‘തറവാട്’ മറന്നില്ല; കടലാമ തിരിച്ചെത്തി
text_fieldsകടലാമ തിരിച്ചെത്തിയപ്പോൾ
മസ്കത്ത്: സൂറിലെ റാസ് അൽ ഹദ്ദിലെ സൈഹ് അൽ മറായ് ബീച്ചിലെ കൂടുകെട്ടുന്ന സ്ഥലത്തേക്ക് 15 വർഷങ്ങൾക്കുശേഷം പച്ച കടലാമ തിരച്ചെത്തിയതായി പരിസ്ഥിതി അതോറിറ്റി അറിയിച്ചു (ഇ.എ). ആമകളെ നിരീക്ഷിക്കുന്നതിനായി 15 വർഷങ്ങൾക്ക് മുമ്പ് ടാഗ് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആമയെ തിരിച്ചറിഞ്ഞത്.
ഇന്ത്യൻ മഹാസമുദ്രത്തിലെ കടലാമകളുടെ ദേശാടനത്തെക്കുറിച്ചുള്ള പുതിയ ഉൾക്കാഴ്ചകൾ നൽകുന്നതാണിത്. റാസ് അൽ ജിൻസ് നേച്ചർ റിസർവിൽ നടന്നുകൊണ്ടിരിക്കുന്ന നിരീക്ഷണത്തിന്റെ ഭാഗമായി 2010 സെപ്റ്റംബർ ഏഴിനാണ് ആമക്ക് നമ്പർ നൽകിയത്. കടലാമകൾ ജനിച്ച അതേ കടൽത്തീരങ്ങളിൽ തന്നെ കൂടുകൂട്ടാറുണ്ടെന്ന ധാരണയെ സ്ഥിരീകരിക്കുന്നതാണ് ആമയുടെ തിരിച്ചുവരവവ്. ഇത് ദീർഘകാല ടാഗിങ്, ട്രാക്കിങ് പ്രോഗ്രാമുകളുടെ പ്രാധാന്യം അടിവരയിടുന്നുണ്ടെന്ന് ഇ.എ പറഞ്ഞു.
ചെലോണിയ മൈഡാസ് എന്നറിയപ്പെടുന്ന പച്ച ആമ ഒമാനിലെ ഏറ്റവും കൂടുതൽ പഠിക്കുന്ന സമുദ്ര ഇനങ്ങളിൽ ഒന്നാണ്. ആഗോളതലത്തിൽ വംശനാശഭീഷണി നേരിടുന്നവയായി പട്ടികപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ വ്യത്യസ്തമായ ഒലിവ്-പച്ച പുറംതോടും നീണ്ട ദേശാടന സ്വഭാവവും ഗവേഷകരുടെയും വിനോദസഞ്ചാരികളുടെയും ശ്രദ്ധ ആകർഷിച്ചു. ഈ ആമകൾ തീറ്റ സ്ഥലങ്ങൾക്കും കൂടുകൂട്ടുന്ന സ്ഥലങ്ങൾക്കും ഇടയിൽ വളരെ ദൂരം സഞ്ചരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. പലപ്പോഴും പതിറ്റാണ്ടുകൾക്ക് ശേഷം അവയുടെ യഥാർത്ഥ കടൽത്തീരത്തേക്ക് മടങ്ങുകയും ചെയ്യും. ഇന്ത്യൻ മഹാസമുദ്രത്തിലെ പച്ച ആമകളുടെ ഏറ്റവും വലിയ കൂടുകെട്ടൽ കേന്ദ്രങ്ങളിലൊന്നാണ് റാസ് അൽ ഹദ്ദ്, റാസ് അൽ ജിൻസ് ബീച്ചുകൾ. കിഴക്കൻ ആഫ്രിക്കൻ തീരപ്രദേശത്തുനിന്നും ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽനിന്നുമുള്ള ഏകദേശം 20,000 ആമകൾ പ്രതിവർഷം ഈ തീരങ്ങൾ സന്ദർശിക്കാറുണ്ട്. മുൻ വർഷങ്ങളിൽ, ദീർഘനാളത്തെ ഇടവേളക്ക് ശേഷം ആമകൾ തിരിച്ചെത്തിയതിന്റെ സമാനമായ കേസുകൾ റാസ് അൽ ജിൻസ് രേഖപ്പെടുത്തിയിട്ടുണ്ട്.
പതിറ്റാണ്ടുകളുടെ ദൈർഘ്യം ഉണ്ടായിരുന്നിട്ടും പച്ച ആമകൾക്ക് അവയുടെ ജന്മസ്ഥലത്ത് സ്ഥാനം പിടിക്കാനും അതിലേക്ക് തിരികെ പോകാനുമുള്ള കഴിവിനെ ഇത്തരം കേസുകൾ എടുത്തുകാണിക്കുന്നു. ആമകളുടെ കുടിയേറ്റത്തെക്കുറിച്ചുള്ള ധാരണ വർധിപ്പിക്കുന്നതിനും സമുദ്ര സംരക്ഷണ നയങ്ങളെ പിന്തുണക്കുന്നതിനുമായി ടാഗിങ്, നിരീക്ഷണം, ഡാറ്റ ശേഖരണം എന്നിവയിൽ ഗവേഷണ സ്ഥാപനങ്ങളുമായി സഹകരിച്ച് ഇ.എ. പ്രവർത്തത്തിക്കുന്നു. ആഗോള സമുദ്ര ജൈവവൈവിധ്യ സംരക്ഷണത്തിന് സംഭാവന നൽകുന്ന ഒരു സുപ്രധാന ആർക്കൈവ് നിർമ്മിക്കുകയാണ് ഈ സുസ്ഥിര ശ്രമം.പച്ച കടലാമകൾക്ക് പുറമേ, ലോഗർഹെഡ്, ഒലിവ് റിഡ്ലി, ലെതർബാക്ക് (എന്നിവയുൾപ്പെടെ നിരവധി കടലാമ ഇനങ്ങളുടെയും ആവാസ കേന്ദ്രമാണ് റാസ് അൽ ഹദ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

