തണുപ്പിലമര്‍ന്ന് ഒമാന്‍; വിമാനങ്ങള്‍ റദ്ദാക്കി
text_fieldsമസ്കത്ത്: കാലാവസ്ഥാ വ്യതിയാനത്തിന്‍െറ ഫലമായുള്ള കടുത്ത തണുപ്പ് ശനിയാഴ്ചയും ഒമാന്‍െറ ഏതാണ്ടെല്ലാ ഭാഗത്തും അനുഭവപ്പെട്ടു. പലയിടങ്ങളിലും ശക്തമായ കാറ്റുമുണ്ടായി. കാറ്റിനെ തുടര്‍ന്ന് ആഭ്യന്തര വിമാന സര്‍വിസുകള്‍ പലതും റദ്ദാക്കുകയും വൈകുകയും ചെയ്തു.
സലാലയില്‍ നിന്ന് മസ്കത്തിലേക്കുള്ള വിമാനങ്ങളാണ് റദ്ദാക്കുകയും വൈകുകയും ചെയ്തത്. വെള്ളി, ശനി ദിവസങ്ങളിലായുണ്ടായ കാറ്റില്‍ സലാലയില്‍ വ്യാപക കൃഷിനാശം ഉണ്ടാവുകയും ചെയ്തു. ഒമാനില്‍ സമീപ വര്‍ഷങ്ങളിലായി ഉണ്ടായ ഏറ്റവും തണുപ്പേറിയ ദിനങ്ങളായിരുന്നു ഇതെന്ന് കാലാവസ്ഥാ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ശക്തമായ കാറ്റിനെ തുടര്‍ന്ന് ശനിയാഴ്ച പകല്‍ സമയത്ത് സലാലയില്‍നിന്ന് മസ്കത്തിലേക്ക് ഒമാന്‍ എയറും സലാം എയറും സര്‍വിസുകള്‍ ഒന്നും നടത്തിയില്ല. സന്ധ്യയോടെ മാത്രമാണ് സര്‍വിസുകള്‍ പുനരാരംഭിച്ചത്.
കൃഷിനാശത്തിന് പുറമെ വ്യാപാര സ്ഥാപനങ്ങളുടെ ബോര്‍ഡുകളും മറ്റും സലാല ടൗണിലും പരിസരത്തും ഇളകി വീണു. മസ്കത്ത് അടക്കം ചില പ്രദേശങ്ങളിലും ശനിയാഴ്ച ശീതക്കാറ്റ് അനുഭവപ്പെട്ടെങ്കിലും വെള്ളിയാഴ്ചയിലേതിനേക്കാള്‍ ശക്തി കുറവായിരുന്നു. റാസല്‍ഹദ്ദില്‍ വെള്ളിയാഴ്ച രാത്രിയിലെ കാറ്റിന്‍െറ ഫലമായി കടല്‍കയറി. തീരത്ത് നിന്ന് 600 മീറ്റര്‍ ദൂരം വരെയാണ് കടല്‍കയറ്റം ഉണ്ടായത്. ഉച്ചയോടെ മാത്രമാണ് കടല്‍വെള്ളം ഇറങ്ങിത്തുടങ്ങിയത്. ബുറൈമി, ലിവ, ആദം, ഇബ്ര, റുസ്താഖ്, സുനൈന, സൈഖ്, മസ്യൂന തുടങ്ങിയ സ്ഥലങ്ങളിലാണ് വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച പുലര്‍ച്ചെയുമായി കഠിനമായ തണുപ്പ് അനുഭവപ്പെട്ടത്.
ഒരു ഡിഗ്രി മുതല്‍ പത്തു ഡിഗ്രി സെല്‍ഷ്യസ് വരെയാണ് ഇവിടങ്ങളില്‍ അനുഭവപ്പെട്ട താപനില. രാവിലെ പലയിടത്തും മൂടല്‍മഞ്ഞിന്‍െറ ഫലമായി ദൂരക്കാഴ്ച കുറഞ്ഞു. വെള്ളിയാഴ്ച മുസന്ദമിലും ഖസബിലും മഞ്ഞുവീഴ്ച അനുഭവപ്പെട്ടിരുന്നു. കഠിനമായ തണുപ്പിനെ തുടര്‍ന്ന് വാരാന്ത്യ അവധിദിനമായ ശനിയാഴ്ച വീടുകള്‍ക്കുള്ളില്‍ തന്നെയാണ് ചെലവഴിച്ചത്. പാര്‍ക്കുകളിലും മറ്റും ആളുകള്‍ കുറവായിരുന്നു. മസ്കത്ത് ഫെസ്റ്റിവലിലെ തിരക്കിനെയും തണുപ്പ് ബാധിച്ചു.
രണ്ടു ദിവസങ്ങളിലായുള്ള കാലാവസ്ഥാ വ്യതിയാനം തണുപ്പിനെ പ്രതിരോധിക്കുന്ന വസ്ത്രങ്ങളുടെ വിപണിക്കും ജീവന്‍വെപ്പിച്ചിട്ടുണ്ട്. കച്ചവടം കുറഞ്ഞതിനെ തുടര്‍ന്ന് നിരാശയിലായിരുന്ന വ്യാപാരികള്‍ക്ക് ഇത് ഉണര്‍വേകിയിട്ടുണ്ട്. തണുപ്പ് നീണ്ടുനില്‍ക്കുന്ന പക്ഷം കൂടുതല്‍ കച്ചവടം നടക്കുമെന്ന പ്രതീക്ഷയിലാണ് ഇവര്‍.
അതേസമയം, ഞായറാഴ്ച ഒമാന്‍െറ ഭൂരിപക്ഷം പ്രദേശങ്ങളിലും താപനിലയില്‍ രണ്ടു ഡിഗ്രി വരെ വര്‍ധനവുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വരുംദിവസങ്ങളില്‍ താപനിലയില്‍ ക്രമമായ വര്‍ധന ഉണ്ടാകാനാണ് സാധ്യത.
ബുറൈമിയിലും ദാഹിറ ഗവര്‍ണറേറ്റിലും രാവിലെ മൂടല്‍മഞ്ഞിനും സാധ്യതയുണ്ട്. സൈഖില്‍ ഇന്ന് രണ്ടു ഡിഗ്രി സെല്‍ഷ്യസ് വരെയും ബുറൈമി, ഇബ്ര എന്നിവിടങ്ങളില്‍ പത്തു ഡിഗ്രി വരെയും കുറഞ്ഞ താപനില രേഖപ്പെടുത്താനിടയുണ്ടെന്ന് മുന്നറിയിപ്പില്‍ പറന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
