സലാല ഹാഫ മാർക്കറ്റിൽ അപ്രതീക്ഷിത സന്ദർശനവുമായി പ്രഥമ വനിത
text_fieldsഒമാന്റെ പ്രഥമ വനിതയും സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ പത്നിയുമായ അസ്സയ്യിദ അഹദ് അബ്ദുല്ല ഹമദ് അൽ ബുസൈദി സലാലയിലെ ഹാഫ
മാർക്കറ്റിൽ അപ്രതീക്ഷിത സന്ദർശനം നടത്തിയപ്പോൾ
സലാല: സലാലയിലെ ഹാഫ മാർക്കറ്റിൽ ഉപജീവന മാർഗം കെട്ടിപ്പടുത്ത സ്ത്രീജനങ്ങളെ കാണാനായി ഒമാൻ പ്രഥമ വനിതയും സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ പ്രിയ പത്നിയുമായ അസ്സയ്യിദ അഹദ് അബ്ദുല്ല ഹമദ് അൽ ബുസൈദി അപ്രതീക്ഷിത സന്ദർശനം നടത്തി.സാധാരണക്കാരെ പോലെ ലളിതവും മാന്യവുമായ വസ്ത്രമണിഞ്ഞ് നിശ്ശബ്ദമായാണ് കുന്തിരിക്കത്തിന്റെ സുഗന്ധമുള്ള സൂഖിലേക്ക് കടന്നുചെന്നത്.
സൂഖിലെ സ്ത്രീ തൊഴിലാളികളോട് അവരിൽ ഒരാളെന്ന പോലെ അടുത്തിടപഴകാൻ തനിക്ക് അകമ്പടിയൊന്നും വേണ്ടായെന്നതിന്റെ നേർകാഴ്ചയാണ് ഹാഫയിൽ കണ്ടത്. പതിറ്റാണ്ടുകളായി മാർക്കറ്റിൽ ജീവിതം ചെലവഴിച്ച സ്ത്രീകൾ ഓരോരുത്തരായി വന്ന് കുശലാന്വേഷണങ്ങൾ നടത്തി. ചിലർ കൈപിടിച്ചു, മറ്റു ചിലർ കണ്ണുനീർ പൊഴിച്ചു. ചിലർക്ക് നന്ദിയോടെ പ്രാർഥനകൾ മാത്രം. മാർക്കറ്റിലെ സ്ത്രീകളെ അവർ ശ്രദ്ധാപൂർവം കേട്ടു. ചേർത്തുപിടിച്ചു.
അവരുടെ ആലിംഗനവും സാമീപ്യവും സമീപനവും ഏതൊരു പ്രസംഗത്തേക്കാളും ശക്തമായിരുന്നു. ഹാഫയിൽ പിന്നീട് കണ്ടത് മാനവ ഹൃദയങ്ങളുടെ ഒത്തുചേരലാണ്. പ്രോട്ടോകാളിന്റെ തടസ്സങ്ങളില്ലാതെ സ്ഥാനപ്പേരുകളുടെ അകലമില്ലാതെ ഹാഫയിൽ പങ്കിട്ടത് മനുഷ്യത്വം മാത്രം. അമ്മയായും, സഹോദരിയായും മകളായും സ്ത്രീ ജനങ്ങൾക്കുമുന്നിലെത്തിയ പ്രഥമ വനിത ലാളിത്യവും കരുതലിന്റെ സമീപനവും കൊണ്ടാണ് ഓരോ ഹൃദയങ്ങളും കീഴടക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

