സൗഹൃദവും സ്നേഹവും പകർന്ന് ശബാബ് ഒമാൻ-രണ്ട് തിരിച്ചെത്തി
text_fieldsശബാബ് ഒമാൻ-രണ്ട് കപ്പൽ സലാലയിൽ നങ്കൂരമിട്ടപ്പോൾ
മസ്കത്ത്: ഏഴാമത് അന്താരാഷ്ട്ര യാത്ര പൂർത്തിയാക്കി റോയൽ നേവി ഓഫ് ഒമാന്റെ ഐക്കണിക് കപ്പലായ ശബാബ് ഒമാൻ-രണ്ട് സലാലയിൽ തിരിച്ചെത്തി. ലോകജനതകൾക്കിടയിൽ സൗഹൃദം, സമാധാനം, ഐക്യം എന്നിവയുടെ ബന്ധങ്ങൾ വളർത്തിയെടുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഏപ്രിൽ 30ന് മസ്കത്തിൽനിന്നാണ് യാത്ര പുറപ്പെട്ടത്.
ഒമാന്റെ സമ്പന്നമായ സമുദ്രപൈതൃകത്തിന്റെ സത്തയും അതിന്റെ ശോഭനമായ വർത്തമാനകാല നേട്ടങ്ങളും ഉൾക്കൊള്ളുന്നതാണ് ഒമാൻ റോയൽ നേവിയുടെ (ആർ.എൻ.ഒ) കപ്പൽ. ‘ഗ്ലോറീസ് ഓഫ് ദി സീസ്’ എന്ന പേരിലാണ് യാത്ര നടത്തിയത്. ഏഴാമത്തെ അന്താരാഷ്ട്ര യാത്രയിൽ, ശബാബ് ഒമാൻ 30 ലക്ഷ്യസ്ഥാനങ്ങളാണ് സന്ദർശിച്ചത്.15 രാജ്യങ്ങളിലായി 24 തുറമുഖങ്ങളിൽ നങ്കൂരമിട്ടു. ബ്രെമർഹാവൻ സെയിൽ ഫെസ്റ്റിവൽ, ആംസ്റ്റർഡാം സെയിൽ ഫെസ്റ്റിവൽ, ടോൾ ഷിപ്പ്സ് റേസുകൾ എന്നിവക്കൊപ്പം മറ്റ് സമുദ്ര ഉത്സവങ്ങളിലും ആഘോഷങ്ങളിലും പങ്കാളികളായി.
ആറ് മാസത്തെ യാത്രയിൽ 18,000 നോട്ടിക്കൽ മൈലിലധികമാണ് കപ്പൽ സഞ്ചരിച്ചത്. സുൽത്താന്റെ സായുധ സേന, മറ്റ് സൈനിക, സുരക്ഷാ സേവനങ്ങൾ, വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് സ്കൗട്ട്സ് ആൻഡ് ഗേൾ ഗൈഡുകൾ എന്നിവയിൽ നിന്നുള്ള 84 ട്രെയിനികളും ക്രൂവിനൊപ്പമുണ്ടായിരുന്നു. ഒമാന്റെ സൗഹൃദം, സ്നേഹം, ഐക്യം എന്നിവയുടെ സന്ദേശം ലോകത്തിന് എത്തിക്കാനാണ് യാത്രയിലൂടെ ലക്ഷ്യമിട്ടത്. രാജ്യത്തിന്റെ അഭിമാനകരമായ സമുദ്ര ചരിത്രം, പുരാതന പാരമ്പര്യങ്ങൾ, ആധുനിക പുരോഗതി എന്നിവയും പ്രദർശിപ്പിച്ചു.
യാത്രയുടെ ഭാഗമായുള്ള ഈ വർഷത്തെ ആംസ്റ്റർഡാം സെയിലിങ് ഫെസ്റ്റിവലിൽ കപ്പൽ ഉന്നത ബഹുമതി സ്വന്തമാക്കിയിരുന്നു. സീ അംബാസഡേഴ്സ് അവാർഡാണ് കപ്പൽ നേടിയയത്. ഡെൻമാർക്കിലെ എസ്ബ്ജെർഗിൽ നടന്ന ടോൾ ഷിപ്പ്സ് റേസിൽ 2025ലെ ഇന്റർനാഷണൽ ഫ്രണ്ട്ഷിപ്പ് കപ്പും സ്വന്തമാക്കിയിരുന്നു. അഞ്ചാംതവണയാണ് ഈ ശ്രദ്ധേയമായ നേട്ടം സുൽത്താനേറ്റ് സ്വന്തമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

