാകാരികളും ഒരുക്കിയ കോവിഡ് കാലത്തെ അതിജീവന കഥ പറയുന്ന ‘കൊറോണയും നാല് പെണ്ണുങ്ങളും’ എന്ന ചിത്രം എൽമർ അന്താരാഷ്ട്ര ഹ്രസ്വ സിനിമാ ഫെസ്റ്റിവലിൽ ഏറ്റവും നല്ല രണ്ടാമത്തെ സിനിമക്കുള്ള ബഹുമതി നേടി. മസ്കത്ത് നിവാസിയായ രേഖ പ്രേം സംവിധാനം ചെയ്ത ‘കാളിങ് ബെൽ’ പ്രത്യേക പരാമർശം നേടി. കാസർഗോഡ് ദേശത്തെ കുലതൊഴിലിലേക്ക് യുവത്വം തിരിച്ചു വരുന്ന കഥ പറഞ്ഞ 'മോതിര വള്ളി' ആണ് ഫെസ്റ്റിവലിൽ ഒന്നാം സ്ഥാനം നേടിയത്.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള 52 മറ്റു സിനിമകളെ പുറകിലാക്കിയാണ് മാധ്യമ പ്രവർത്തകനായ കബീർ യൂസുഫ് എഴുതി പ്രകാശ്.വി.നായർ സംവിധാനം ചെയ്ത കൊറോണയും നാല് പെണ്ണുങ്ങളും മുന്നിലെത്തിയത്. നിരവധി ഹ്രസ്വ സിനിമകൾ ചെയ്ത എൻ.വി നിഷാദ് ആണ് എഡിറ്റിങ് നിർവഹിച്ചത്. ലോക്ഡൗൺ കാലത്ത് ഫ്ലാറ്റുകൾക്കുള്ളിൽ തളച്ചിടപ്പെട്ട നാല് സ്ത്രീകൾ നടത്തുന്ന അതിജീവനത്തിെൻറ കഥയാണ് കൊറോണയും നാല് പെണ്ണുങ്ങളും.
വ്യത്യസ്ത ദേശങ്ങളിൽ നിന്നുള്ള സ്ത്രീകൾ, പാൽ കിട്ടാതെ കരയുന്ന ഒരു കുഞ്ഞിന് തടസ്സങ്ങൾ അതിജീവിച്ച് പാൽ എത്തിക്കുന്ന കഥയാണ് അഞ്ചു മിനിറ്റ് കൊണ്ട് ഈ ചിത്രം പറഞ്ഞു തീർത്തത്.

സിനിമ, നാടക രംഗങ്ങളിൽ വ്യക്തി മുദ്ര പതിപ്പിച്ച ഷീന ഹിരൻ ദത്ത്, ചാന്ദ്നി മനോജ്, ശ്രീവിദ്യ രവീന്ദ്രൻ, ഇന്ദു ബാബുരാജ് എന്നിവരാണ് അഭിനേതാക്കൾ. എൽമാർ സിനിമയുടെ സംവിധായകൻ ഗോപി കുറ്റിക്കോൽ, പ്രശസ്ത സിനിമാ, നാടക കലാകാരൻ സന്തോഷ് കീഴാറ്റൂർ, ഡയറക്ടർ ഒാഫ് ഫോട്ടോഗ്രാഫി ജിസ്ബിൻ സെബാസ്റ്റ്യൻ, എൽമാർ സിനിമയുടെ നിർമാതാവായ രാജേശ്വർ ഗോവിന്ദൻ എന്നിവരായിരുന്നു രാജ് ഗോവിന്ദ് പ്രൊഡക്ഷൻസ് ഒരുക്കിയ ഹ്രസ്വ സിനിമാ ഫെസ്റ്റിവലിെൻറ വിധികർത്താക്കൾ.

ഹൃദയ് ഹിരൻ ദത്ത്, കെ.ടി മനോജ്, ജഗൻ തേജ് മനോജ്, ഇ.എസ് ബാബുരാജ്, ഗോപിക ബാബുരാജ്, രവീന്ദ്രൻ പാലിശ്ശേരി, ശ്രാവൺ രവീന്ദ്രൻ എന്നിവരാണ് കൊറോണയും നാല് പെണ്ണുങ്ങളും സിനിമയുടെ മറ്റു അണിയറ പ്രവർത്തകർ.
