സലാം എയര്‍ ജനുവരി 30ന് പറന്നുയരും
text_fieldsമസ്കത്ത്: ഒമാന്‍െറ ബജറ്റ് എയര്‍ലൈന്‍ കമ്പനിയായ സലാം എയറിന്‍െറ ടിക്കറ്റ് ബുക്കിങ് വ്യാഴാഴ്ച മുതല്‍ ആരംഭിച്ചു. വെബ്സൈറ്റായ salamair.comല്‍ നല്‍കിയ വിവരമനുസരിച്ച് ജനുവരി 30ന് സലാലയിലേക്കാണ് സലാം എയറിന്‍െറ ആദ്യ സര്‍വിസ്. വൈകുന്നേരം 4.45ന് മസ്കത്തില്‍ നിന്ന് പുറപ്പെടുന്ന വിമാനം വൈകീട്ട് 6.30നാണ് സലാലയില്‍ എത്തുക. വെബ്സൈറ്റ് പ്രകാരം മൂന്നു നിരക്കുകളാണ് സലാലയിലേക്കുള്ളത്. 13, 17, ഫ്ളെക്സി വിഭാഗത്തില്‍ 25 റിയാല്‍ എന്നിങ്ങനെയാണ് നിരക്കുകള്‍. നേരത്തേ അറിയിച്ചത് പ്രകാരം ദുബൈയിലേക്കാണ് ആദ്യ അന്താരാഷ്ട്ര സര്‍വിസ്. ഫെബ്രുവരി 15 മുതല്‍ ദുബൈയിലേക്കുള്ള ടിക്കറ്റുകള്‍ ബുക് ചെയ്യാം. 16.6 റിയാല്‍ മുതലാണ് ദുബൈയിലേക്കുള്ള ടിക്കറ്റ് നിരക്കുകള്‍ തുടങ്ങുന്നത്. മൂന്നു എയര്‍ബസ് എ 320 വിമാനങ്ങളാണ് സലാം എയറിന് വേണ്ടി ആദ്യം സര്‍വിസ് നടത്തുക. സലാലക്കും ദുബൈക്കും പുറമെ കിഴക്കന്‍ ആഫ്രിക്കയിലേക്കും ഇന്ത്യയിലേക്കും സര്‍വിസ് ആരംഭിക്കുന്നതിനുള്ള സാധ്യതകള്‍ തേടുമെന്ന് സലാം എയര്‍ അധികൃതര്‍ നേരത്തേ അറിയിച്ചിരുന്നു.