സംതൃപ്തം പ്രവാസം; 43 വർഷത്തിനുശേഷം സൈനുദ്ദീൻ ഇന്ന് മടങ്ങുന്നു
text_fieldsസൈനുദ്ദീൻ
മസ്കത്ത്: 43 വർഷത്തെ സംതൃപ്തമായ പ്രവാസജീവിതത്തിന് ഒടുവിൽ തിരൂർ പറവണ്ണ സ്വദേശിയായ സൈനുദ്ദീൻ ഇന്ന് ജന്മനാട്ടിലേക്ക് മടങ്ങും. രാവിലെ 11നുള്ള എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് മടക്കം.1978ലാണ് സൈനുദ്ദീൻ ഒമാനിലെത്തുന്നത്. മുംബൈ വഴി കപ്പലിലായിരുന്നു യാത്ര. ജനുവരി ഏഴിനാണ് തിരൂരിൽനിന്ന് പുറപ്പെടുന്നത്. നാലുദിവസത്തെ യാത്രക്കൊടുവിൽ മുംബൈ വി.ടി സ്റ്റേഷനിലെത്തി. അവിടെ മൂന്ന് ദിവസം തങ്ങിയ ശേഷമായിരുന്നു കപ്പൽ യാത്ര തുടങ്ങിയത്. നാലുദിവസത്തെ യാത്രക്കുശേഷം ദുബൈ തുറമുഖത്താണ് കപ്പൽ ആദ്യമടുത്തത്. ദുബൈയിൽനിന്ന് മൂന്നു ദിവസത്തിനുശേഷമാണ് മത്രയിൽ എത്തിയത്.
നോൺകോറി എന്നു പേരുള്ള കപ്പലിൽ മത്രവരെയുള്ള യാത്ര ഇന്നലെയെന്നപോലെ ഇദ്ദേഹത്തിെൻറ മനസ്സിൽ ഇപ്പോഴുമുണ്ട്. 1978 ജനുവരി 18നാണ് മത്രയിൽ കപ്പലിറങ്ങിയത്. ആറുമാസം ജോലിയില്ലാതെ അലഞ്ഞുതിരിഞ്ഞു. വന്നത് അബദ്ധമായോ, മടങ്ങിപ്പോയാലോ എന്നുതോന്നിയ സമയമായിരുന്നു അതെന്ന് സൈനുദ്ദീൻ പറഞ്ഞു. പക്ഷേ, ഇന്നത്തെപോലെ പോകാൻ കഴിയില്ലല്ലോ. ഇനിയുള്ള ജീവിതം വരുന്നതുപോലെ കാണാം എന്ന് കരുതിയാണ് ജീവിച്ചത്.
പിന്നീട്, അറേബ്യ ഇൻഷുറൻസിൽ ചെറിയ ജോലിലഭിച്ചു. പിന്നീട് കമ്പനിയുടെ അക്കൗണ്ട്സ് വരെ കൈകാര്യം ചെയ്യാൻ കഴിയുംവിധം ഉയർച്ച ലഭിച്ചു.സ്വദേശിവത്കരണം മൂലം 19 വർഷത്തിനുശേഷം ഇവിടത്തെ ജോലി നഷ്ടമായി. ഒമാനിൽ അറിയപ്പെടുന്ന ഫഹ്മി ഫർണിച്ചർ കമ്പനിയിലാണ് 1996 മുതൽ അവസാനം വരെ ജോലി ചെയ്തത്. പുതുവർഷം നാട്ടിൽ ആകട്ടെ എന്ന് തീരുമാനിച്ചുറപ്പിച്ചാണ് മടങ്ങുന്നത്. സുഖവും സന്തോഷവും നിറഞ്ഞ പ്രവാസത്തിൽ ഒമാെൻറ വളർച്ച അടുത്തുനിന്ന് വീക്ഷിക്കാൻ കഴിഞ്ഞത് അനുഗ്രഹമായെന്ന് ഇദ്ദേഹം പറയുന്നു. ഒരുപാട് പേരുടെ ഉയർച്ചയും താഴ്ചയും കണ്ടു. ഭാര്യയും ഷാർജയിൽ സിവിൽ എൻജിനീയർ ജോലിചെയ്യുന്ന മകനും പാരാമെഡിക്കൽ പഠനം കഴിഞ്ഞുനിൽക്കുന്ന മകളും അടങ്ങിയതാണ് സൈനുദ്ദീെൻറ കുടുംബം. ശേഷിക്കുന്ന കാലം നാട്ടിൽ കുടുംബത്തോടൊപ്പം ജീവിക്കാനാണ് ആഗ്രഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

