ബില്‍ അറബ് ആർക്കിടെക്ചർ പുരസ്കാരത്തിന്റെ രണ്ടാം പതിപ്പ് പ്രഖ്യാപിച്ചു
text_fieldsബില്‍ അറബ് ബിന്‍ ഹൈതം
മസ്കത്ത്: രാജ്യത്തെ ആര്കിടെക്ച്വറല് മേഖലയിലെ യുവ പ്രതിഭകളെ കണ്ടെത്തുന്നതിനായുള്ള ബില്‍ അറബ് ബിന്‍ ഹൈതം പുരസ്കാരത്തിന്റെ രണ്ടാം പതിപ്പ് പ്രഖ്യാപിച്ചു. തെക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ സൂര് വിലായത്തിലെ സമുദ്ര ചരിത്രങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള രൂപകല്‍പനകൾക്കാണ് ഇത്തവണ അവാർഡ് നൽകുക. മികച്ച സൃഷ്ടികള്‍ തിരഞ്ഞെടുക്കുന്നതോടൊപ്പം വിജയിക്കുന്ന ഡിസൈനുകള്‍ക്ക് സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി നിക്ഷേപം ലഭ്യമാക്കുകയും ചെയ്യും.
പുരസ്കാരത്തിന്റെ ആദ്യപതിപ്പിൽ അഹമദ് മുഹമ്മദ് അല്‍ ഗദാമി, ഉമൈമ മഹ്മൂദ് അല്‍ ഹിനായ്, അബ്ദുല്ല സാലിഹ് അല്‍ ബഹ്രി എന്നിവരുടെ സംഘം തയാറാക്കിയ മത്ര സ്ക്വയര്‍ പദ്ധതി രൂപരേഖ ഒന്നാം സ്ഥാനം സ്വന്തമാക്കിയിരുന്നു. ഒന്നാം സ്ഥാനത്തിന് അര്‍ഹരായവര്‍ക്ക് 20,000 റിയാലും രണ്ടാം സ്ഥാനത്തിന് 15,000 റിയാലും മൂന്നാം സ്ഥാനക്കാര്‍ക്ക് 10,000 റിയാലുമാമായിരുന്നു സമ്മാനത്തുക.
പ്രഥമ പതിപ്പിൽ അവാർഡ് നേടിയ 'മത്ര സ്ക്വയർ പദ്ധതി' മസ്കത്ത് മുനിസിപ്പാലിറ്റി നടപ്പാക്കാൻ തീരുമാനിച്ചിട്ടുണ്ട്. ആര്കിടെക്ച്ചര് രംഗത്തെ വിദഗ്ധരും തൊഴിലന്വേഷകരുമായ യുവാക്കളെ ലക്ഷ്യമിട്ടാണ് പുരസ്കാരം ഏര്‍പ്പെടുത്തിയത്. ആധുനിക വാസ്തുവിദ്യയും നഗരരൂപകല്പനകളും സമകാലികതയും സമന്വയിപ്പിച്ച് അവതരിപ്പിക്കുന്നതിനുള്ള അവസരം കൂടിയാണ് ബില്‍ അറബ് ബിന്‍ ഹൈതം പുരസ്കാരം.

