സലാം എയർ ലഖ്നോ സർവിസ് ഡിസംബർ 17 മുതൽ
text_fieldsമസ്കത്ത്: ഒമാന്റെ ബജറ്റ് എയർ വിമാനമായ സലാം എയർ ഉത്തർപ്രദേശിലെ ലഖ്നോവിലേക്ക് മസ്കത്തിൽനിന്ന് ആഴ്ചയിൽ അഞ്ച് സർവിസുകൾ നടത്തും. ഡിസംബർ 17 മുതൽ ഞായർ, തിങ്കൾ, ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിലായിരിക്കും വിമാനങ്ങളെന്ന് സലാം എയർ അധികൃതർ വ്യക്തമാക്കി. ഒക്ടോബർ ഒന്ന് മുതൽ ഇന്ത്യൻ സെക്ടറിൽനിന്ന് സലാം എയർ പൂർണമായി പിൻവാങ്ങിയിരുന്നു.
ഇന്ത്യയിലേക്ക് വിമാനങ്ങൾ അനുവദിക്കുന്നതിലുള്ള പരിമിതി മൂലമാണ് സർവിസുകൾ നിർത്തുന്നതെന്നാണ് അധികൃതർ അറിയിച്ചിരുന്നത്. ഇത് പുനരാരംഭിക്കുന്നതിന്റെ ഭാഗാമായാണ് ലഖ്നോവിലേക്കും സർവിസുകൾ തുടങ്ങുന്നത്. തിരുവനന്തപുരം, കോഴിക്കോട്, ഹൈദരാബാദ്, ജയ്പുർ, ലഖ്നോ എന്നീ അഞ്ച് ഇന്ത്യൻ നഗരങ്ങളിലേക്കാണ് മസ്കത്തിൽനിന്ന് നേരിട്ട് സർവിസ് നടത്താൻ അധികൃതർ ഒരുങ്ങുന്നത്. കോഴിക്കോട്ടേക്കുള്ള സർവിസുകൾ ഡിസംബർ 16ന് ആരംഭിക്കും. ടിക്കറ്റ് ബുക്കിങ് തുടങ്ങിയിട്ടുണ്ട്. തിരുവനന്തപുരത്തേക്കുള്ള ഷെഡ്യൂൾ പ്രഖ്യാപിച്ചിട്ടില്ല.

