മസ്കത്ത്: സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ സുപ്രീം കമ്മിറ്റി കൃത്യസമയത്ത് അനുയോജ്യമായ തീരുമാനമെടുക്കുമെന്ന് ആരോഗ്യ മന്ത്രി ഡോ. അഹ്മദ് അൽ സഇൗദി. സൂർ ആശുപത്രിയിൽ െഎസൊലേഷൻ വാർഡ് ഉദ്ഘാടനം ചെയ്തശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. െഎസൊലേഷൻ വാർഡ് ഒമാൻ എൽ.എൻ.ജി കമ്പനിയുടെ ധനസഹായത്താലാണ് നിർമിച്ചത്.ഉദ്ഘാടന ചടങ്ങിൽ തെക്കൻ ശർഖിയ ഗവർണർ ഡോ. യഹ്യ ബിൻ ബദർ അൽ മഅ്വാലിയും സംബന്ധിച്ചു.
പദ്ധതിക്ക് മൊത്തം 7.61 ലക്ഷം റിയാലാണ് ചെലവ് വന്നതെന്ന് ഗവർണറേറ്റിലെ മെഡിക്കൽ സർവിസസ് ഡയറക്ടർ ജനറൽ ഡോ. ഖാലിദ് ബിൻ സൈദ് അൽ സാദി പറഞ്ഞു.838 സ്ക്വയർ മീറ്റർ സ്ഥലത്തായി നിർമിച്ച െഎസൊലേഷൻ വാർഡിൽ 12 മുറികളാണ് ഉള്ളത്.നൂതനമായ വെൻറിലേറ്റർ സൗകര്യമടക്കമുള്ളവ ഇവിടെയുണ്ട്. അതിനാൽ രോഗികളെ മറ്റെവിടേക്കും ചികിത്സക്കായി കൊണ്ടുപോകേണ്ട സാഹചര്യമുണ്ടാകുന്നില്ല.