ക്രൂയിസ് അറേബ്യ സഖ്യത്തിൽ സൗദിയും ഖത്തറും; സ്വാഗതം ചെയ്ത് ഒമാൻ
text_fieldsമുസന്ദം ഗവർണറേറ്റിലെ ഖസബ് പോർട്ടിൽ എത്തിയ ക്രൂയിസ് ഷിപ്പിനെ ഒമാന്റെ പാരമ്പര്യകലാരൂപം അവതരിപ്പിച്ച് വരവേൽക്കുന്ന യുവാക്കൾ (ഇടത്), ഖസബ് പോർട്ടിൽ വിനോദ
സഞ്ചാരികൾക്കായി ഒരുക്കിയ കരകൗശല ഉൽപന്നങ്ങളുടെ സ്റ്റാൾ
മസ്കത്ത്: ക്രൂയിസ് അറേബ്യ അലയൻസിന്റെ പ്രാദേശിക വിപുലീകരണ കരാറിനെ സ്വാഗതം ചെയ്ത് ഒമാൻ. അറേബ്യൻ മേഖലയിലെ ക്രൂസ് ടൂറിസം മേഖല വികസിപ്പിക്കുന്നതിലും ഗൾഫ് മേഖലയെ ആഗോളതലത്തിൽ മുൻനിര ക്രൂയിസ് ലക്ഷ്യസ്ഥാനമാക്കുന്നതിലും ഈ നീക്കം പ്രധാനമാണെന്ന് ഒമാൻ പൈതൃക-ടൂറിസം മന്ത്രാലയം അറിയിച്ചു. ക്രൂയിസ് സൗദി, ഖത്തർ ടൂറിസം എന്നിവ ക്രൂയിസ് അറേബ്യ അലയൻസിൽ ചേർന്നതോടെ മേഖലയിലെ ടൂറിസത്തിന്റെ വികസന സാധ്യതകൂടിയാണ് തെളിയുന്നത്.
ഗൾഫ് മേഖലയിലെ സമുദ്രശേഷിയും സാധ്യതകളും പ്രയോജനപ്പെടുത്തി സ്ഥിരതയുള്ള ആഗോള ക്രൂയിസ് ഹബ്ബ് രൂപപ്പെടുത്തുക എന്നതാണ് കരാറിന്റെ ലക്ഷ്യം. ഇതിലൂടെ വിവിധ തുറമുഖങ്ങളും വിനോദസഞ്ചാരകേന്ദ്രങ്ങളും തമ്മിൽ ബന്ധം ശക്തിപ്പെടും. ക്രൂയിസ് അറേബ്യ സഖ്യം വഴി അംഗരാജ്യങ്ങൾ തമ്മിൽ സഹകരണം ശക്തിപ്പെടുത്തി ടൂറിസം സൗകര്യങ്ങൾ വികസിപ്പിക്കുക, തുറമുഖങ്ങളിൽ നിക്ഷേപം വർധിപ്പിക്കുക, സംയുക്ത മാർക്കറ്റിങ് പദ്ധതികൾ നടപ്പാക്കുക, പ്രവർത്തന മികവിനും വളർച്ചക്കും ഉചിതമായ മാനദണ്ഡങ്ങൾ ഏർെപ്പടുത്തുക എന്നിവയാണ് ലക്ഷ്യമിടുന്നത്.
‘ക്രൂയിസ് അറേബ്യയുമായുള്ള സഹകരണവും സഖ്യത്തിന്റെ വ്യാപനവും ഒമാനിലെ ക്രൂയിസ് ടൂറിസം മേഖലക്ക് പുതിയ കരുത്ത് നൽകുമെന്ന് പൈതൃക-ടൂറിസം മന്ത്രാലയം ടൂറിസം അണ്ടർ സെക്രട്ടറി അസ്സാൻ ഖാസിം അൽ ബുസൈദി പറഞ്ഞു. ആഗോള നിലവാരവും പ്രായോഗിക മാതൃകകളും പിന്തുടർന്ന് ക്രൂയിസ് ടൂറിസം മേഖല വികസിപ്പിക്കുകയാണെന്നും വിവിധ പദ്ധതികളും പ്രചാരണപരിപാടികളും നടപ്പാക്കുന്നതിനൊപ്പം ഒമാന്റെ വിനോദസഞ്ചാര ആകർഷണങ്ങൾ പ്രദർശിപ്പിക്കുന്നതിനായി പ്രാദേശിക, അന്തർദേശീയ തലങ്ങളിൽ സംയുക്ത പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘ഭൂമിശാസ്ത്രപരമായി തന്ത്രപ്രധാനമായ സാഹചര്യവും സമുദ്ര പാരമ്പര്യവുമാണ് ഒമാനെ പ്രധാന കടൽ വിനോദസഞ്ചാര ലക്ഷ്യസ്ഥാനമാക്കുന്നതെന്ന് പൈതൃക-ടൂറിസം മന്ത്രാലയത്തിലെ ടൂറിസം പാറ്റേൺ വിഭാഗം ഡയറക്ടർ ഖാലിദ് അൽ അസ്രി പറഞ്ഞു: എല്ലാത്തരം കപ്പലുകൾക്കും അനുയോജ്യമായ സ്ഥിരതയുള്ള സമുദ്ര ടൂറിസം മേഖല വികസിപ്പിക്കാനാണ് ഒമാന്റെ ശ്രമം. ക്രൂയിസ് അറേബ്യയുടെ വിപുലീകരിച്ച സഖ്യം ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) രാജ്യങ്ങളുടെ സമുദ്ര ടൂറിസം മേഖലയുടെ വളർച്ചക്ക് വഴിവെക്കുമെന്നും പ്രതീക്ഷിക്കുന്നു. സഖ്യത്തിലെ പങ്കാളിത്തരാജ്യങ്ങൾ സംയോജിത സേവനങ്ങളിലൂടെ ഗൾഫ് മേഖലയെ ആഗോള വിനോദസഞ്ചാരവേദിയിൽ കൂടുതൽ പ്രതിനിധീകരിക്കാനും സമുദ്ര ടൂറിസത്തിന്റെ ഭാവിക്കുള്ള പദ്ധതികൾ മുന്നോട്ടുവെക്കാനും കരാറിലൂടെ ലക്ഷ്യമിടുന്നു.
ഇത്തവണ ഒമാനിൽ ക്രൂയിസ് സീസൺ ആരംഭിച്ചുകഴിഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച മത്രയിലെ സുൽത്താൻ ഖാബൂസ് പോർട്ടിൽ സീസണിലെ ആദ്യ ക്രൂയിസ് ഷിപ്പ് എത്തിയിരുന്നു. ജർമൻ കമ്പനിയായ ടിയുഐ ഓപറേറ്റ് ചെയ്യുന്ന മെയിൻ ഷിഫ്-നാല് എന്ന ക്രൂയിസ് കപ്പലാണ് മത്രയിലെ സുല്ത്താന് ഖാബൂസ് പോര്ട്ടില് എത്തിയത്. 2386 ടൂറിസ്റ്റുകളാണ് കപ്പലിലുണ്ടായിരുന്നത്. ചൊവ്വാഴ്ച മുസന്ദം ഗവർണറേറ്റിലെ ഖസബ് പോർട്ടിലും വിനോദ സഞ്ചാരികളുമായി ക്രൂയിസ് ഷിപ്പ് അണഞ്ഞു. വിവിധ രാജ്യങ്ങളിൽനിന്നുള്ള 2472 വിനോദസഞ്ചാരികളും 952 ക്രൂ അംഗങ്ങളുമാണ് കപ്പലിലുണ്ടായിരുന്നത്. ഒമാന്റെ നാടോടി കലകളടെ അവതരണത്തേടെയാണ് സഞ്ചാരികളെ ഖസബ് പോർട്ടിൽ വരവേറ്റത്. കരകൗശല ഉൽപന്നങ്ങളുടെ വിൽപനയും സജ്ജീകരിച്ചിരുന്നു.
മുസന്ദമിലെ ചരിത്രപ്രസിദ്ധമായ സ്ഥാങ്ങൾ സന്ദർശിച്ച് ബോട്ട് യാത്രയും ആസ്വദിച്ചാണ് സഞ്ചാരികൾ മടങ്ങിയത്. സീസണിൽ 45 ക്രൂയിസ് ഷിപ്പുകൾ ഖസബ് തീരത്തെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആകെ അര ലക്ഷത്തിലേറെ സഞ്ചാരികളെയും സീസണിൽ പ്രതീക്ഷിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

