മേഖലയിലെ സുരക്ഷ; വിദേശകാര്യമന്ത്രി ചർച്ച നടത്തി
text_fieldsമസ്കത്ത്: മേഖലയിലെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനുള്ള ഏകീകൃത അറബ്-പ്രാദേശിക ശ്രമങ്ങളുടെ ഏകോപനത്തിനായി ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി ഖത്തർ, ഇറാഖ്, സൗദി അറേബ്യ, ഈജിപ്ത് എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി ചർച്ചകൾ നടത്തി. ടെലിഫോണിലൂടെ നടന്ന ചർച്ചയിൽ പ്രാദേശിക സാഹചര്യങ്ങൾ, സംഘർഷം കുറക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള മാർഗങ്ങൾ, സംയുക്ത ശ്രമങ്ങൾ എന്നിവയാണ് പ്രധാനമായും പരിഗണിച്ചത്. സംഘർഷം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളെ പിന്തുണക്കേണ്ടതിന്റെ ആവശ്യകത മന്ത്രിമാർ ചർച്ചയിൽ ചൂണ്ടിക്കാട്ടി. സമാധാനപരമായ പരിഹാര മാർഗങ്ങൾ പിന്തുടരണമെന്നും അന്താരാഷ്ട്ര നിയമങ്ങൾ കർശനമായി പാലിക്കണമെന്നും ചർച്ചയിൽ പറഞ്ഞു.
അതേസമയം, ഇറാനെതിരെ സൈനിക ആക്രമണം നടത്തുന്നതിൽനിന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ പിന്തിരിപ്പിക്കാൻ ഒമാൻ, സൗദി അറേബ്യ, ഖത്തർ എന്നിവ ഉൾപ്പെടുന്ന ഗൾഫ് രാജ്യങ്ങൾ സജീവ നയതന്ത്ര ശ്രമങ്ങൾ നടത്തിയതായാണ് റിപ്പോർട്ട്. സൗദിയിലെ മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഇറാനെതിരെ അമേരിക്ക ആക്രമണം നടത്തിയാൽ അത് മേഖലയിലുടനീളം ഗുരുതര പ്രത്യാഘാതം സൃഷ്ടിക്കുമെന്ന ആശങ്കയിലാണ് ഇടപെടലെന്ന് അദ്ദേഹം പറഞ്ഞു.
ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) രാജ്യങ്ങൾ അവസാന നിമിഷങ്ങളിൽ അടിയന്തരമായ നയതന്ത്ര ശ്രമങ്ങൾ നടത്തി. യു.എസ് പ്രസിഡന്റ് ട്രംപിനെ ബോധ്യപ്പെടുത്താൻ ശ്രമിച്ചതായി, പേര് വെളിപ്പെടുത്താൻ താൽപര്യമില്ലാത്ത ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ചർച്ചകൾ ഇപ്പോഴും തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മേഖലയെ നിയന്ത്രണാതീതമായ സാഹചര്യത്തിലേക്ക് തള്ളിവിടാതിരിക്കുക എന്നതായിരുന്നു ഗൾഫ് രാജ്യങ്ങളുടെ പ്രധാന ലക്ഷ്യം. ഗൾഫിലെ യു.എസ് സൗകര്യങ്ങൾക്ക് നേരെ ആക്രമണം നടന്നാൽ, അത് മേഖലയിലെ രാജ്യങ്ങളുമായുള്ള ബന്ധങ്ങളിൽ ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന സന്ദേശം ഇറാനിനും കൈമാറിയതായി മറ്റൊരു ഗൾഫ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഇറാനിൽ യു.എസോ ഇസ്രായേലോ ആക്രമണം നടത്തുമെന്ന ഭീതി ഇപ്പോഴും നിലനിൽക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

