അമേരിഗോ വെസ്പുച്ചി കാണാനായി സന്ദർശക ഒഴുക്ക്
text_fieldsമത്ര സുൽത്താൻ ഖാബൂസ് തുറമുഖത്തെത്തിയ അമേരിഗോ വെസ്പുച്ചി കാണാനായി എത്തിയവർ
മസ്കത്ത്: സുൽത്താൻ ഖാബൂസ് തുറമുഖത്തെത്തിയ ഇറ്റാലിയൻ നാവിക കപ്പലായ അമേരിഗോ വെസ്പുച്ചി കാണാനായി സന്ദർശകരുടെ ഒഴുക്ക് തുടരുന്നു. വ്യാഴം, വെള്ളി ദിവസങ്ങളിലായി സ്കൂൾ വിദ്യാർഥികളടക്കം ആയിരക്കണക്കിനാളുകളാണ് ഇവിടേക്ക് എത്തിയത്. മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് മാത്രമായിരുന്നു പ്രവേശന അനുമതി നൽകിയിരുന്നത്. https://visitthevespucci.khimjisshipping.om/ എന്ന ലിങ്ക് വഴിയായിരുന്നു ബുക്കിങ് നടന്നിരുന്നത്.
എന്നാൽ, പലർക്കും ബുക്ക് ചെയ്യാൻ സാധിച്ചിലെന്നും ബുക്കിങ് പൂർണമായിരിക്കുകയാണെന്ന അറിയിപ്പുമാണ് ലഭിച്ചതെന്ന് മലയാളികളടക്കമുള്ള പ്രവാസികൾ പറഞ്ഞു. ഞയറാഴ്ചവരെ കപ്പൽ ഇവിടെയുണ്ടാവുമെങ്കിലും ശനിയാഴ്ചവരെയാണ് പൊതുജനങ്ങൾക്ക് പ്രവേശനമുള്ളത്.
ഫെബ്രുവരിയിൽ ഇറ്റലിയിലെ ലാ സ്പെസിയയിൽ ലോക പര്യടനം അവസാനിപ്പിക്കുന്നതിനുമുമ്പ് കപ്പൽ സഫാഗ (ഈജിപ്ത്), ലാർനാക്ക (സൈപ്രസ്) എന്നിവിടങ്ങളിലും പര്യാടനം നടത്തും.
ബുധനാഴ്ചയായിരുന്നു കപ്പൽ സുൽത്താൻ ഖാബൂസ് തുറമുഖത്തെ ആറാം ബെർത്തിൽ എത്തിച്ചേർന്നത്. ഒമാനിലെ ഇറ്റാലിയൻ അംബാസഡർ പിയർലൂജി ഡി എലിയ, അഡ്മിറൽ എന്റിക്കോ ക്രെഡൻഡിനോ, ഇറ്റാലിയൻ നാവികസേനാ മേധാവി, പ്രാദേശിക ഭരണകൂടവും സൈനിക ഉദ്യോഗസ്ഥരും ചേർന്നാണ് സ്വീകരിച്ചത്.
വെസ്പുച്ചിയും തുറമുഖ സന്ദർശനത്തോടനുബന്ധിച്ച് ഇറ്റാലിയൻ നാവികസേനാ മേധാവി അഡ്മിറൽ എന്റിക്കോ ക്രെഡൻഡിനോ സുൽത്താനേറ്റിൽ എത്തിയിട്ടുണ്ട് . ഇറ്റാലിയൻ നാവികസേനയുടെ പരിശീലനക്കപ്പലായ അമേരിഗോ വെസ്പുച്ചി വേൾഡ് ടൂറിന്റെ ഭാഗമായാണ് ഒമാനിലേക്കുള്ള വരവ്. ഒമാനിലേക്കുള്ള കപ്പലിന്റെ ആദ്യ സന്ദർശനമാണിത്.
തൊണ്ണൂറു വർഷത്തിലേറെ പാരമ്പര്യ നാവിക കപ്പലാണ് അമേരിഗോ വെസ്പുച്ചി. ഇറ്റലിയുടെ ലോകത്തിലെ ഏറ്റവും അറിയപ്പെടുന്ന ചിഹ്നങ്ങളിൽ ഒന്നാണ്. 2023 ജൂലൈ ഒന്നിന് ജെനോവ തുറമുഖത്ത്നിന്നാണ് കപ്പൽ പുറപ്പെട്ടത്. ഇറ്റലിയെ ഒരു രാജ്യമാക്കി മാറ്റുന്ന സംസ്കാരം, ചരിത്രം, നവീകരണം, ശാസ്ത്രം, ഗവേഷണം, സാങ്കേതികവിദ്യ എന്നിവ ഇതിനോടൊപ്പം പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്.

