ശമ്പളകുടിശ്ശിക നൽകിയില്ല; ആറ് മലയാളികൾക്ക് 1.80 ലക്ഷം റിയാൽ നഷ്ടപരിഹാരം
text_fieldsമസ്കത്ത്: തൊഴിലുടമ ശമ്പള കുടിശ്ശിക നൽകാത്ത സംഭവത്തിൽ സ്ഥാപനം ആറു മലയാളികൾക്ക് 180000 റിയാൽ (ഏകദേശം 3.8 കോടി രൂപ) നഷ്ടപരിഹാരം നൽകണമെന്ന് കോടതി വിധി. മസ്കത്തിലെ ഒരുസ്ഥാപനത്തിനെതിരെ സീബ് ഫസ്റ്റ് ഇൻസ്റ്റൻസ് കോർട്ടാണ് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടത്.
ശമ്പള കുടിശ്ശിക നൽകാത്തതിനെ തുടർന്ന് സ്ഥാപനത്തിലെ ജീവനക്കാർ തൊഴിൽ മന്ത്രാലയത്തെ സമീപിച്ചിരുന്നു. ഒത്തുതീർപ്പിനുള്ള ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. തുടർന്ന് അഭിഭാഷകരായ അഡ്വ എം.കെ. പ്രസാദ്, അഡ്വ രസ്നി എന്നിവർ മുഖേന കോടതിയെ സമീപിക്കുകയായിരുന്നു. കേസിൽ വാദം കേട്ട കോടതി കഴിഞ്ഞ ദിവസമാണ് വിധി പുറപ്പെടുവിച്ചത്. പുതിയ ലേബർ നിയമത്തിന്റെ (53/2023)
അടിസ്ഥാത്തിലാണ് കോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നതെന്നും ഈ സ്ഥാപനത്തിനെതിരെ നിരവധി പരാതികളും കേസുകളും ഇപ്പോൾ നിലനിൽക്കുന്നുണ്ടെന്നും അഡ്വ എം.കെ പ്രസാദ് ഗൾഫ് മാധ്യമത്തോട് പറഞ്ഞു. പുതിയ തൊഴിൽ നിയമമനുസരിച്ച് തുടർച്ചയായി രണ്ടു മാസം ശമ്പളം കൊടുത്തില്ലെങ്കിൽ അൺഫെയർ ടെർമിനേഷനായി കണക്കാക്കാം.
ഇങ്ങനെ ഇരകളാകുന്ന തൊഴിലാളിക്ക് 12 മാസംവരെയുള്ള മൊത്ത ശമ്പളം നഷ്ടപരിഹാരമായും ഇതിന് പുറമെ ഗ്രാറ്റുവിറ്റി, ലീവ് സാലറി എന്നിവയും നൽകണം. നാട്ടിലേക്കുള്ള വിമാന ടിക്കറ്റും കൊടുക്കണം. ഇതടക്കം പരിഗണിച്ചാണ് കോടതി വിധിയുണ്ടായിരിക്കുന്നതെന്ന് അഡ്വ. എം.കെ പ്രസാദ് പറഞ്ഞു. എ.ച്ച് ആർ മാനുവലിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ വിരുദ്ധമായി പുറത്താക്കുകയാണെങ്കിൽ അത് അൺഫെയർ ടെർമിനേഷനായി കണക്കാക്കുമെന്നും അദ്ദേഹം പറഞ്ഞു.
2023 ജൂലൈയിലാണ് സുൽത്താനേറ്റിൽ പുതിയ തൊഴിൽ നിയമം പ്രാബല്യത്തിൽ വന്നത്. തൊഴിലുടമകളും ജീവനക്കാരും തമ്മിലുള്ള അവകാശങ്ങളും ഉത്തരവാദിത്തങ്ങളും സന്തുലിതമാക്കാനും നല്ലൊരു തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കാനും ലക്ഷ്യമിട്ടാണ് പുതിയ നിയമം പ്രഖ്യാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

