അനധികൃത സാറ്റലൈറ്റ് ടെലിവിഷൻ: മുന്നറിയിപ്പുമായി വ്യവസായ വാണിജ്യ മന്ത്രാലയം
text_fieldsമസ്കത്ത്: അനധികൃത സാറ്റലൈറ്റ് ടെലിവിഷൻ സേവനങ്ങൾ ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകി വ്യവസായ വാണിജ്യ മന്ത്രാലയം. ഇത്തരം സേവനങ്ങൾ വാങ്ങുന്നതും വിൽക്കുന്നതും വിതരണം ചെയ്യുന്നതും പ്രവർത്തനക്ഷമമാക്കുന്നതും കാണുന്നതും അറ്റകുറ്റപ്പണി നടത്തുന്നതും നിയമവിരുദ്ധമാണ്. രാജ്യത്ത് നിലവിലുള്ള നിയമങ്ങളുടെ ലംഘനമായി കരുതി ഇവർക്കെതിരെ നടപടിയെടുക്കുമെന്ന് മന്ത്രാലയത്തിലെ ബൗദ്ധിക സ്വത്തവകാശ ഡിപ്പാർട്ട്മെൻറിലെ മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു. രാജ്യത്ത് അനുവദിക്കാത്ത എല്ലാതരം പ്രവർത്തനങ്ങളും കുറ്റകൃത്യമായിട്ടാകും കണക്കാക്കുക.
അംഗീകൃത ടി.വി ചാനൽ സേവന ദാതാവ് പരാതിപ്പെട്ടാൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കും. ഏജൻസിയുടെ അവകാശ സംരക്ഷണം ലക്ഷ്യമിട്ടുള്ള ഇൻഡസ്ട്രിയൽ പ്രോപ്പർട്ടി റൈറ്റ്സ്, ജി.സി.സി ട്രേഡ് മാർക്സ് നിയമം എന്നിവ കർശനമായ ശിക്ഷാ നടപടികളാണ് നിയമലംഘകർക്കായി വ്യവസ്ഥ ചെയ്യുന്നത്. ഏതാണ്ടെല്ലാ പ്രവാസികളും ഇന്ത്യയിൽനിന്ന് കൊണ്ടുവരുന്ന സാറ്റലൈറ്റ് ടെലിവിഷൻ റിസീവറുകളാണ് ഉപയോഗിക്കുന്നത്. ഇവയെല്ലാം തന്നെ നിയമവിരുദ്ധ വിഭാഗങ്ങളിൽപെടുന്നവയാണ്. പണമീടാക്കി ഇത്തരം സേവനങ്ങൾ നൽകുന്ന ഏജൻറുമാരും കുറ്റക്കാരാണ്.
കോപ്പിറൈറ്റ് ആൻറ് നെയ്ബറിങ് അവകാശന സംരക്ഷണ നിയമപ്രകാരമാണ് ഇത്തരം ഏജൻറുമാർക്കെതിരെ നടപടിയെടുക്കാൻ വ്യവസ്ഥയുള്ളത്. ഒമാനിൽ രജിസ്റ്റർ ചെയ്ത ബ്രാൻറുകളുടെ സാമ്പത്തികവും ധാർമികവുമായ അവകാശങ്ങൾ സംരക്ഷിക്കുക ലക്ഷ്യമിട്ട് റോയൽ ഡിക്രി 65/2008 പ്രകാരമാണ് ഇൗ നിയമം നിലവിൽ വന്നത്. സാറ്റലൈറ്റ് സിഗ്നലുകളും ലൈസൻസിങ് നടപടിക്രമങ്ങളും ടെലികോം റഗുലേറ്ററി അതോറിറ്റിയുടെ വിശേഷാധികാരത്തിൽ പെട്ടതാണ്. അവയുടെ വാണിജ്യമാനങ്ങൾ മാത്രമാണ് വ്യവസായ-വാണിജ്യ മന്ത്രാലയത്തിെൻറ ചുമതലയിൽ വരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
