‘ക്രൂ പരേഡിലെ മികച്ച കപ്പൽ’ തിളക്കമാർന്ന നേട്ടവുമായി ശബാബ് ഒമാൻ-രണ്ട്
text_fields‘ക്രൂ പരേഡിലെ മികച്ച കപ്പലി’നുള്ള പുരസ്കാരവുമായി ഒമാൻ സംഘം
മസ്കത്ത്: ഫ്രാൻസിലെ ലെ ഹാവ്രെ മാരിടൈം ഫെസ്റ്റിവലിൽ ശബാബ് ഒമാൻ രണ്ടിനെ ‘ക്രൂ പരേഡിലെ മികച്ച കപ്പൽ’ ആയി തെരഞ്ഞെടുത്തു. ഫെസ്റ്റിവലിന്റെ ക്രൂ പരേഡിലും അനുബന്ധ പ്രവർത്തനങ്ങളിലും ശബാബ് ഒമാൻ -രണ്ട് പ്രകടിപ്പിച്ച മികച്ച പ്രകടനം, അച്ചടക്കം, മനോഭാവം എന്നിവക്കുള്ള അംഗീകാരമായാണ് ഈ അവാർഡ് ലഭിച്ചത്. ഫെസ്റ്റിവലിന്റെ അനുബന്ധ പരിപാടികളിൽ, പ്രത്യേകിച്ച് മറൈൻ, ബീച്ച് സ്പോർട്സ് പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുന്നതിലൂടെ ഒമാന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തെയും സമുദ്ര ചരിത്രത്തെയും ഇത് എടുത്തുകാണിച്ചു.
ശബാബ് ഒമാൻ രണ്ടിന്റെ ഏഴാമത് അന്താരാഷ്ട്ര യാത്രയുടെ ഭാഗമായാണ് ലെ ഹാവ്രെ സെയിലിങ് ഫെസ്റ്റിവലിൽ പങ്കാളിയായത്. ഏഴാമത് അന്താരാഷ്ട്ര യാത്രയുടെ ഭാഗമായി ഫ്രഞ്ച് നഗരമായ ലെ ഹാവ്രെയിലെ ലെ ഹാവ്രെ തുറമുഖത്തെത്തിയ കപ്പലിന് ഊഷ്മള വവേൽപ്പാണ് അധികൃതർ നൽകിയത്. ഒമാൻ റോയൽ നേവിയുടെ കപ്പലിന്റെ അന്താരാഷ്ട്ര യാത്രയുടെ പത്താമത്തെ സ്റ്റോപ്പായിരുന്നുയിത്.
ഫ്രാൻസിലെ ലെ ഹാവ്രെ മാരിടൈം ഫെസ്റ്റിവലിൽ ശബാബ് ഒമാൻ രണ്ടിനെ പ്രതിനിധീകരിച്ച് ജീവനക്കാർ പങ്കെടുത്തപ്പോൾ
ജൂലൈ ഏഴുവരെ നടക്കുന്ന ലെ ഹാവ്രെ സെയിലിങ് ഫെസ്റ്റിവലിൽ ‘ശബാബ് ഒമാൻ രണ്ട്’ പങ്കെടുക്കും. ലോകജനതകൾക്കിടയിൽ സൗഹൃദം, സമാധാനം, ഐക്യം എന്നിവയുടെ ബന്ധങ്ങൾ വളർത്തിയെടുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് കപ്പൽ യാത്ര നടത്തുന്നത്. ഏപ്രിൽ 30ന് മസ്കത്തിൽനിന്നാണ് യാത്ര പുറപ്പെട്ടത്. ഒമാന്റെ സമ്പന്നമായ സമുദ്ര പൈതൃകത്തിന്റെ സത്തയും അതിന്റെ ശോഭനമായ വർത്തമാനകാല നേട്ടങ്ങളും ഉൾക്കൊള്ളുന്നതാണ് ഒമാൻ റോയൽ നേവിയുടെ (ആർ.എൻ.ഒ) കപ്പൽ.
‘ഗ്ലോറീസ് ഓഫ് ദി സീസ്’ എന്ന പേരിലാണ് യാത്ര നടത്തുന്നത്. ഏഴാമത്തെ അന്താരാഷ്ട്ര യാത്രയിൽ, ശബാബ് ഒമാൻ 30 ലക്ഷ്യസ്ഥാനങ്ങൾ സന്ദർശിക്കും. 15 രാജ്യങ്ങളിലായി 24 തുറമുഖങ്ങളിൽ നങ്കൂരമിടും. ബ്രെമർഹാവൻ സെയിൽ ഫെസ്റ്റിവൽ, ആംസ്റ്റർഡാം സെയിൽ ഫെസ്റ്റിവൽ, ടോൾ ഷിപ്പ്സ് റേസുകൾ എന്നിവക്കൊപ്പം മറ്റു സമുദ്ര ഉത്സവങ്ങളിലും ആഘോഷങ്ങളിലും പങ്കെടുക്കും.
ആറ് മാസത്തെ യാത്രയിൽ 18,000 നോട്ടിക്കൽ മൈലിലധികം കപ്പൽ സഞ്ചരിക്കും. സുൽത്താന്റെ സായുധ സേന, മറ്റ് സൈനിക, സുരക്ഷാ സേവനങ്ങൾ, വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് സ്കൗട്ട്സ് ആൻഡ് ഗേൾ ഗൈഡുകൾ എന്നിവയിൽ നിന്നുള്ള 84 ട്രെയിനികളും ക്രൂവിനൊപ്പമുണ്ട്. ഒമാന്റെ സൗഹൃദം, സ്നേഹം, ഐക്യം എന്നിവയുടെ സന്ദേശം ലോകത്തിന് എത്തിക്കാനാണ് യാത്രയിലൂടെ ഉദ്ദേശിക്കുന്നത്. ഒമാനി സംസ്കാരം ഓരോ സ്റ്റോപ്പിലും പരിചയപ്പെടുത്തും. രാജ്യത്തിന്റെ അഭിമാനകരമായ സമുദ്ര ചരിത്രം, പുരാതന പാരമ്പര്യങ്ങൾ, ആധുനിക പുരോഗതി എന്നിവയും പ്രദർശിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

