ഖരീഫ് സഞ്ചാരികളെ ദുകമിലേക്ക് വിളിച്ച് ‘സെസാദ്’
text_fieldsദുകമിൽനിന്നുള്ള കാഴ്ച
മസ്കത്ത്: ദോഫാറിൽ ഖരീഫ് സീസൺ ആസ്വദിക്കാനെത്തുന്നവർ തീർച്ചയായും സന്ദർശിക്കേണ്ട സ്ഥലമാക്കി ദുകമിനെ മാറ്റുന്നതിനുള്ള കാമ്പയിനുമായി സെസാദ്. ദുകമിലെ പ്രത്യേക സാമ്പത്തിക മേഖല അതോറിറ്റി (സെസാദ്) ‘പാസ് ബൈ’ കാമ്പയിനിന്റെ നാലാം പതിപ്പിനാണ് കഴിഞ്ഞദിവസം തുടക്കമിട്ടത്. സന്ദർശകൾക്ക് ദുകമിന്റെയും അൽ വുസ്ത ഗവർണറേറ്റിന്റെയും പ്രകൃതിസൗന്ദര്യം, സാംസ്കാരിക ആകർഷണങ്ങൾ, വളർന്നുവരുന്ന വിനോദ ഓഫറുകൾ എന്നിവ കണ്ടെത്താനുള്ള അവസരമൊരുക്കുകയാണ് സെസാദ്.
2022ൽ ആണ് ‘പാസ് ബൈ’ കാമ്പയിൻ ആരംഭിക്കുന്നത്. കുടുംബങ്ങൾ, യുവജന ഗ്രൂപ്പുകൾ മുതൽ ജി.സി.സി വിനോദസഞ്ചാരികൾ, സാഹസികത ഇഷ്ടപ്പെടുന്നവർ, ഇൻഫ്ലുവൻസർമാർ വരെയുള്ള വൈവിധ്യമാർന്ന പ്രേക്ഷകരെ ആകർഷിക്കുന്നതിന് പുതിയ പരിപാടികൾ, അനുഭവങ്ങൾ, അനുയോജ്യമായ പ്രമോഷനുകൾ എന്നിവയുമായാണ് ഈ വർഷം ‘സെസാദ്’കാമ്പയിൻ ശക്തമാക്കിയിരിക്കുന്നത്.
2022ൽ ആദ്യമായി ആരംഭിച്ച ഈ കാമ്പയിൻ, സുൽത്താനേറ്റിന്റെ ടൂറിസം ഭൂപടത്തിലെ മികച്ച ലക്ഷ്യസ്ഥാനമെന്ന നിലയിൽ ദുകമിനെ ശക്തിപ്പെടുത്തുന്നതിൽ വിജയിച്ചെന്ന് സെസാദ് കമ്യൂണിക്കേഷൻ ആൻഡ് മീഡിയ മേധാവി മുസ്തഫ ബിൻ മുഹമ്മദ് അൽ ബലൂഷി പറഞ്ഞു. വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ, പരിപാടികൾ, സംയോജിത ടൂറിസം അനുഭവങ്ങൾ എന്നിവ വാഗ്ദാനം ചെയ്യുന്നതിലൂടെ ഈ വർഷത്തെ പതിപ്പ് സന്ദർശകരുടെ വിശാലമായ ഒരു വിഭാഗത്തെ ആകർഷിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ദോഫാർ ഗവർണറേറ്റിലേക്ക് യാത്ര ചെയ്യുമ്പോഴോ അവിടെനിന്ന് മടങ്ങുമ്പോഴോ നിരവധി ദിവസത്തേക്ക് തങ്ങാൻ ദുകം അനുയോജ്യമാണെന്ന് അദ്ദേഹം പറഞ്ഞു. സമീപവർഷങ്ങളിൽ ദുകമിന്റെ ടൂറിസം അടിസ്ഥാന സൗകര്യങ്ങളിൽ വലിയ പുരോഗതിയുണ്ട്, ത്രീ, ഫോർ സ്റ്റാർ ഹോട്ടലുകൾ, ബീച്ച് സൈഡ് ക്യാമ്പിങ് സൗകര്യങ്ങൾ എന്നിവയുൾപ്പെടെ വിവിധ താമസസൗകര്യങ്ങളിലായി 2500ലധികം ഹോട്ടൽമുറികൾ ഇപ്പോൾ ലഭ്യമാണ്. റസ്റ്റാറന്റുകൾ, പാർക്കുകൾ, ആധുനിക റോഡുകൾ എന്നിവ സൗകര്യപ്രദവും സുഖപ്രദവുമായ ഒരു സ്റ്റോപ് ഓവർ എന്ന നിലയിൽ അതിന്റെ ആകർഷണം കൂടുതൽ വർധിപ്പിക്കുന്നു.
സെപ്റ്റംബർ അവസാനം വരെ നീളുന്ന ഈ കാമ്പയിനിൽ കവിതാരാത്രികൾ, പട്ടംപറത്തൽ, ചാരിറ്റി അടുക്കള, സായ് വാണിജ്യ ജില്ലയിലെ പുതിയ ദുകം പാർക്കിൽ കുട്ടികളുടെ വിനോദം തുടങ്ങിയ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ഉണ്ടാകും. പങ്കെടുക്കുന്ന ഹോട്ടലുകൾ കിഴിവുകളും പ്രത്യേക ഓഫറുകളും നൽകും. കൂടാതെ കിയോസ്ക്കുകൾ ചെറുകിട, ഇടത്തരം സംരംഭങ്ങളെ പിന്തുണക്കുന്ന പ്രാദേശിക കരകൗശല വസ്തുക്കളെയും ഒമാനി ഉൽപന്നങ്ങളെയും പ്രോത്സാഹിപ്പിക്കും.
റോക്ക് ഗാർഡൻ, ദുകമിലെ ബീച്ചുകൾ, അറേബ്യൻ ഒറിക്സ് സാങ്ച്വറി, റാസ് മദ്രാക്ക, ബർ അൽ ഹിക്മാൻ തുടങ്ങിയ വിനോദസഞ്ചാരകേന്ദ്രങ്ങൾ എന്നിവ മസ്കത്ത്-ദുകം-സലാല റൂട്ടിലെ ഈ പ്രദേശത്തെ ആകർഷകമായ ഇടമാക്കി മാറ്റുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

