സലാല റെഡി; ഇനി കൗണ്ട്ഡൗൺ!
text_fieldsസലാല: സലാല കാത്തിരുന്ന ആഘോഷ രാവ് ഇന്ന്. ഗൾഫ് മാധ്യമവും മീ ഫ്രണ്ടും ചേർന്ന് സംഘടിപ്പിക്കുന്ന മെഗാ ഇവന്റായ ‘ഹാർമോണിയസ് കേരള’ അൽ മറൂജ് ആംഫി തിയറ്ററിൽ വെള്ളിയാഴ്ച വൈകീട്ട് 6.45ന് അരങ്ങേറും. ഉദ്ഘാടന ചടങ്ങിൽ ദോഫാർ ഗവർണറേറ്റ് സാംസ്കാരിക-കായിക-യുവജന വിഭാഗം എ.ജി.എം ഫൈസൽ അലി അൽ നഹ്ദി മുഖ്യാതിതിഥിയാവും. ഇന്ത്യൻ എംബസി കോൺസുലാർ ഏജന്റ് ഡോ.കെ. സനാതനൻ അടക്കമുള്ള പ്രമുഖർ പങ്കെടുക്കും.
പരസ്പര സ്നേഹത്തിന്റെയും ഐക്യത്തിന്റെയും സൗഹൃദത്തിന്റെയും സന്ദേശവുമായെത്തുന്ന ‘ഹാർമോണിയസ് കേരള’യുടെ ഒമാനിലെ ആറാമത്തെയും സലാലയിലെ മൂന്നാമത്തെയും സീസൺകൂടിയാണിത്. ഹരിതാഭ നിറഞ്ഞ കാഴ്ചകൾ സമ്മാനിക്കുന്ന കേരളത്തിന്റെ മണ്ണും മനസ്സുമുള്ള സലാലയിൽ മതനിരപേക്ഷതയുടെയും സഹിഷ്ണുതയുടെയും സഹവർത്തിത്വത്തിന്റെ സന്ദേശം പകർന്നു നൽകുകയാണ് ഹാർമോണിയസ് കേരളയിലൂടെ.
സലാലയുടെ ആഘോഷത്തിനായി മുഴുവൻ താരങ്ങളും എത്തിക്കഴിഞ്ഞു. വ്യാഴാഴ്ച ഉച്ചയോടെ നടി ഭാവന, ഗായകരായ ശിഖ, റഹ്മാൻ, മെന്റലിസ്റ്റ് ഫാസിൽ ബഷീർ എന്നിവരടക്കമുള്ളവരുമെത്തി. പ്രിയ ഗായകൻ എം.ജി ശ്രീകുമാർ, ഗായകരായ നിത്യ മാമ്മൻ, അശ്വിൻ, മിയക്കുട്ടി എന്നിവർ ബുധനാഴ്ച വൈകീട്ടുതന്നെ എത്തിച്ചേർന്നിരുന്നു. അവതാരകൻ മിഥുൻ രമേശും ചേർന്നതോടെ വിസ്മയരാവിനായി സലാല ആവേശത്തോടെ മണിക്കുറുകളെണ്ണി കാത്തിരിക്കുകയാണ്.
വൈകീട്ട് അഞ്ചു മുതൽ ആംഫി തിയറ്ററിലെ വിവിധ ഗാലറികളിലേക്കുള്ള ഗേറ്റുകൾ തുറക്കും. മലയാളികൾ നെഞ്ചേറ്റിയ സൂപ്പർ ഹിറ്റ് ഗാനങ്ങളുമായി പ്രിയ ഗായകൻ എം.ജി ശ്രീകുമാറിന്റെ നാലു പതിറ്റാണ്ട് പിന്നിട്ട ഗാനസപര്യക്ക് ആദരമായി ‘മധുമയമായ് പാടാം’ എന്ന ഷോ ഹാർമോണിയസ് കേരളയിൽ അരങ്ങേറും. കാണികളെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന മെന്റലിസ്റ്റ് ഫാസിൽ ബഷീറിന്റെ പ്രത്യേക ഷോയുമുണ്ടാകും. ഷാഹി ഫുഡ്സ് ആൻഡ് സ്പൈസസ്, ലുലു ഹൈപ്പർ മാർക്കറ്റ്, ബദർ അൽ സമ ഹോസ്പിറ്റൽ, സീ പേൾസ് ഗോൾഡ് ആൻഡ് ഡയമണ്ട്സ് എന്നിവരാണ് മുഖ്യ പ്രായോജകർ. കൂടാതെ, ജോയ് ആലുക്കാസ് എക്സ്ചേഞ്ച്, സായ് ഡിറ്റർജന്റ് തുടങ്ങിയവരും പങ്കാളികളാവും.
മിയക്കുട്ടി
മെഹ്ഫിലിന്റെ സുഗന്ധം
സലാല: ഫോർട്ടു കൊച്ചിക്കാരി മിയ എസ്. മെഹഖ് എന്ന മിയക്കുട്ടി മലയാളിക്ക് പാട്ടുവേദിയിലെ നിഷ്കളങ്ക മുഖമാണ്. ഫാഷൻ ഡിസൈനറായ റജീനയുടെയും ഇന്റീരിയർ ഡിസൈനറായ അസ്ലമിന്റെയും മകളായ മിയ, കുഞ്ഞുനാളിലേ പാട്ടിന്റെ വഴിയിലായിരുന്നു. നാലു വയസ്സുള്ളപ്പോൾ ലോക്ക് ഡൗൺ കാലത്ത് ‘ഖജ്റ മുഹബ്ബത്ത് വാലാ..’ എന്ന പാട്ടുപാടി പകർത്തിയ വിഡിയോ ലോകപ്രശസ്തമായ ബി.ബി.സി പങ്കുവെച്ചിരുന്നു. നിത്യ മാമ്മൻ പാടിയ ‘വാതുക്കല് വെള്ളരി പ്രാവ്’ എന്ന ഹിറ്റ് ഗാനത്തിന്റെ മിയ വേർഷൻ മലയാളികൾക്കിടയിൽ മിയക്ക് ഏറെ ആരാധകരെ നേടിക്കൊടുത്തു. പിതാവ് അസ്ലം ഷഹനാസാണ് മിയയുടെ ഗുരുവും വഴികാട്ടിയും. ഫോർട്ടുകൊച്ചിയുടെ രാവുകളെ സംഗീതസാന്ദ്രമാക്കുന്ന മെഹ്ഫിലുകളിൽ പാടി വളർന്ന മിയക്ക് ഏറെയിഷ്ടം പഴയ ഹിന്ദിഗാനങ്ങളാണ്. അനശ്വര ഗായകൻ മുഹമ്മദ് റാഫി സാബിന്റെ പാട്ടുകളോട് പ്രത്യേകയിഷ്ടം കൂടിയുണ്ട്.
അശ്വിൻ
സലാല: സംഗീതവും എൻജിനീയറിങ്ങും ഇഴുകിചേർന്നതാണ് അശ്വിന്റെ ജീവിതം. പാലക്കാട് കൊടുവായൂർ മന്ദാരത്തുകാവ് സ്വദേശിയായ അശ്വിൻ തിരുവനന്തപുരത്ത് ഇൻഫോസിസിൽ ടീം ലീഡായാണ് ജോലി ചെയ്യുന്നത്. ഇപ്പോൾ കൊച്ചിയിൽ കുടുംബ സമേതം താമസം.
സംഗീത പാരമ്പര്യത്തിന്റെ അകമ്പടിയൊന്നുമില്ലാതെ ഇഷ്ടം കൊണ്ട് പാട്ടിനൊപ്പം കൂട്ടുകൂടിയതാണ് അശ്വിൻ. കോളജ് പഠന കാലത്ത് എൻ.എച്ച്- 47 എന്ന ബാൻഡ് കൊണ്ടു നടന്നിരുന്നു.
സ്റ്റാർ സിങ്ങർ, രാഗരത്ന തുടങ്ങിയ റിയാലിറ്റി ഷോകളിലൂടെ മൽസര വേദിയിൽ തിളങ്ങി. ‘ലവ് ആക്ഷൻ ഡ്രാമ’ എന്ന സിനിമയിലെ ‘ഒരു സ്വപ്നം പോലെ..’ എന്ന ഗാനമാണ് സിനിമയിലെ ആദ്യ ഗാനം. മാളികപ്പുറം സിനിമയിൽ ‘ഭൂതനാഥ സദാനന്ദാ..’ എന്നഗാനവും ഏറ്റവുമൊടുവിൽ ‘ലോക’യിലെ ശോകമൂകം എന്ന ഗാനത്തിന്റെ തമിഴ് വേർഷനും പാടി. സ്വതന്ത്ര സംഗീതം എന്ന ചിന്തയുമായി പുതിയ ബാൻഡിന്റെ പണിപ്പുരയിലാണ് അശ്വിൻ.
പാട്ടിന്റെ പ്രണയവഴി
ശിഖ പ്രഭാകരൻ
സലാല: ഗാനഗന്ധർവ്വൻ യേശുദാസ്, മലയാളത്തിന്റെ വാനമ്പാടി കെ.എസ്. ചിത്ര, പ്രിയ ഗായകൻ എം.ജി ശ്രീകുമാർ, സംഗീത സംവിധായകൻ ശരത് എന്നിവരുടെയെല്ലാം അനുഗ്രഹം ഏറ്റുവാങ്ങിയ പാട്ടുജീവിതമാണ് ശിഖ പ്രഭാകരന്റേത്. അഞ്ചാം ക്ലാസിൽ പഠിക്കവെ, തൃശൂരിലെ സിംഫണി ഓർക്കസ്ട്രയിൽ പ്രഫഷനലായി അരങ്ങേറിയ ശിഖ, പിന്നീടങ്ങോട്ട് റിയാലിറ്റി ഷോകളും സ്റ്റേജ്ഷോകളുമൊക്കെയായി പാട്ടിന്റെ വഴിയെ നീങ്ങുകയായിരുന്നു.
16ാം വയസ്സിൽ ഗിരീഷ് പുത്തഞ്ചേരിയുടെ രചനയിൽ ശരതിന്റെ സംഗീതത്തിൽ ‘ ചാമ്പക്ക ചുണ്ടാണേ...’ എന്ന ആദ്യഗാനം.
ഇടക്ക് പഠനം സീരിയസായെടുത്ത് പാട്ടിൽനിന്ന് തെല്ലുമാറിയ കാലത്താണ് പ്രണയവഴിയിൽ ജീവിതപങ്കാളിയായ ഫൈസൽ റാസിയെ കണ്ടുമുട്ടുന്നത്.
പിന്നീടങ്ങോട്ട് ശിഖക്ക് പാട്ടിന്റെയും ജീവിതത്തിന്റെയും രണ്ടാമധ്യായമായിരുന്നു. ഇരട്ട എന്ന സിനിമയിൽ കവി അൻവറലിയുടെ രചനയിൽ ജെയ്ക്ക്സ് ബിജോയിയുടെ സംഗീതത്തിൽ പാടിയ ‘താരാട്ടായ് ഈ ഭൂമി...’ എന്ന ഗാനം സംസ്ഥാന സർക്കാറിന്റെ അവാർഡ് നോമിനേഷനിൽ വരെയെത്തി. ഇപ്പോൾ ഫൈസൽ റാസിയുമൊത്ത് ‘ഉറുമി’ എന്ന ബാൻഡിൽ സജീവമാണ് ശിഖ.
ഫാസ്റ്റ് നമ്പറെന്നോ മെലഡിയെന്നോ ഖവാലിയെന്നോ വ്യത്യാസമില്ലാതെ എല്ലാം പാട്ടിനെയും ഒരുപോലെ ഇഷ്ടപ്പെടുന്ന ഗായിക. സ്റ്റേജിലെത്തിയാൽ പിന്നെ ശിഖയുടെ ഊർജം ഒന്നുവേറെ തന്നെയാണ്. കാണികൾ ശിഖയെ കൂടുതൽ ഇഷ്ടപ്പെടാനുള്ള കാരണങ്ങളിലൊന്നും വേദികളിലെ ആ പെർഫോമൻസാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

