മസ്കത്ത്: മഴ മുന്നറിയിപ്പുണ്ടായിട്ടും ഇന്ത്യൻ സ്കൂളുകൾക്ക് മുൻകൂർ അവധി പ്രഖ് യാപിക്കാതിരുന്നത് വിദ്യാർഥികളെ പ്രയാസത്തിലാക്കി. ക്ലാസുകൾ തുടങ്ങിയ ശേഷമാണ് സ്കൂളിന് അവധി നൽകിയത്. വാരാന്ത്യ അവധിയും സുൽത്താെൻറ വിയോഗത്തെ തുടർന്ന് പ്രഖ്യാപിച്ച പൊതുഅവധിയുമടക്കം അഞ്ചു ദിവസങ്ങൾക്ക് ശേഷം ബുധനാഴ്ചയാണ് ക്ലാസുകൾ പുനരാരംഭിച്ചത്. ഗതാഗത തടസ്സം ഉണ്ടാകാനുള്ള സാധ്യത മുൻനിർത്തി പല സ്കൂൾ വാഹനങ്ങളും പതിവിലും നേരത്തേ കുട്ടികളെ എടുക്കാനെത്തിയിരുന്നു. രാവിലെ ഒമ്പതോടെയാണ് സ്കൂളിന് അവധി പ്രഖ്യാപിച്ചതായി രക്ഷിതാക്കൾക്ക് സന്ദേശമയച്ചത്. അപ്പോഴേക്കും പല രക്ഷാകർത്താക്കളും അവരവരുടെ ജോലിസ്ഥലങ്ങളിലെത്തിയിരുന്നു.
അവധി സന്ദേശം ലഭിച്ചതോടെ കുട്ടികളെ കൊണ്ടുപോകാനെത്തിയ ദാർസൈത്ത് ഇന്ത്യൻ സ്കൂളിലെ പ്രൈമറി വിഭാഗം വിദ്യാർഥികളുടെ രക്ഷിതാക്കൾ ആശങ്കയിൽ കഴിഞ്ഞത് മണിക്കൂറുകളോളമാണ്. ശക്തമായ മഴയിൽ സ്കൂളിന് മുന്നിലെ വാദി നിറഞ്ഞൊഴുകിയതിനാൽ മറുഭാഗത്തേക്ക് കടക്കാൻ കഴിയാതിരുന്നതാണ് പ്രശ്നമായത്. കടക്കാൻ ശ്രമിച്ചവരെ പൊലീസ് തടയുകയും ചെയ്തു. മൂന്നുമണിക്കൂറോളമാണ് കുട്ടികൾ സ്കൂളിൽ കുടുങ്ങിയത്. ഒടുവിൽ വലിയ ബസ് കൊണ്ടുവന്ന ശേഷമാണ് കുട്ടികളെ വാദി മുറിച്ച് ഇക്കരെയെത്തിച്ചത്. ഇത്രയും സമയം രക്ഷിതാക്കൾ മറുകരയിൽ കാത്തുനിൽക്കേണ്ടിവന്നു. മഴ മുന്നറിയിപ്പുണ്ടായിട്ടും ക്ലാസുകൾ വേണ്ടെന്നുവെക്കാൻ സ്കൂൾ അധികൃതർ തയാറാകാതിരുന്നതാണ് എല്ലാറ്റിനും കാരണമെന്ന് രക്ഷിതാക്കൾ പറഞ്ഞു. കനത്ത മഴയിൽ വാദി നിറയുമ്പോൾ കുട്ടികൾക്ക് ബുദ്ധിമുട്ടുണ്ടാകുന്നത് ഇവിടെ ആദ്യമല്ല.