സാഹസികതയും രുചിയുമൊരുക്കി സഞ്ചാരികളെ കാത്ത് സലാല....
text_fieldsസലാല ഫുഡ് ഫെസ്റ്റിവലിൽ നിന്ന്
സലാല: ഖരീഫ് സീസൺ ആരംഭിച്ചതോടെ സഞ്ചാരികളുടെ ഒഴുക്കാണ് സലാലയിലേക്ക്. വെള്ളച്ചാട്ടങ്ങളും മഞ്ഞണിഞ്ഞ മലനിരകളും മാത്രമല്ല, സാഹസികത ഇഷ്ടപ്പെടുന്നവർക്കുള്ള വിനോദങ്ങളും ഇത്തവണ സലാലയിൽ സഞ്ചാരികളെ കാത്തിരിക്കുന്നുണ്ട്. ഏറെ സഞ്ചാരികൾ എത്തുന്ന വാദി ദർബാത്തിലെ സിപ്ലൈനുകളാണ് ഇപ്പോൾ സലാലയിൽ സംസാരവിഷയം. വാദി ദർബാത്തിലും ഔഖാദ് നാച്വറൽ പാർക്കിലും ദോഫാർ അഡ്വഞ്ചർ ടീം ഒരുക്കിയ സിപ്ലൈനുകൾ യുവസഞ്ചാരികൾക്ക് ആവേശമാകുകയാണ്. വാദി ദർബാത്തിൽ രണ്ട് സിപ്ലൈനുകളാണുള്ളത്. കുട്ടികൾക്കായി 60 മീറ്റർ നീളമുള്ളതും മുതിർന്നവർക്കായി 120 മീറ്റർ നീളമുള്ളതും. മുതിർന്നവർക്കായുള്ള സിപ്ലൈൻ വാദി ദർബാത്തിന് കുറുകെയാണുള്ളത്.
ഒമാനിന്റെ വിവിധ ഭാഗങ്ങളിൽ സിപ്ലൈനുകൾ ഉണ്ടെങ്കിലും ഖരീഫ് സീസണിന്റെ ചരിത്രത്തിൽ ഇതാദ്യമാണെന്ന് ദോഫാർ അഡ്വഞ്ചർ ടീം സ്ഥാപകൻ അബ്ദുൽ ഹഖീം അൽ മാഷാനി പറഞ്ഞു. ദിവസവും 300 പേർ സിപ്ലൈൻ ഉപയോഗിക്കുന്നുണ്ട്. വാദി ദർബാത്തിലെ ചെറിയ കോട്ടേജുകളും സഞ്ചാരികളെ ആകർഷിക്കുന്നുണ്ട്. വാദിയുടെ തീരത്ത് തടിയിൽ പണിത മൂന്ന് കോട്ടേജുകളാണുള്ളത്.
ഖരീഫ് കാലത്തോടനുബന്ധിച്ച് ഒരുക്കിയ സലാല ഭക്ഷ്യമേളയും സഞ്ചാരികൾ ഏറ്റെടുത്തിട്ടുണ്ട്. ഹവാന സലാലയിൽ വെള്ളിയാഴ്ച ആരംഭിച്ച മേളയിൽ നൂറുകണക്കിന് പേരാണ് ദിനംപ്രതി എത്തുന്നത്.
മേളയുടെ ഭാഗമായി വിവിധ കലാപ്രകടനങ്ങളും ഒരുക്കിയിട്ടുണ്ട്. മേള ആഗസ്റ്റ് 13ന് സമാപിക്കും. സലാല ഭക്ഷ്യമേളയുടെ ആദ്യ എഡിഷനാണിത്. 80ൽ പരം ഭക്ഷ്യ സ്റ്റാളുകളിലായി നൂറുകണക്കിന് രുചി വൈവിധ്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ട്രക്കുകളിലും സ്റ്റാളുകളിലുമായി ഇവ പ്രദർശിപ്പിച്ചിരിക്കുന്നു. ഇവ പാചകം ചെയ്യുന്നത് കാണാനും നിരവധി പേർ എത്തുന്നുണ്ട്. 55ൽ പരം പ്രമുഖ ഒമാനി ഷെഫുമാരും സ്ഥാപനങ്ങളുമാണ് മേളയുടെ ഭാഗമായിരിക്കുന്നത്. അരലക്ഷത്തോളം പേർ പങ്കെടുക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
സലാല ഫുഡ് ഫെസ്റ്റിവലിൽ നിന്ന്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

