‘ശബാബ് ഒമാൻ-രണ്ട്’ ലെ ഹാവ്രെ തുറമുഖത്ത്, സെയിലിങ് ഫെസ്റ്റിവലിൽ പങ്കെടുക്കും
text_fieldsശബാബ് ഒമാൻ -രണ്ട്’ ലെ ഹാവ്രെ തുറമുഖത്തെത്തിപ്പോൾ
മസ്കത്ത്: ശബാബ് ഒമാൻ രണ്ടിന്റെ ഏഴാമത് അന്താരാഷ്ട്ര യാത്രയുടെ ഭാഗമായി കപ്പൽ ഫ്രഞ്ച് നഗരമായ ലെ ഹാവ്രെയിലെ ലെ ഹാവ്രെ തുറമുഖത്ത് നങ്കൂരമിട്ടു. ഒമാൻ റോയൽ നേവിയുടെ കപ്പലിന്റെ അന്താരാഷ്ട്ര യാത്രയുടെ പത്താമത്തെ സ്റ്റോപ്പാണിത്. ഊഷ്മളമായ സ്വീകരണമാണ് കപ്പലിന് ലെ ഹാവ്രെ തുറമുഖത്തുനിന്ന് ലഭിച്ചത്.
ലെ ഹാവ്രെ തുറമുഖത്ത് എത്തിയ കപ്പലിനെ ഫ്രാൻസിലെ ഒമാൻ അംബാസഡർ ഡോ. ഗാനിം ബിൻ മുഹമ്മദ് അൽ-ലംകി, ഒമാൻ എംബസിയിലെ മിലിട്ടറി അറ്റാഷെ എൻജിനീയർ ഖാലിദ് ബിൻ സുലൈമാൻ അൽ ഫാർസി, നയതന്ത്ര സേനയിലെ നിരവധി അംഗങ്ങൾ, ലെ ഹാവ്രെ സെയിലിങ് ഫെസ്റ്റിവലിന്റെ സംഘാടക സമിതി പ്രതിനിധികൾ, തദ്ദേശവാസികൾ എന്നിവർ ചേർന്ന് സ്വീകരിച്ചു.
ജൂലൈ ഏഴുവരെ നടക്കുന്ന ലെ ഹാവ്രെ സെയിലിങ് ഫെസ്റ്റിവലിൽ ‘ശബാബ് ഒമാൻ രണ്ട്’ പങ്കെടുക്കും. സൈനിക സംഗീത പ്രകടനങ്ങൾ, ഒമാന്റെ സമുദ്ര ചരിത്രം എടുത്തുകാണിക്കുന്ന ദൃശ്യ അവതരണങ്ങൾ, കപ്പലിലെ ഗൈഡഡ് ടൂറുകൾ എന്നിവ പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു. സാംസ്കാരികവും കലാപരവുമായ പരിപാടികൾക്കൊപ്പം പ്രാദേശിക ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചകളും സെയിലിങ് മത്സരങ്ങളിലും പങ്കെടുക്കും. ഒമാനും ലോകത്തിന്റെ മറ്റു ഭാഗങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും ബന്ധങ്ങൾ മനസ്സിലാക്കാനായി കപ്പൽ സന്ദർശകർക്കായി അതിന്റെ വാതിലുകൾ തുറന്നിടും. ഒമാന്റെ സാംസ്കാരിക സ്വത്വം പരിചയപ്പെടുത്താനും അതിന്റെ അഭിമാനകരമായ സമുദ്ര പൈതൃകവും ആഴത്തിൽ വേരൂന്നിയ പാരമ്പര്യങ്ങളും പ്രദർശിപ്പിക്കാനും ഇത് ലക്ഷ്യമിടുന്നു.
ലോകജനതകൾക്കിടയിൽ സൗഹൃദം, സമാധാനം, ഐക്യം എന്നിവയുടെ ബന്ധങ്ങൾ വളർത്തിയെടുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് കപ്പൽ യാത്ര നടത്തുന്നത്. ഏപ്രിൽ 30ന് മസ്കത്തിൽനിന്നാണ് യത്ര പുറപ്പെട്ടത്. ഒമാന്റെ സമ്പന്നമായ സമുദ്ര പൈതൃകത്തിന്റെ സത്തയും അതിന്റെ ശോഭനമായ വർത്തമാനകാല നേട്ടങ്ങളും ഉൾക്കൊള്ളുന്നതാണ് ഒമാൻ റോയൽ നേവിയുടെ (ആർ.എൻ.ഒ) കപ്പൽ. ‘ഗ്ലോറീസ് ഓഫ് ദി സീസ്’ എന്ന പേരിലാണ് യാത്ര നടത്തുന്നത്. ഏഴാമത്തെ അന്താരാഷ്ട്ര യാത്രയിൽ, ശബാബ് ഒമാൻ 30 ലക്ഷ്യസ്ഥാനങ്ങൾ സന്ദർശിക്കും. 15 രാജ്യങ്ങളിലായി 24 തുറമുഖങ്ങളിൽ നങ്കൂരമിടും.
ബ്രെമർഹാവൻ സെയിൽ ഫെസ്റ്റിവൽ, ആംസ്റ്റർഡാം സെയിൽ ഫെസ്റ്റിവൽ, ടോൾ ഷിപ്പ്സ് റേസുകൾ എന്നിവക്കൊപ്പം മറ്റ് സമുദ്ര ഉത്സവങ്ങളിലും ആഘോഷങ്ങളിലും പങ്കെടുക്കും. ആറ് മാസത്തെ യാത്രയിൽ 18,000 നോട്ടിക്കൽ മൈലിലധികം കപ്പൽ സഞ്ചരിക്കും. സുൽത്താന്റെ സായുധ സേന, മറ്റ് സൈനിക, സുരക്ഷാ സേവനങ്ങൾ, വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് സ്കൗട്ട്സ് ആൻഡ് ഗേൾ ഗൈഡുകൾ എന്നിവയിൽ നിന്നുള്ള 84 ട്രെയിനികളും ക്രൂവിനൊപ്പമുണ്ട്. ഒമാന്റെ സൗഹൃദം, സ്നേഹം, ഐക്യം എന്നിവയുടെ സന്ദേശം ലോകത്തിന് എത്തിക്കാനാണ് യാത്രയിലൂടെ ഉദ്ദേശിക്കുന്നത്. ഒമാനി സംസ്കാരം ഓരോ സ്റ്റോപ്പിലും പരിചയപ്പെടുത്തും. രാജ്യത്തിന്റെ അഭിമാനകരമായ സമുദ്ര ചരിത്രം, പുരാതന പാരമ്പര്യങ്ങൾ, ആധുനിക പുരോഗതി എന്നിവയും പ്രദർശിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

