സലാല-തുംറൈത്ത് ട്രക്ക് റോഡ് ; ചുവടുവെപ്പുമായി ധനമന്ത്രാലയം
text_fieldsമസ്കത്ത്: ട്രക്കുകളുടെ ഗതാഗതത്തിന് സലാലയിൽനിന്ന് തുംറൈത്തിലേക്കുള്ള റോഡ് നിർമാണത്തിനായി പ്രഥമ ചുവടുവെപ്പുമായി ധനമന്ത്രാലയം. റോഡിന്റെ രൂപകല്പന, നിർമാണം, സാമ്പത്തികം, നടത്തിപ്പ്, അറ്റകുറ്റപ്പണികൾ എന്നിവക്കായി ധനമന്ത്രാലയം യോഗ്യത അഭ്യർഥന (ആർ.എഫ്.ക്യു) ക്ഷണിച്ചു. ഗതാഗത, വാർത്തവിനിമയ, വിവരസാങ്കേതിക മന്ത്രാലയവുമായി ഏകോപിപ്പിച്ചാണ് ധനമന്ത്രാലയം അഭ്യർഥന പുറപ്പെടുവിച്ചിരിക്കുന്നത്.
അടിസ്ഥാന സൗകര്യ, പൊതുസേവന പദ്ധതികളിൽ നിക്ഷേപം നടത്താൻ സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ചട്ടക്കൂടിന്റെ ഭാഗമാണ് റോഡെന്ന് മന്ത്രാലയം വ്യക്തമാക്കി. പദ്ധതിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന പ്രാദേശിക, അന്തർദേശീയ കമ്പനികൾക്ക് ppp.roads.sttr@mof.gov.om ഇ-മെയിൽ ഐഡിയിലേക്ക് അപേക്ഷ അയക്കാമെന്ന് ധനമന്ത്രാലയം ക്ഷണിച്ചു. അപേക്ഷയിൽ കമ്പനിയുടെ പേര്, യോഗ്യതയുള്ള ജീവനക്കാരന്റെ പേര്, ഫോൺ നമ്പർ, ഇ-മെയിൽ വിലാസം എന്നിവ അടങ്ങിയിരിക്കണം. പൊതു സ്വകാര്യ പങ്കാളിത്ത (പി.പി.പി) കരാറിൽ 67 കിലോമീറ്ററിലായിരിക്കും റോഡിന്റെ നിർമാണം.
വലിയ വാഹനങ്ങൾക്ക് മാത്രമായി ഒമാനിൽ നിർമിക്കുന്ന ആദ്യത്തെ പാതയായിരിക്കും സലാല-തുംറൈത്ത് ട്രക്ക് റോഡ് (എസ്.ടി.ടി.ആർ). ടോൾ സംവിധാനം നടപ്പാക്കുന്ന സുൽത്താനേറ്റിന്റെ ആദ്യ റോഡായിരിക്കുമെന്ന പ്രത്യേകതയും ഇതിനുണ്ടാകും. നിലവിലുള്ള സലാല-തുംറൈത്ത് റോഡിനൊപ്പമായിരിക്കും എക്സ്പ്രസ് വേ. ഇത് ഉപയോഗിക്കുന്നതിന് ട്രക്കുകൾ സർവിസ് ഫീസ് അടക്കാൻ ബാധ്യസ്ഥരായിരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
പൊതുജനങ്ങൾക്കും ഈ റോഡ് ഉപയോഗിക്കാം. പ ദ്ധതിക്കായി ടെൻഡർ സമർപ്പിക്കാനുള്ള തീയതി കഴിഞ്ഞ ഡിസംബർ 19 ആയിരുന്നു. സാധാരണ യാത്രക്കാർ ഉപയോഗിക്കുന്ന നിലവിലുള്ള റോഡുകളിൽ ടോൾ റോഡ് സംവിധാനം നടപ്പാക്കില്ലെന്ന് കഴിഞ്ഞ വർഷം മാർച്ചിൽ ഗതാഗത, വാർത്തവിനിമയ സാങ്കേതിക മന്ത്രി സഇൗദ് ബിൻ ഹമൂദ് അൽ മവാലി വ്യക്തമാക്കിയിരുന്നു. ട്രക്കുകൾക്കുള്ള ബദൽ റോഡുകൾ പൗരന്മാർക്ക് ഒരു സാമ്പത്തിക ബാധ്യതയും ഉണ്ടാക്കില്ല. ട്രക്കുകളിൽ മാത്രമായിരിക്കും ഇവ ബാധകമെന്നും മന്ത്രി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

