You are here
സലാല ഫ്രീസോണിൽ റിഫൈനറി വരുന്നു
പൂർണമായും സ്വകാര്യ ഉടമസ്ഥതയിലുള്ളതാണ് റിഫൈനറി
മസ്കത്ത്: സലാല ഫ്രീസോണിൽ എണ്ണ ശുദ്ധീകരണ ശാല വരുന്നു. രണ്ടര ശതകോടി ഡോളർ ചെലവിൽ സ്ഥാപിക്കുന്ന റിഫൈനറി പൂർണമായും സ്വകാര്യ ഉടമസ്ഥതയിലുള്ളതാണ്. പ്രതിദിനം ഒന്നര ലക്ഷം ബാരൽ ക്രൂഡോയിൽ സംസ്കരിക്കാൻ റിഫൈനറിക്ക് ശേഷിയുണ്ടാകും. റിഫൈനറിക്ക് ഭൂമി കൈമാറുന്നത് സംബന്ധിച്ച ധാരണപത്രം സലാല ഫ്രീസോൺ സി.ഇ.ഒ അലി ബിൻ മുഹമ്മദ് തബൂക്കും സലാല റിഫൈനറി സി.ഇ.ഒ കെൻറ് ജെ. കാബിയും ഒപ്പുവെച്ചു. 600 നേരിട്ടുള്ള തൊഴിലവസരങ്ങളാണ് റിഫൈനറി വഴി ലഭിക്കുക. അനുബന്ധ സേവന മേഖലകളിലെ ബിസിനസ് അവസരങ്ങളും മറ്റും ഇതിന് പുറമെയാണ്. ഇവിടെനിന്നുള്ള ഉൽപന്നങ്ങൾ സലാല തുറമുഖം വഴിയാകും മറ്റിടങ്ങളിലേക്ക് കൊണ്ടുപോവുക.
ദോഫാറിലെ അൽ റവാസ് കുടുംബത്തിെൻറ പൂർണ ഉടമസ്ഥതയിലുള്ള അൽ അർക്കാൻ ഹോൾഡിങ്ങിന് കീഴിലുള്ള എൽ.എൽ.സി കമ്പനിയായിട്ടാണ് റിഫൈനറി സ്ഥാപിക്കുന്നത്. ഇൗ വർഷം ജനുവരി മുതൽ ജൂലൈ തുടക്കം വരെ കാലയളവിൽ വിവിധ മേഖലകളിലായി 11 നിക്ഷേപ കരാറുകൾ ഒപ്പുവെച്ചതായി സലാല ഫ്രീസോൺ സി.ഇ.ഒ അലി ബിൻ മുഹമ്മദ് തബൂക്ക് പറഞ്ഞു. കാർബണേറ്റഡ് ബിവറേജസ്, സോളാർ പാനൽ, ജിപ്സം ഫോർഡ് ഫാക്ടറികൾ, പ്രകൃതിദത്ത പഞ്ചസാര നിർമാണ ഫാക്ടറി തുടങ്ങിയവയാണ് അവ. ഇതോടെ ഫ്രീസോൺ അതോറിറ്റി ധാരണപത്രം ഒപ്പുവെച്ച കമ്പനികളുടെ എണ്ണം 69 ആയി ഉയർന്നു. 5.360 ശതകോടി ഡോളറാണ് ഇവയുടെ മൊത്തം നിക്ഷേപം.