പി.സി. ജോർജിനെതിരെ നടപടിയില്ലാത്തത് ബി.ജെ.പിയും സി.പി.എമ്മും സയാമീസ് ഇരട്ടകളായതിനാൽ -സന്ദീപ് വാര്യർ
text_fieldsമസ്കത്തിൽ നടന്ന വാർത്തസമ്മേളനത്തിൽ സന്ദീപ് വാര്യർ സംസാരിക്കുന്നു
മസ്കത്ത്: വർഗീയവിഷം ചീറ്റിയ പി.സി. ജോർജിനെതിരെ സർക്കാർ നടപടികൾ വൈകുന്നത് ബി.ജെ.പിയും സി.പി.എമ്മും കേരളത്തിൽ സയാമീസ് ഇരട്ടകളെപോലെ ആയതുകൊണ്ടാണെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. റൂവി മസ്കത്ത് കെ.എം.സി.സി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാനെത്തിയ അദ്ദേഹം മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു.
സ്ത്രീത്വത്തെ അപമാനിച്ച വ്യക്തിക്കെതിരെ എടുത്ത നടപടിയുടെ വേഗം എന്തുകൊണ്ടാണ് പി.സി. ജോർജിന്റെ കാര്യത്തിൽ ഉണ്ടാകാത്തത്. തുടർച്ചയായി ഒരേ തെറ്റ് ചെയ്തുകൊണ്ടിരിക്കുന്നയാളെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്. കീടനാശിനി ഉൽപാദിപ്പിച്ചിരുന്ന ബി.ജെ.പി പി.സി. ജോർജിന്റെ വരവോടെ സയനൈഡ് ഫാക്ടറിയായെന്നും സന്ദീപ് വാര്യർ പറഞ്ഞു.
ഉത്തരേന്ത്യയിൽ അമിത് ഷാ പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യങ്ങൾ ഇവിടെ എ. വിജയരാഘവൻ തർജമ ചെയ്തുകൊണ്ടിരിക്കുകയാണ്. ബി.ജെ.പിയുടെ വിഭജന രാഷ്ട്രീയംതന്നെ സി.പി.എമ്മും ആവർത്തിച്ചുകൊണ്ടിരിക്കുന്നു. സി.പി.എമ്മും ബി.ജെ.പിയും രഹസ്യബന്ധമല്ല പരസ്യമായ ധാരണയാണുള്ളത്. അതുകൊണ്ടാണ് കേരളത്തിൽ സി.ജെ.പിയാണ് ഭരിക്കുന്നതെന്ന് പാലക്കാട് തെരഞ്ഞെടുപ്പ് സമയത്ത് ഞങ്ങൾ പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
ഞാൻ ഇപ്പോഴും ആർ.എസ്.എസിന്റെ ആശയങ്ങൾ ഒഴിവാക്കിയിട്ടില്ലെന്ന് സി.പി.എമ്മാണ് ആരോപിച്ച് കൊണ്ടിരിക്കുന്നത്. ഭൂതകാലത്തിലെ എല്ലാ കാര്യങ്ങളും വിട്ടൊഴിവാക്കിയാണ് കോൺഗ്രസിൽ പ്രവർത്തിക്കാൻ തുടങ്ങിയത്. വിദ്വേഷ രാഷ്ട്രീയത്തിന് ബദലായി രാഹുൽ ഗാന്ധി നയിച്ചുകൊണ്ടിരിക്കുന്ന കോൺഗ്രസിന് കരുത്തുപകരൽ കാലഘട്ടത്തിന്റെ ആവശ്യമാണ്. കോൺഗ്രസിന്റെകൂടെ പ്രവർത്തിക്കാൻ എടുത്ത തീരുമാനത്തിന് പൊതുസമൂഹത്തിൽനിന്ന് കിട്ടിയ പിന്തുണ പ്രതീക്ഷിക്കാവുന്നതിനും അപ്പുറത്തായിരുന്നു. സി.പി.എം പ്രവർത്തകരിൽനിന്നുപോലും ഇക്കാര്യത്തിൽ ഐക്യദാർഢ്യം കിട്ടിയിട്ടുണ്ട്.
വിദ്വേഷ രാഷ്ട്രീയം കൈവെടിഞ്ഞാൽ സ്വീകരിക്കാൻ കേരളീയ സമൂഹത്തിൽ ഒരുപാട് ആളുണ്ടാകും എന്നതിന്റെ തെളിവാണിത്. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുക എന്നുള്ളതല്ല മുന്നിലുള്ളതെന്നും അതിന് മുന്നേ നടക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിലേക്ക് പാർട്ടിയെയും അണികളെയും സജ്ജരാക്കുകയാണ് മുഖ്യ അജണ്ടയെന്നും സന്ദീപ് വാര്യർ പറഞ്ഞു. വാർത്തസമ്മേളനത്തിൽ റൂവി കെ.എം.സി.സി പ്രസിഡന്റ് റഫീഖ് ശ്രീകണ്ഠപുരം, അമീർ കാവന്നൂർ, ഷാനവാസ് മൂവാറ്റുപുഴ, അഷ്റഫ് കിണവക്കൽ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

