എയർ ഇന്ത്യ എക്സ്പ്രസിന്റെ ജൂൺ ഷെഡ്യൂളിലും സലാല പുറത്ത്!
text_fieldsമസ്കത്ത്: മസ്കത്തിൽനിന്ന് കേരളത്തിലേക്കുള്ള മുഴുവൻ സർവിസുകളും പുനരാരംഭിച്ചിട്ടും സലാലയെ പടിക്കുപുറത്താക്കി എയർ ഇന്ത്യ എക്സ്പ്രസ്. പുതുതായി പുറത്തിറക്കിയ ജൂൺ മാസത്തെ ഷെഡ്യൂളിലും സലാലയിൽനിന്ന് കേരളത്തിലേക്കുള്ള ഒരു സർവിസും ഉൾപ്പെട്ടിട്ടില്ല. കാസർകോട് സ്വദേശികളടക്കം ആശ്രയിക്കുന്ന മംഗളൂരുവിലേക്കുള്ള സർവിസും പ്രഖ്യാപിച്ചിട്ടില്ല. അതേസമയം, മസ്കത്തിൽനിന്ന് കോഴിക്കോട്, കൊച്ചി, കണ്ണൂർ, തിരുവനന്തപുരം സർവിസുകൾ എയർ ഇന്ത്യ എക്സ്പ്രസ് നടത്തുന്നുണ്ട്.
കഴിഞ്ഞ ഏപ്രിൽ ഒന്ന് മുതലുള്ള ഷെഡ്യൂളിൽ കണ്ണുർ സർവിസ് ഉൾപ്പെടുത്തിയിട്ടുണ്ട്. മാർച്ചിൽ ഒമാനിൽ നിന്ന് കേരളത്തിലേക്കുള്ള മുഴുവൻ സർവിസുകളും എയർ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കിയ നിലയിലായിരുന്നു. പിന്നീട് ഏപ്രിൽ ഒന്നു മുതലുള്ള ഷെഡ്യൂളിൽ കണ്ണൂർ സർവിസ് ഉൾപ്പെടുത്തി. ഇതിനു പിന്നാലെ, ഏപ്രിൽ അഞ്ചു മുതൽ 30 വരെയുള്ള ഷെഡ്യൂളിൽ തിരുവനന്തപുരം സർവിസും ഉൾപ്പെടുത്തിയിരുന്നു. മേയ് അഞ്ചു മുതലുള്ള ഷെഡ്യൂളിൽ കോഴിക്കോടും കൊച്ചിയും ഉൾപ്പെടുത്തിയതോടെ മസ്കത്തിൽനിന്ന് കേരളത്തിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ മുഴുവൻ സർവിസും പുനരാരംഭിച്ചു.
എല്ലാ ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലാണ് കോഴിക്കോട്ടേക്കുള്ള സർവിസ്. മസ്കത്തിൽനിന്ന് ഉച്ചക്ക് രണ്ടിന് പുറപ്പെടുന്ന എയർ ഇന്ത്യ IX 338 രാത്രി 7.10ന് കോഴിക്കോടെത്തും. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ രാവിലെ 8.25ന് പുറപ്പെടുന്ന IX 442 കൊച്ചി സർവിസ് ഉച്ചക്ക് 1.45ന് കൊച്ചിയിലെത്തും. കണ്ണൂരിലേക്ക് തിങ്കൾ, ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലാണ് സർവിസ്. രാത്രി 8.10ന് പുറപ്പെടുന്ന വിമാനം പുലർച്ചെ 1.20ന് കണ്ണൂരിലെത്തി ചേരും. ഇതേ ദിവസങ്ങളിൽ രാത്രി 11. 25ന് മസ്കത്തിൽ നിന്ന് പുറപ്പെടുന്ന തിരുവനന്തപുരം സർവിസ് പുലർച്ചെ 4.55ന് തിരുവനന്തപുരത്തെത്തും. മുംബൈ, ഡൽഹി എന്നിവിടങ്ങളിലേക്ക് ദിനേന സർവിസുകളുണ്ട്.
ജൂണിലെ ഷെഡ്യൂളിൽ സലാലയെ ഒഴിവാക്കിയപോലെ തന്നെ മസ്കത്തിൽനിന്ന് മംഗളൂരുവിലേക്കുള്ള സർവിസും പുനരാരംഭിച്ചിട്ടില്ല. സലാലയിൽനിന്ന് കോഴിക്കോട്ടേക്ക് ആഴ്ചയിൽ രണ്ടും കൊച്ചിയിലേക്ക് ഒരു സർവിസുമാണ് എയർ ഇന്ത്യ എക്സ്പ്രസ് നടത്തിയിരുന്നത്. ഒമാനിലെ സ്കൂൾ വേനലവധിക്കാലത്തിന് 10 ദിവസം മാത്രം ബാക്കിനിൽക്കെ, സലാലയിൽനിനുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവിസ് അകാരണമായി റദ്ദാക്കുന്നത് നിരവധി പ്രവാസികളെയാണ് വെട്ടിലാക്കുന്നത്. സലാലയിൽ നിന്നും കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് മാർച്ച് ഒന്നു മുതൽ എക്സ്പ്രസ് സർവിസുകൾ ആരംഭിക്കാനിരുന്നതാണ്. മാസങ്ങളായി നിർത്തി വെച്ചിരുന്ന സർവിസുകളാണിത്.
എന്നാൽ, സലാലയിൽനിന്ന് മാർച്ച് 28 വരെയുള്ള കൊച്ചി, കോഴിക്കോട് സർവിസുകൾ ഒരു കാരണവുമില്ലാതെ ഘട്ടം ഘട്ടമായി റദ്ദാക്കുകയായിരുന്നു. മാർച്ച് 29 മുതൽ സലാലയിലേക്കുള്ള എയർ ഇന്ത്യ എക്സ്‌പ്രസ് സർവിസുകൾ പുനരാരംഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു പ്രവാസികൾ. നാട്ടിൽ സ്കുൾ, പ്ലസ് ടു പരീക്ഷ കഴിഞ്ഞ് അവധിക്കാലം ഒമാനിൽ ബന്ധുക്കളോടൊപ്പം ചെലവഴിക്കാനായി നിരവധി കുടുംബങ്ങളാണ് നേരത്തെ തന്നെ ടിക്കറ്റെടുത്തിരുന്നത്. എന്നാൽ സർവിസുകൾ റദ്ദാക്കിയ സന്ദേശമാണ് യാത്രക്കാർക്ക് ലഭിച്ചത്. സലാലയിൽ നിന്നുള്ള മറ്റു വിമാന സർവിസുകൾ തടസ്സമില്ലാതെ നടത്തിവരുന്നുമുണ്ട്. സലാലയിൽനിന്ന് കേരളത്തിലേക്കുള്ള സർവിസുകൾ ഉടൻ പുനരാരംഭിക്കണമെന്നാണ് പ്രവാസികളുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

