റസ്റ്റോറൻറുകളിലും ബാർബർ ഷോപ്പുകളിലും മുതിർന്ന പൗരന്മാരെയും കുട്ടികളെയും പ്രവേശിപ്പിക്കരുത്
text_fields
മസ്കത്ത്: റസ്റ്റോറൻറുകളിലും ബാർബർ ഷോപ്പുകളിലും 60 വയസിന് മുകളിൽ പ്രായമുള്ളവരെയും 12 വയസിൽ താഴെയുള്ളവരെയും പ്രവേശിപ്പിക്കരുതെന്ന് മസ്കത്ത് നഗരസഭ നിർദേശിച്ചു. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായാണ് നിർദേശം.
സ്ഥാപനത്തിലേക്ക് വരുേമ്പാൾ മാസ്ക് ധരിക്കണം. ഷേവിങ്, ഫേഷ്യലിങ് അടക്കം ചെയ്യുന്ന സമയത്ത് മുഖാവരണം ഭാഗികമായി നീക്കാം. ഉപഭോക്താവുമായി അടുത്ത് ഇടപെട്ട് ജോലികൾ ചെയ്യുന്ന ജോലിക്കാർ മുഖാവരണം ധരിക്കുകയും വേണം. പ്രകടമായ രോഗലക്ഷണങ്ങളുള്ള ഉപഭോക്താക്കൾക്ക് സ്ഥാപനത്തിലേക്ക് പ്രവേശനം അനുവദിക്കരുത്. നോട്ട് ഇടപാട് കുറച്ച് പരമാവധി ഇലക്ട്രോണിക് ഇടപാടുകൾ പ്രോത്സാഹിപ്പിക്കണം. പത്രങ്ങളും മാസികകളും ഒഴിവാക്കണം. പ്രിൻറ് ചെയ്ത വില വിവരപട്ടിക ഒരു തവണ മാത്രം ഉപയോഗിക്കാൻ കഴിയുന്നതാകണം. സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പാക്കണം. ജോലിയാരംഭിക്കുന്നതിന് മുമ്പ് ജീവനക്കാരുടെ താപനില പരിശോധിക്കണം. ഒാരോ എട്ട് മണിക്കൂറിെൻറ ഇടവേളയിലും പരിശോധന ആവർത്തിക്കണം. അണുനാശിനി പ്രവർത്തനങ്ങൾ കൃത്യമായ ഇടവേളകളിൽ നടത്തുകയും വേണമെന്ന് നഗരസഭ അറിയിച്ചു.

