വിദ്യാർഥികളിൽ ശാസ്ത്ര അവബോധം പകർന്ന് ‘സയൻസ് ഫിയസ്റ്റ’ക്ക് സമാപനം
text_fieldsഐ.എസ്.എഫ് എ.പി.ജെ.അബ്ദുൽ കലാം പുരസ്കാരം ഐ.എസ്.ആർ.ഒ മുൻ ഡയറക്ടർ
ഡോ. മയിൽസ്വാമി അണ്ണാദുരൈക്ക് ഡോ. ജെ. രത്നകുമാർ സമ്മാനിക്കുന്നു
മസ്കത്ത്: ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാന് കീഴിലുള്ള ഇന്ത്യൻ സയൻസ് ഫോറം സംഘടിപ്പിച്ച ‘സയൻസ് ഫിയസ്റ്റ’ വിദ്യാർഥികളിൽ ശാസ്ത്ര അവബോധം വളർത്താൻ ഉതകുന്നതായി. രണ്ടു ദിവസങ്ങളിലായി നാഷനൽ യൂനിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയുടെ അൽ ഹെയിൽ കാമ്പസിൽ നടന്ന പരിപാടി സുൽത്താനേറ്റിലെ ഇന്ത്യൻ അംബാസഡർ അമിത് നാരങ് ഉദ്ഘാടനം ചെയ്തു. ഐ.എസ്.ആർ.ഒ മുൻ ഡയറക്ടർ ഡോ. മയിൽ സ്വാമി അണ്ണാദുരൈ മുഖ്യാതിഥിയായി.
‘സയൻസ് ഫിയസ്റ്റ’യിൽ ഇന്ത്യൻ സ്കൂൾ അൽ ഗൂബ്ര ജേതാക്കളായി. ‘ഇന്ത്യയുടെ ബഹിരാകാശ യാത്ര: ചന്ദ്രൻ, ചൊവ്വ, അതിനുമപ്പുറം’ എന്നതായിരുന്നു ഈ വർഷത്തെ പ്രമേയം. ജൂനിയേഴ്സിനും സീനിയേഴ്സിനുമുള്ള ചർച്ച, ഓൺ ദി സ്പോട്ട് പ്രോജക്ടുകൾ, ഫോട്ടോഗ്രാഫി മത്സരം, ഡിജിറ്റൽ സിമ്പോസിയം, ശാസ്ത്ര പ്രദർശനം തുടങ്ങി, വിവിധ മത്സരങ്ങളിൽ ആദ്യദിനം വിദ്യാർഥികൾ പങ്കെടുത്തു. വിദ്യാർഥികളുടെ പ്രകടനങ്ങൾ പ്രതീക്ഷിച്ചതിലും അപ്പുറമായിരുന്നുവെന്ന് ഇന്ത്യൻ സോഷ്യൽ ക്ലബ് ഇന്ത്യൻ സയൻസ് ഫോറം കോഓഡിനേറ്റർ ഡോ. ജെ. രത്നകുമാർ പറഞ്ഞു. വരും ദിവസങ്ങളിൽ വിദ്യാർഥികളുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള കൂടുതൽ മത്സരങ്ങൾ ഞങ്ങൾ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.
ഐ.എസ്.ആർ.ഒ മുൻ ഡയറക്ടർ ഡോ. മയിൽസ്വാമി അണ്ണാദുരൈക്ക് ഐ.എസ്.എഫ് എ.പി.ജെ. അബ്ദുൽ കലാം പുരസ്കാരം ഡോ. ജെ. രത്നകുമാർ സമ്മാനിച്ചു. ഐ.എസ്.എഫ് എക്സിക്യൂട്ടിവ് അംഗം പ്രഫസർ ഡോ. സുധീർ സിവി പ്രശസ്തി പത്രം വായിച്ചു. പുരസ്കാരം തന്നെ അത്ഭുതപ്പെടുത്തിയെന്ന് ഡോ. മയിൽസ്വാമി അണ്ണാദുരൈ പറഞ്ഞു. നിങ്ങൾ നന്നായി പ്രവർത്തിക്കുമ്പോൾ സമൂഹം ആ നേട്ടത്തെ അഭിനന്ദിക്കും. ഭാവിയിൽ, അത് നേടുന്ന വിദ്യാർഥികൾക്കായി താൻ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർഥികളുമായി അദ്ദേഹം സംവദിക്കുകയും ചെയ്തു.
ഏതൊരു രാജ്യത്തിന്റെയും പുരോഗതിക്കും വികസനത്തിനും ശാസ്ത്ര സാങ്കേതിക വിദ്യ സുപ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് നാഷനൽ യൂനിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയുടെ വൈസ് ചാൻസലർ ഡോ. അലി അൽ ബിമാനി പറഞ്ഞു. ഇത്തരത്തിലുള്ള പരിപാടി സംഘടിപ്പിച്ചതിന് ഇന്ത്യൻ സയൻസ് ഫോറത്തെ ഇന്ത്യൻ സോഷ്യൽ ക്ലബ് ജനറൽ സെക്രട്ടറി ബാബു രാജേന്ദ്രൻ അഭിനന്ദിച്ചു. എഡ്യൂടെക്കിന്റെ സ്ഥാപകയും സി.ഇ.ഒ.യുമായ സുധ വിശ്വനാഥനെ ചടങ്ങിൽ ആദരിച്ചു. ശാസ്ത്രപ്രതിഭാ പുരസ്കാര ജേതാക്കളെ കോഓഡിനേറ്റർ ലത ശ്രീജിത്ത് പ്രഖ്യാപിച്ചു. ഇന്ത്യൻ സയൻസ് ഫോറം അഡ്മിനിസ്ട്രേഷൻ കോഓഡിനേറ്റർ സുരേഷ് അക്കാമഠത്തിൽ നന്ദി പറഞ്ഞു.