സഞ്ചാരികളെ ആകർഷിച്ച് സലാലയിലെ ദോഫാർ മ്യൂസിയം
text_fieldsസലാലയിൽ തുറന്ന ദോഫാർ മ്യൂസിയത്തിൽനിന്നുള്ള കാഴ്ച
ദോഫാർ മ്യൂസിയത്തിന്റെ ഉദ്ഘാടന ചടങ്ങിൽനിന്ന്സലാല: ദോഫാറിന്റെ ചരിത്രത്തിലേക്കും പഴയമയിലേക്കും മിഴി തുറന്ന ദോഫാർ മ്യൂസിയം സഞ്ചാരികളെ ആകർഷിക്കുന്നു. ഖരീഫിനോടനുബന്ധിച്ച് നിർമാണം പൂർത്തിയായ മ്യൂസിയം ദോഫാർ ഗവർണർ സയ്യിദ് മർവാൻ ബിൻ തുർക്കി അൽ സൈദിന്റെ രക്ഷാകർതൃത്വത്തിലാണ് ഉദ്ഘാടനം ചെയ്തത്. ചടങ്ങിൽ മ്യൂസിയം സ്ഥാപകൻ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ മുഹ്സിൻ സാലിം അൽ സൈൽ അൽ ഗസാനിയും സംബന്ധിച്ചു. കഴിഞ്ഞദിവസങ്ങളിലായി സ്വദേശികളും വിദേശികളുമുൾെപ്പടെ നിരവധിപേരാണ് ഇവിടെ എത്തിയത്.
നഗരഹൃദയത്തിൽ സലാല സെന്ററിൽ അൽ സലാം റോഡിന് സമീപമായി ആരംഭിച്ച മ്യൂസിയത്തിൽ 800ലധികം പുരാവസ്തുക്കൾ പ്രഫഷനലായി രേഖപ്പെടുത്തി ഡോക്യുമെന്റ് ചെയ്തിട്ടുണ്ട്. ഇങ്ങോട്ടേക്കുള്ള വഴി ഗൂഗ്ൾ മാപ്പിൽ dhofar museum എന്ന് സെർച്ച് ചെയ്താൽ ലഭിക്കും. രണ്ട് നിലകളിലായി 1000 ചതുരശ്ര മീറ്ററിലധികം വിസ്തീർണമുള്ള മ്യൂസിയത്തിൽ 14 തീമുകളും നാല് പരിസ്ഥിതികളും ഉൾപ്പെടുന്നു.
ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമൻ, അറബി ഭാഷകളിലായി സന്ദർശകർക്ക് മ്യൂസിയത്തിന്റെ ഉള്ളടക്കം അനുഭവിക്കാനാകും. പരമ്പരാഗത കോഫിയും ഭക്ഷണവും ഗിഫ്റ്റ് ഷോപ്പുകളും ഉൾപ്പെടുത്തി സമ്പൂർണമായ സാംസ്കാരിക അനുഭവം ഇവിടെ ഒരുക്കിയിതായി മ്യൂസിയം ഇൻ ചാർജ് മലയാളിയായ താരഗജിത് എന്ന കിച്ചു പറഞ്ഞു.
ദോഫാർ മ്യൂസിയത്തിന്റെ ഉദ്ഘാടന ചടങ്ങിൽനിന്ന്
രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് ഒന്നുവരെയും വൈകീട്ട് നാല് മുതൽ ഏഴുവരെയുമാണ് പ്രവർത്തനം. ഒമ്പത് വയസ്സിന് മുകളിലുള്ളവർക്ക് ഒരു റിയാലാണ് പ്രവേശന നിരക്ക്. സംഘങ്ങൾക്ക് പ്രത്യേക നിരക്കിളവുണ്ട്. ദോഫാർ മ്യൂസിയം പാരമ്പര്യത്തെ രേഖപ്പെടുത്തുകയും പ്രദർശിപ്പിക്കുകയും ചെയ്യുന്നു എന്നതിനപ്പുറം യുവതലമുറയെ വിദ്യാഭ്യാസപരമായി ഉദ്ദീപിപ്പിക്കാനും അക്കാദമിക ഗവേഷണത്തെ പിന്തുണക്കുകയും ഒമാനിലെ പ്രത്യേകിച്ചും ദോഫാർ ഗവർണറേറ്റിലെ സാംസ്കാരിക പാരമ്പര്യ ടൂറിസത്തിന് വലിയ സംഭാവന നൽകുകയുമാണെന്ന് വിലയിരുത്തപ്പെടുന്നു.
പാരമ്പര്യ സംരക്ഷണത്തിൽ മ്യൂസിയം സ്ഥാപകന്റെ ആത്മാർഥതക്കും ഒമാന്റെ സംസ്കൃതി പാരമ്പര്യത്തോടുള്ള പ്രതിബദ്ധതക്കുംമുള്ള ആദരസൂചകമാണ് സ്ഥാപനം. നൂറ്റാണ്ടുകൾ പഴക്കമുള്ള ഇന്തോ-ഒമാൻ ബന്ധത്തിന്റെ ശേഷിപ്പുകളും ചിഹ്നങ്ങളും ഇതിൽ കാണാനാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

