ആംസ്റ്റർഡാം സെയിലിങ് ഫെസ്റ്റിവലിൽ മിന്നിത്തിളങ്ങി ശബാബ് ഒമാൻ-രണ്ട്
text_fieldsആംസ്റ്റർഡാം സെയിലിങ് ഫെസ്റ്റിവലിൽ ‘ശബാബ് ഒമാൻ’ പ്രതിനിധികൾ
മസ്കത്ത്: ഈ വർഷത്തെ ആംസ്റ്റർഡാം സെയിലിങ് ഫെസ്റ്റിവലിൽ ഉന്നത ബഹുമതി സ്വന്തമാക്കി റോയൽ നേവി ഓഫ് ഒമാന്റെ ഐക്കണിക് കപ്പലായ ശബാബ് ഒമാൻ. സീ അംബാസഡേഴ്സ് അവാർഡാണ് കപ്പൽ സ്വന്തമാക്കിയത്. ഫെസ്റ്റിവലിൽ ശ്രദ്ധേയമായ അച്ചടക്കവും ആകർഷകമായ സാംസ്കാരിക പ്രകടനവും കാഴ്ചവെച്ച കപ്പലിലെ ജീവനക്കാരുടെ മികവാർന്ന സമർപ്പണമാണ് ഈ നേട്ടത്തിനർഹമാക്കിയത്. ഒമാനി വസ്ത്രം ധരിച്ച് പരമ്പരാഗത നാടോടി സംഗീതത്തിന്റെ അകമ്പടിയോടെ നാവികർ നടത്തിയപ്രകടനം അന്താരാഷ്ട്ര പ്രേക്ഷകരുടെ പ്രശംസ നേടി. ഒമാന്റെ സമുദ്രപാരമ്പര്യത്തിന്റെ ഉജ്ജ്വലമായ പ്രദർശനമായിരുന്നു ഓരോ പ്രകടനവും.
ആംസ്റ്റർഡാം തുറമുഖത്ത് നങ്കൂരമിട്ട ശബാബ് ഒമാൻ രണ്ട് നെതർലൻഡ്സിലെ രാജകുമാരി ലോറന്റിയൻ സന്ദർശിച്ചു. ഒമാന്റെ സമുദ്രയാത്രാചരിത്രത്തിന്റെ പ്രതീകാത്മകതയോടുള്ള തന്റെ ആദരവ് പ്രകടിപ്പിക്കുന്നതായിരുന്നു സന്ദർശനം. അത്തരം കൈമാറ്റങ്ങൾ സാംസ്കാരികസംഭാഷണത്തെ ആഴത്തിലാക്കുകയും ഒമാനും നെതർലാൻഡ്സും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് രാജകുമാരി ഊന്നിപ്പറഞ്ഞു.
ഡെൻമാർക്കിലെ എസ്ബ്ജെർഗിൽ നടന്ന ടോൾ ഷിപ്പ്സ് റേസിൽ 2025ലെ ഇന്റർനാഷനൽ ഫ്രണ്ട്ഷിപ് കപ്പും ശബാബ് ഒമാൻ-രണ്ട് നേടിയിരുന്നു. അഞ്ചാം തവണയാണ് ഈ ശ്രദ്ധേയമായ നേട്ടം സുൽത്താനേറ്റ് സ്വന്തമാക്കിയത്. ശബാബ് ഒമാൻ രണ്ടിന്റെ ഏഴാമത് അന്താരാഷ്ട്ര യാത്രയുടെ ഭാഗമായാണ് ആംസ്റ്റർഡാം സെയിലിങ് ഫെസ്റ്റിവലിൽ പങ്കെടുത്തത്. നെതർലൻഡ്സിലെ ആംസ്റ്റർഡാം തുറമുഖത്ത് എത്തിയ കപ്പലിന് ഊഷ്മള വരവേൽപ്പാണ് ലഭിച്ചത്. ലോകജനതകൾക്കിടയിൽ സൗഹൃദം, സമാധാനം, ഐക്യം എന്നിവ വളർത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് കപ്പൽ യാത്ര.
ഏപ്രിൽ 30ന് മസ്കത്തിൽനിന്നാണ് യാത്ര പുറപ്പെട്ടത്. ഒമാന്റെ സമ്പന്നമായ സമുദ്ര പൈതൃകത്തിന്റെ സത്തയും അതിന്റെ ശോഭനമായ വർത്തമാനകാല നേട്ടങ്ങളും ഉൾക്കൊള്ളുന്നതാണ് ഒമാൻ റോയൽ നേവിയുടെ (ആർ.എൻ.ഒ) കപ്പൽ. ‘ഗ്ലോറീസ് ഓഫ് ദി സീസ്’ എന്ന പേരിലാണ് യാത്ര നടത്തുന്നത്. ഏഴാമത്തെ അന്താരാഷ്ട്ര യാത്രയിൽ, ശബാബ് ഒമാൻ 30 ലക്ഷ്യസ്ഥാനങ്ങൾ സന്ദർശിക്കും. 15 രാജ്യങ്ങളിലായി 24 തുറമുഖങ്ങളിൽ നങ്കൂരമിടും. ബ്രെമർഹാവൻ സെയിൽ ഫെസ്റ്റിവൽ, ആംസ്റ്റർഡാം സെയിൽ ഫെസ്റ്റിവൽ, ടോൾ ഷിപ്പ്സ് റേസുകൾ എന്നിവക്കൊപ്പം മറ്റ് സമുദ്ര ഉത്സവങ്ങളിലും ആഘോഷങ്ങളിലും പങ്കെടുക്കും.
ആറ് മാസത്തെ യാത്രയിൽ 18,000 നോട്ടിക്കൽ മൈലിലധികം കപ്പൽ സഞ്ചരിക്കും. സുൽത്താന്റെ സായുധ സേന, മറ്റ് സൈനിക, സുരക്ഷാ സേവനങ്ങൾ, വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് സ്കൗട്ട്സ് ആൻഡ് ഗേൾ ഗൈഡുകൾ എന്നിവയിൽ നിന്നുള്ള 84 ട്രെയിനികളും ക്രൂവിനൊപ്പമുണ്ട്. ഒമാന്റെ സൗഹൃദം, സ്നേഹം, ഐക്യം എന്നിവയുടെ സന്ദേശം ലോകത്തിന് എത്തിക്കാനാണ് യാത്രയിലൂടെ ഉദ്ദേശിക്കുന്നത്. ഒമാനി സംസ്കാരം ഓരോ സ്റ്റോപ്പിലും പരിചയപ്പെടുത്തും. രാജ്യത്തിന്റെ അഭിമാനകരമായ സമുദ്രചരിത്രം, പുരാതന പാരമ്പര്യങ്ങൾ, ആധുനിക പുരോഗതി എന്നിവയും പ്രദർശിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

