കൺനിറയെ കാണാം ലോകകപ്പ് ട്രോഫി...
text_fieldsമസ്കത്ത്: ഫിഫ ലോകകപ്പ് ട്രോഫിയെ അടുത്തുകാണാനും ഫോട്ടോയെടുക്കാനുമുള്ള സുവർണാവസരം ഒമാനിലെ ഫുട്ബാൾ പ്രേമികൾക്കൊരുങ്ങുന്നു. ഈ വർഷം നവംബറിൽ ഖത്തറിൽ നടക്കുന്ന ലോകകപ്പിന് മുന്നോടിയായുള്ള ലോകകപ്പ് ട്രോഫി ടൂർ മേയ് 13ന് ഒമാനിലെത്തും. ട്രോഫിക്ക് സ്വീകരണം നൽകാൻ തെരഞ്ഞെടുത്ത അപൂർവ രാജ്യങ്ങളിലൊന്നാണ് സുൽത്താനേറ്റ്സ്.
ടി.വിയിലൂടെയും മറ്റും കണ്ടിരുന്ന ട്രോഫിയെ നേരിട്ട് കാണാനുള്ള സുവർണാവസരമാണ് ഇതിലൂടെ ലഭിച്ചിരിക്കുന്നത്. എന്നാൽ ഏത് സ്ഥലത്താണ് ലോകകപ്പ് ട്രോഫി ടൂറിന് സ്വീകരണം നൽകുക എന്ന് വ്യക്തമായിട്ടില്ല. ഇതു വരും ദിവസങ്ങളിൽ അറിഞ്ഞേക്കും. സാധാരണയായി സൂറിച്ചിലെ ഫിഫ വേൾഡ് ഫുട്ബാൾ മ്യൂസിയത്തിലും ഫിഫ ലോകകപ്പ് ഫൈനൽ മത്സരത്തിലുമാണ് ട്രോഫി പ്രദർശിപ്പിക്കാറുള്ളൂ. അതുകൊണ്ടുതന്നെ രാജ്യത്തുള്ള ഫുട്ബാൾ പ്രേമികൾക്ക് അപൂർവ അവസരമാണ് ലോകകപ്പ് ട്രോഫി ടൂർ ഒമാനിൽ എത്തുന്നതിലൂടെ കൈവന്നിരിക്കുന്നത്.

