‘സംഗമം 2025’ മസ്കത്തിൽ അരങ്ങേറി
text_fieldsകൈരളി ഒമാന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘സംഗമം 2025’നോടനുബനധിച്ച് നടന്ന സാംസ്കാരിക സന്ധ്യ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ് ഉദ്ഘാടനം ചെയ്യുന്നു
മസ്കത്ത്: ഒമാനിലെ കലാ സാംസ്ക്കാരിക ഭൂമികയിൽ തിളങ്ങുന്ന ഏടായി ‘സംഗമം 2025’ അരങ്ങേറി. കൈരളി ഒമാൻ നേതൃത്വത്തിൽ മസ്ക്കത്തിലെ അൽ ഫലാജ് ഹാളിൽ പരിപാടി ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ നിന്നുള്ള കൈരളി അംഗങ്ങളുടെ കുടുംബ സംഗമമായി മാറി. മേളയോടനുബന്ധിച്ച് നടന്ന സാംസ്ക്കാരിക സന്ധ്യ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും ദേശാഭിമാനി റസിഡന്റ് എഡിറ്ററുമായ എം. സ്വരാജ് ഉദ്ഘാടനം ചെയ്തു.
ഒമാനിലെ പ്രവാസികളെന്നാൽ കേരളത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട കലാപ്രവർത്തകർ മാത്രമാണോ എന്ന സംശയം ജനിപ്പിക്കുന്ന വിധത്തിൽ, അവതരിപ്പിച്ച പരിപാടികൾ എല്ലാം തന്നെ ഉള്ളടക്കം, ആശയപരമായ ഗാംഭീര്യം, അവതരണ മികവ് തുടങ്ങി എല്ലാ കാര്യത്തിലും ഉന്നതനിലവാരം പുലർത്തിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
അതാകാമുൽ അൽ ദഹാബിയാ ഓയിൽ ആൻഡ് ഗ്യാസ് കമ്പനി സി.ഇ.ഒ ഡോ. സാലിം അബ്ദുള്ള അൽ ഷാൻഫാരി, കൈരളി പ്രതിനിധികളായ വിൽസൻ ജോർജ്, കെ. സുനിൽ കുമാർ, സി.കെ. മൊയ്തു, സുധി പദ്ഭനാഭൻ, അനു ചന്ദ്രൻ, പ്രവാസി ക്ഷേമനിധി ബോർഡ് അംഗം ജോർജ്ജ് ജോസഫ്, സംരംഭകൻ സന്തോഷ് ഗീവർ തുടങ്ങിയവർ ഉദ്ഘാടനച്ചടങ്ങിൽ സംബന്ധിച്ചു.
കൈരളി കുടുംബാംഗമെന്ന നിലയിൽ മൂന്നു ദശകങ്ങൾ പിന്നിട്ട മുതിർന്ന അംഗങ്ങൾ, വ്യക്തിഗത നേട്ടങ്ങൾ കൈവരിച്ച അംഗങ്ങൾ, നവകേരള പ്രശ്നോത്തരിയിൽ മികച്ച പ്രകടനം നടത്തിയ ബാലസംഘം കുട്ടികൾ തുടങ്ങിയവർക്ക് പരിപാടിയിൽ മെമന്റോകൾ സമ്മാനിച്ചു
മസ്കത്ത് ബാലസംഘം, സംഗമവേദിയുടെ പ്രവേശകവാടത്തിൽ ഒരുക്കിയ ‘നോ ടു ഡ്രഗ്സ്’ ലഹരിവിരുദ്ധ കാമ്പയിൻ എം. സ്വരാജ് കയ്യൊപ്പു ചാർത്തി ഉദ്ഘാടനം ചെയ്തു.
ദോഫാർ ഒഴികെ ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ നിന്നെത്തിയ അഞ്ഞൂറിലധികം കലാകാരന്മാർ വ്യത്യസ്ത പരിപാടികൾ അവതരിപ്പിച്ചു. പ്രിത്വിരാജ് നായകനായ കടുവയിലെ ‘പാലാപ്പള്ളി’ ഹിറ്റ് ഗാനത്തിലൂടെ പ്രശസ്തനായ അതുൽ നറുകരയുടെ നേതൃത്വത്തിലുള്ള ബാൻഡ് സംഘത്തിന്റെ സംഗീത പരിപാടിയോടെയാണ് സംഗമത്തിന് തിരശീല വീണത്.
നൃത്തനൃത്യങ്ങൾ, നാടൻ പാട്ടുകൾ, ഹ്രസ്വ നാടകങ്ങൾ, നുറുങ്ങു പ്രശ്നോത്തരികൾ തുടങ്ങി വൈവിധ്യമാർന്ന പരിപാടികളാണ് സംഗമത്തിൽ അണിയിച്ചൊരുക്കിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

