ശുചീകരണ കാമ്പയിൻ: ദുകമിൽനിന്ന് നീക്കിയത് ടണ്ണിലധികം മത്സ്യബന്ധന മാലിന്യം
text_fieldsശുചീകരണത്തിന്റെ ഭാഗമായി മത്സ്യബന്ധന മാലിന്യം നീക്കം ചെയ്യുന്നു
മസ്കത്ത്: ദുകമിലെ പ്രത്യേക സാമ്പത്തിക മേഖലയിലെ (സെസാദ്) പരിസ്ഥിതി ബോധവത്കരണ ടീമിന്റെ നേതൃത്വത്തിൽ നടത്തിയ ശുചീകരണ കാമ്പയിനിൽ കടലിൽനിന്ന് നീക്കിയത് ഒരു ടണ്ണിലധികം മത്സ്യബന്ധന മാലിന്യം.
ദുകം വിലായത്തിലെ നുഫൂൺ വില്ലേജിനടുത്ത ഹമർ റോക്കിന് സമീപമുള്ള കടൽത്തീരത്തുനിന്നാണ് മാലിന്യങ്ങൾ നീക്കിയത്.
12 മുങ്ങൽ വിദഗ്ധരും നിരവധി സന്നദ്ധപ്രവർത്തകരും ശുചീകരണ കാമ്പയിനിൽ പങ്കാളികളായി. 'ദുകമിലെ സുസ്ഥിര പരിസ്ഥിതിക്കായി ഒരുമിച്ച്' എന്ന പേരിലായിരുന്നു ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയിരുന്നത്.
പരിസ്ഥിതി അതോറിറ്റി, റോയൽ നേവി ഓഫ് ഒമാൻ, കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയം, റോയൽ ഒമാൻ പൊലീസ്, പോർട്ട് ഓഫ് ദുകം, ആസ്യാദ് ഡ്രൈ ഡോക്ക് തുടങ്ങി പൊതു-സ്വകാര്യമേഖല സ്ഥാപനങ്ങളുടെ പങ്കാളിത്തതോടെയായിരുന്നു പരിപാടികൾ നടത്തിയിരുന്നത്.
കടലിലും കരയിലും മാലിന്യം ഉണ്ടാക്കുന്ന ദൂഷ്യഫലങ്ങളെക്കുറിച്ച് സമൂഹത്തിൽ അവബോധം വളർത്താൻ ലക്ഷ്യമിട്ടായിരുന്നു കാമ്പയിൻ.
ഡൈവിങ് ടീം കടലിൽനിന്ന് ഒരു ടണ്ണിലധികം മാലിന്യങ്ങൾ നീക്കം ചെയ്തെന്ന് 'സെസാഡിലെ' എൻവയൺമെന്റൽ റെഗുലേറ്ററി ഡിപ്പാർട്ട്മെന്റിലെ എൻവയൺമെന്റൽ ഇൻസ്പെക്ടറും പരിസ്ഥിതി അവബോധ ടീം മേധാവിയുമായ മർവ ബിൻത് ഹംദൂൻ അൽ ഹാഷ്മി പറഞ്ഞു.
ജലജീവികളുടെ വളർച്ചക്കും ആരോഗ്യകരമായ സമുദ്രാന്തരീക്ഷം സംരക്ഷിക്കുന്നതിനും ഇത്തരം ശുചീകരണ പ്രവർത്തനങ്ങൾ സഹായിക്കുമെന്ന് കാമ്പയിനിൽ പങ്കാളിയായ ഹസൻ അൽ അജ്മി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

