സുൽത്താൻ ഹൈതം സിറ്റിയിലെ സ്കൂൾ നിർമാണം പുരോഗമിക്കുന്നു
text_fieldsസ്കൂളിന്റെ രൂപരേഖ
മസ്കത്ത്: വിദ്യാഭ്യാസരംഗത്തെ സുപ്രധാന ചുവടുവെപ്പായി സുൽത്താൻ ഹൈതം സിറ്റിയിലെ ഡിസ്ട്രിക്ട് 9ലെ ആദ്യ സ്കൂളിന്റെ നിർമാണം പുരോഗമിക്കുന്നു. പുതിയ സ്കൂളിൽ 90 ക്ലാസ് മുറികൾ, എട്ട് സയൻസ് ലബോറട്ടറികൾ, ആറ് ആർട്ട് ആൻഡ് ടെക്നോളജി മുറികൾ, അത്യാധുനിക സ്പോർട്സ് സൗകര്യങ്ങൾ എന്നിവ ഉണ്ടായിരിക്കും. അക്കാദമിക്, അത്ലറ്റിക്, കലാപരമായ പ്രവർത്തനങ്ങൾ സമന്വയിപ്പിച്ച് വിദ്യാർഥികൾക്ക് നവീകരണത്തിനും സർഗാത്മകതക്കും വിപുലമായ അവസരങ്ങൾ നൽകും.
സുൽത്താൻ ഹൈതം സിറ്റിയുടെ സംയോജിത വിദ്യാഭ്യാസ സംവിധാനത്തിന്റെ ഭാഗമാണ് ഈ പദ്ധതി. ആദ്യഘട്ടത്തിൽ, മൂന്ന് ആധുനിക സമുച്ചയങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ട്. ഓരോന്നിലും 2300 ൽ അധികം വിദ്യാർഥികളെ ഉൾക്കൊള്ളുന്ന മൂന്ന് സ്കൂളുകളുണ്ടാകും. റെസിഡൻഷ്യൽ ഏരിയകളിൽ നിന്ന് 10 മിനിറ്റിനുള്ളിൽ എത്താവുന്ന ഈ സൗകര്യങ്ങിൽ ഹരിത ഇടങ്ങൾ, നീന്തൽക്കുളങ്ങൾ, കളിസ്ഥലങ്ങൾ, സൃഷ്ടിപരമായ മേഖലകൾ എന്നിവയും ഒരുക്കും.
സ്കൂളുകൾ സമൂഹത്തിന്റെ വിപുലീകരണങ്ങളായാണ് രൂപകൽപന ചെയ്തിരിക്കുന്നതെന്ന് ഭവന, നഗരാസൂത്രണ മന്ത്രാലയത്തിലെ ഭാവിനഗരങ്ങൾക്കായുള്ള എക്സിക്യൂട്ടിവ് ഓഫിസിലെ നഗര ആസൂത്രക ഫാതെൻ ബിൻത് ഹമൂദ് അൽ ഹാർത്തി പറഞ്ഞു. കഫറ്റീരിയകൾ, മൾട്ടി പർപ്പസ് മുറികൾ, റൂഫ്ടോപ്പ് ഗാർഡനുകൾ തുടങ്ങിയ ഇടങ്ങൾ അവയെ സുസ്ഥിരവും സാമൂഹികമായി ഉൾക്കൊള്ളുന്നതുമാക്കും. പരിസ്ഥിതി ഉത്തരവാദിത്തം പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം വിദ്യാഭ്യാസപരവും വിനോദപരവുമായ പ്രവർത്തനങ്ങളും വാഗ്ദാനം ചെയ്യുന്നു.
വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും ഭവന, നഗരാസൂത്രണ മന്ത്രാലയത്തിന്റെയും സഹകരണ ശ്രമമാണ് ഈ സ്കൂളുകൾ. ആദ്യത്തെ സ്വകാര്യ സ്കൂൾ ഇതിനകം നിർമാണത്തിലാണ്. കൂടാതെ രണ്ട് അധിക മോഡലുകൾ തയാറാക്കിക്കൊണ്ടിരിക്കുന്നു. പൂർത്തിയാകുമ്പോൾ, ഈ മാതൃക മറ്റ് ഗവർണറേറ്റുകളിലേക്കും വ്യാപിപ്പിക്കും. സ്കൂളുകളെ നഗരവികസനത്തിന്റെ പ്രധാന നങ്കൂരങ്ങളായി സ്ഥാപിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

