മസ്കത്ത്: ഒമാൻ രണ്ട് ഇടത്തരം ഉപഗ്രഹങ്ങൾ വിക്ഷേപിക്കുമെന്ന് ഗതാഗത വാർത്താവിനിമയ മന്ത്രി ഡോ.അഹ്മദ് ബിൻ മുഹമ്മദ് അൽ ഫുതൈസി. രാജ്യത്തിെൻറ ആവശ്യങ്ങൾ പൂർത്തീകരിക്കാൻ സാധിക്കുന്ന തരത്തിലുള്ള ഉപഗ്രഹം വിക്ഷേപിക്കുന്നത് നാളുകളായി ആലോചനയിലുണ്ട്. തങ്ങളുടെ ആവശ്യങ്ങൾക്ക് വിദേശ രാജ്യങ്ങളിൽനിന്നുള്ള വാടക ഉപഗ്രഹങ്ങളെ ആശ്രയിക്കുന്ന നിരവധി സ്ഥാപനങ്ങൾ ഒമാനിലുണ്ട്.
ഉപഗ്രഹ വിക്ഷേപണം സംബന്ധിച്ച നടപടികൾ നടന്നുവരുകയാണ്. പദ്ധതി യാഥാർഥ്യമാക്കുന്നതിനായുള്ള സ്പെഷലൈസ്ഡ് കമ്പനി രൂപവത്കരിക്കുകയാണ് അടുത്ത നടപടി. മൊബൈൽ ഒാപറേറ്ററെ നിയമിക്കുന്നതിനായുള്ള നടപടികൾ നടന്നുവരുകയാണെന്നും മന്ത്രി പറഞ്ഞു.
ആഗോള ഒാപറേറ്ററെ തെരഞ്ഞെടുക്കാനായിരുന്നു ആദ്യ തീരുമാനം. നിക്ഷേപക ഫണ്ടുകൾ ഉപയോഗിച്ച് സ്വദേശി കമ്പനി രൂപവത്കരിക്കാനാണ് പുതിയ തീരുമാനം. ഇതിനായി വിദഗ്ധരുടെ സേവനങ്ങൾ പ്രയോജനപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. ബഹിരാകാശ ഗവേഷണ രംഗത്തെ ഇന്ത്യ -ഒമാൻ സഹകരണം സംബന്ധിച്ച് നരേന്ദ്ര മോദിയുടെ സന്ദർശന വേളയിൽ ഒപ്പുവെച്ച ധാരണപ്പത്രത്തിന് കേന്ദ്രമന്ത്രിസഭ കഴിഞ്ഞദിവസം അംഗീകാരം നൽകിയിരുന്നു.