ജബൽ സംഹാനിൽനിന്ന് വീണ് സൗദി കവി മരിച്ചു
text_fieldsസഊദ് മഅ്ദി അൽഖഹ്താനി
സലാല/റിയാദ്: ദോഫാർ ഗവർണറേറ്റിലെ മിർബാത്ത് വിലായത്തിൽ സ്ഥിതി ചെയ്യുന്ന ജബൽ സംഹാനിൽ മലകയറ്റത്തിനിടെ വീണ് സൗദി കവി സഊദ് മഅ്ദി അൽഖഹ്താനി മരിച്ചു. കഴിഞ്ഞ ദിവസമാണ് സംഭവം. മലകയറ്റം എന്ന തന്റെ ഹോബി പരിശീലിക്കുന്നതിനിടെ സംഹാൻ പർവതത്തിന്റെ ചരിവുകളിൽനിന്ന് വഴുതി വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. വിവരം അറിഞ്ഞെത്തിയ ദോഫാർ ഗവർണറേറ്റിലെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് ഡിപ്പാർട്ട്‌മെന്റിലെ അംഗങ്ങളും ആംബുലൻസ് സംഘങ്ങളും പ്രാദേശിക പൗരന്മാരുടെ പിന്തുണയോടെ രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
അപകട സ്ഥലത്ത് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അംഗങ്ങൾ രക്ഷാ പ്രവർത്തനം നടത്തുന്നു
സംഭവത്തെക്കുറിച്ച് അന്വേഷിച്ചതായി മസ്‌കത്തിലെ സൗദി എംബസി വ്യക്തമാക്കി. മൃതദേഹം സൗദിയിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനായി ഒമാനിലെ അധികാരികളുമായി ഏകോപിപ്പിച്ച് പ്രവർത്തിക്കുന്നതായും അൽഖഹ്താനിയുടെ കുടുംബത്തോട് അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും സൗദി എംബസി അറിയിച്ചു.
അതേസമയം, ശരത്കാലത്ത് പർവ്വതപ്രദേശങ്ങളിലും ഉയർന്ന സ്ഥലങ്ങളിലും പര്യവേക്ഷണം നടത്തുമ്പോൾ പൗരന്മാരും താമസക്കാരും ജാഗ്രത പാലിക്കണമെന്ന് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അഭ്യർഥിച്ചു. ഈ സമയത്തെ കാലാവസ്ഥ കാരണം പാതകൾ വഴുക്കലുള്ളതാണെന്നും അപകട സാധ്യത വർധിപ്പിക്കുമെന്നും അതോറിറ്റി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

