മസ്കത്ത്: പഴയതും ഉപയോഗശൂന്യമായതുമായ സാധനങ്ങളുടെ കയറ്റുമതിയിൽ ഒമാൻ നിയന്ത്രണമേർപ്പെടുത്തുന്നു. ചിലയിനങ്ങളിൽപെടുന്ന സാധനങ്ങൾ കയറ്റിയയക്കുന്നതിന് ഒമാൻ എൻവയൺമെൻറൽ സർവിസസ് ഹോൾഡിങ് കമ്പനിയുടെ (ബിയ) നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കുകയാണ് ചെയ്തിട്ടുള്ളത്. സെപ്റ്റംബർ രണ്ടുമുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരുമെന്ന് ‘ബിയ’ വക്താവ് അറിയിച്ചു.
ഉപയോഗിച്ച ലെഡ് ആസിഡ് ബാറ്ററികൾ, ലെഡ് മോൾഡുകൾ, ഉപയോഗിച്ച ടയറുകൾ, എല്ലാതരത്തിലുമുള്ള ഉപയോഗിച്ച ഒായിലുകൾ, ഉപയോഗിച്ച പാചക എണ്ണ, ഇലക്ട്രോണിക് ആൻഡ് ഇലക്ട്രിക്കൽ മാലിന്യങ്ങൾ, പഴയ കാനുകൾ, അലൂമിനിയം-ലോഹ അവശിഷ്ടങ്ങൾ, എല്ലാതരത്തിലുമുള്ള പ്ലാസ്റ്റിക്, പേപ്പർ മാലിന്യങ്ങൾ, കാർഡ് ബോർഡുകൾ എന്നിവയുടെ കയറ്റുമതിക്കാണ് നിയന്ത്രണം. പരിസ്ഥിതി-കാലാവസ്ഥാ മന്ത്രാലയം, വ്യവസായ വാണിജ്യ മന്ത്രാലയം എന്നിവയുമായി ചേർന്നാണ് നിയന്ത്രണം പ്രാബല്യത്തിൽ വരുത്തുന്നത്. ഇത്തരം സാധനങ്ങൾ കയറ്റുമതി ചെയ്യുന്നവർ കസ്റ്റംസ് സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള ആർ.ഒ.പിയുടെ ഒാൺലൈൻ സംവിധാനമായ ‘ബയാൻ’ മുഖേനയാണ് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റിന് അപേക്ഷ സമർപ്പിക്കേണ്ടതെന്നും ‘ബിയ’ വക്താവ് പറഞ്ഞു.
നിശ്ചിത വിഭാഗങ്ങളിൽപെട്ട സാധനങ്ങളുടെ കയറ്റുമതി ക്രമീകരിക്കുന്നതിനും മതിയായ വിവരങ്ങൾ ശേഖരിക്കുന്നതിനുമായാണ് നിയന്ത്രണം ഏർപ്പെടുത്തുന്നതെന്ന് ‘ബിയ’ സ്ട്രാറ്റജിക് ഡെവലപ്മെൻറ് വിഭാഗം എക്സിക്യൂട്ടിവ് വൈസ് പ്രസിഡൻറ് ശൈഖ് മുഹമ്മദ് സുലൈമാൻ അൽ ഹാർത്തി പറഞ്ഞു. മാലിന്യത്തിെൻറ ഉദ്ഭവം, അളവ്, കയറ്റിയയക്കുന്ന സ്ഥലം, വിപണി സാധ്യതകൾ തുടങ്ങിയ വിവരങ്ങൾ മനസ്സിലാക്കാൻ ഇതുവഴി സാധിക്കും. പഴയ സാധനങ്ങളുടെ വിപണിയിലെ ചലനങ്ങൾ മനസ്സിലാക്കാൻ സാധിക്കുന്നതിലൂടെ ഭാവിയിൽ ഉചിതമായ തീരുമാനങ്ങൾ കൈക്കൊള്ളാൻ സഹായകരമാകുമെന്നും ശൈഖ് മുഹമ്മദ് സുലൈമാൻ അൽ ഹാർത്തി പറഞ്ഞു. ഇവ കയറ്റിയയക്കുന്നതിന് പകരം രാജ്യത്ത് തന്നെ പുനഃചംക്രമണം നടത്തുന്നതിനുള്ള അവസരങ്ങളും പുതിയ തീരുമാനം വഴി ഉണ്ടാകും. പ്രാദേശിക നിക്ഷേപകർക്കും ചെറുകിട-ഇടത്തരം വ്യവസായ സ്ഥാപനങ്ങൾക്കും ഇത് പുതിയ അവസരം തുറന്നുനൽകുമെന്നും സുലൈമാൻ അൽ ഹാർത്തി കൂട്ടിച്ചേർത്തു.
അതേസമയം, സ്ക്രാപ് ബിസിനസ് മേഖലയിൽ പ്രവർത്തിക്കുന്നവർ പുതിയ തീരുമാനത്തെ ആശങ്കയോടെയാണ് നോക്കിക്കാണുന്നത്. ഇൗ രംഗത്ത് പ്രവർത്തിക്കുന്നവരിൽ നല്ലൊരു പങ്കും മലയാളികളാണ്. നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നതോടെ ചരക്കുനീക്കത്തിെൻറ വേഗം കുറയുമോയെന്ന ആശങ്കയുണ്ടെന്ന് ഇൗ രംഗത്ത് പ്രവർത്തിക്കുന്ന എറണാകുളം സ്വദേശി ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. ഒമാനിൽനിന്നുള്ള സ്ക്രാപ് ഉൽപന്നങ്ങളിൽ പ്രധാന ഇനങ്ങളെല്ലാം പട്ടികയിലുണ്ട്. നിലവിൽ ദുബൈയിലേക്കാണ് ഇവ കൂടുതലായി കയറ്റിയയക്കുന്നത്. ദുബൈയിൽ മൂല്യവർധിത നികുതി നിലവിൽവന്നതോടെ വരുമാനത്തിൽ കുറവുണ്ടായിട്ടുണ്ടെന്നും ഇദ്ദേഹം പറയുന്നു.