മസ്കത്ത്: 2019ലെ അറബ് വേനൽക്കാല റിസോർട്ടുകളുടെ തലസ്ഥാനം (കാപിറ്റൽ ഒാഫ് അറബ് സമ്മർ റിസോർട്ട്സ്) ബഹുമതി സലാലക്ക്. അറബ് ടൂറിസം ഒാർഗനൈസേഷെൻറയാണ് ബഹുമതി. സ ലാലയിലെ വിനോദസഞ്ചാര മേഖലയിൽ ഇൗ വർഷം മുപ്പത് ശതമാനത്തിെൻറ വളർച്ചക്ക് പുതിയ ബഹുമതി വഴിയൊരുക്കുമെന്നാണ് വിലയിരുത്തൽ.
റിസോർട്ടുകളുടെ നടത്തിപ്പ്, അടിസ്ഥാനസൗകര്യങ്ങൾ, സേവനങ്ങൾ തുടങ്ങിയ വിഭാഗങ്ങളിലെ ഉന്നതനിലവാരത്തിനൊപ്പം പരിസ്ഥിതി സംരക്ഷണം, പരിപാലനം എന്നിവയും കണക്കിലെടുത്താണ് ഇൗ ബഹുമതി നൽകുന്നത്. സഞ്ചാരികൾക്കുള്ള വിനോദ സൗകര്യങ്ങൾ, സഞ്ചാരികളുടെ സുരക്ഷിതത്വവും ബഹുമതിയുടെ നിർണയത്തിൽ കണക്കിലെടുക്കും.
അറബ് സഞ്ചാരികളെ ആകർഷിക്കുന്ന സലാലയിലെ വിനോദസഞ്ചാര മേഖലയിലെ പ്രവർത്തനങ്ങൾക്കെപ്പം ടൂറിസം മേഖലയിൽ തുടരുന്ന അടിസ്ഥാനസൗകര്യവും നിക്ഷേപപദ്ധതികളുമാണ് സലാലയെ ബഹുമതിക്ക് അർഹമാക്കിയതെന്ന് ഒമാൻ വിനോദ സഞ്ചാര മന്ത്രാലയം അറിയിച്ചു.
സഞ്ചാരികളെ കൂടുതലായി ആകർഷിക്കാൻ പുതിയ ബഹുമതി സഹായിക്കുമെന്ന് അറബ് ടൂറിസം ഒാർഗനൈസേഷൻ ചെയർമാൻ ഡോ. ബന്ദർ അൽ ഫഹദ് പറഞ്ഞു.
മിതോഷ്ണ കാലാവസ്ഥ നിലനിൽക്കുന്നതിനാൽ വർഷം മുഴുവൻ സഞ്ചാരികളെ ആകർഷിക്കുന്ന പ്രദേശമാണ് സലാല. മഴക്കാലത്ത് പച്ചപ്പട്ടുവിരിച്ചു നിൽക്കുന്ന സലാല സഞ്ചാരികളുടെ പ്രിയ ഭൂപ്രദേശമാണ്. സാംസ്കാരികപരമായും ചരിത്രപരമായും പ്രാധാന്യമുള്ള നിരവധി സ്ഥലങ്ങളും ഇവിടെയുണ്ട്. വാർഷിക പരിപാടികൾ ആവിഷ്കരിച്ച് അറബ്, അന്താരാഷ്ട്ര സഞ്ചാരികളെ ആകർഷിക്കുന്നതിന് സലാലക്കുള്ള അവസരമാണ് ഇൗ ബഹുമതിയിലൂടെ തുറന്നുകിട്ടിയിരിക്കുന്നതെന്നും ഡോ. ബന്ദർ പറഞ്ഞു.