വികസന കുതിപ്പുമായി ശിനാസ് തുറമുഖം
text_fieldsശിനാസ് തുറമുഖം
മസ്കത്ത്: ഈ വർഷത്തിന്റെ ആദ്യ പകുതി പിന്നിടുമ്പോൾ ശിനാസ് തുറമുഖം 360,556 ടൺ ചരക്കുകൾ കൈകാര്യം ചെയ്തതായി കണക്കുകൾ. ഇത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിലും പ്രാദേശിക, അന്തർദേശീയ വ്യാപാരം വർധിപ്പിക്കുന്നതിലും തുറമുഖത്തിന്റെ വളർന്നുവരുന്ന പങ്ക് വ്യക്തമാക്കുന്നതാണിത്. ഷിനാസ് തുറമുഖം എക്സിക്യൂട്ടിവ് ഡയറക്ടർ ഖാദർ ബിൻ അലി അൽ മാമരി പുറത്തുവിട്ട കണക്കുകൾ പ്രകാരം, ആദ്യ ആറ് മാസത്തിൽ ഇറക്കുമതി 353,735 ടണ്ണും കയറ്റുമതി 6,821 ടണ്ണും രേഖപ്പെടുത്തി. തുറമുഖം വഴി ഇറക്കുമതി ചെയ്ത പ്രധാന ഉൽപന്നങ്ങളിൽ 14,121 ടൺ കെട്ടിട നിർമ്മാണ സാമഗ്രികൾ, 604 ടൺ ഭക്ഷ്യ ഉൽപന്നങ്ങൾ, 1,236 ടൺ പൊതു ചരക്കുകൾ, 2,350 കന്നുകാലികളും ഒട്ടകങ്ങളും എന്നിവ ഉൾപ്പെടുന്നു. കയറ്റുമതിയുടെ കാര്യത്തിൽ, 40 ടൺ കെട്ടിട നിർമാണ സാമഗ്രികൾ, 4,040 ടൺ പൊതു ചരക്കുകൾ, 41,655 കന്നുകാലികളും ഒട്ടകങ്ങളും എന്നിവ തുറമുഖം കൈകാര്യം ചെയ്തു. പ്രാദേശിക, അന്തർദേശീയ സമുദ്ര ഗതാഗത ലോജിസ്റ്റിക്സിൽ ഒരു പ്രധാന കേന്ദ്രമായി ഷിനാസ് തുറമുഖം നിരന്തരം മുന്നേറിക്കൊണ്ടിരിക്കുകയാണെന്ന് അൽ മാമരി ചൂണ്ടിക്കാട്ടി. വിവിധ സാമ്പത്തിക മേഖലകളെ പിന്തുണക്കുന്നതിൽ തുറമുഖത്തിന്റെ പ്രാധാന്യം അദ്ദേഹം എടുത്തുപറഞ്ഞു. സമുദ്ര ഗതാഗത, ലോജിസ്റ്റിക്സ് മേഖലകളിൽ ഒമാനി കമ്പനികളുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനായി നിരവധി കരാറുകൾ അടുത്തിടെ ഒപ്പുവെച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

