സലാല: ഒമാനിലെ ഉൾപ്രദേശങ്ങളിലെ സ്കൂളുകൾ വികസിപ്പിക്കാനെന്ന പേരിൽ സലാല ഇന്ത്യൻ സ്കൂളിൽ ഏർപ്പെടുത്തിയ 100 റിയാൽ ഡൊണേഷൻ തുകക്കെതിരെ വ്യാപക പ്രതിഷേധം. സാമൂഹിക മാധ്യമങ്ങൾ വഴിയും നേരിട്ടും രക്ഷിതാക്കൾ കടുത്ത പ്രതിഷേധമാണ് ഉയർത്തുന്നത്. കുറഞ്ഞ വരുമാനക്കാരായ മലയാളികൾ ഉൾപ്പെടുന്ന വലിയ പ്രവാസി സമൂഹമാണ് സലാലയിലേത്. നിലവിലെ ഫീസ് ഘടനയും വാർഷിക ഫീസ് വർധനയും താങ്ങാനാകാതെ പ്രയാസപ്പെടുകയാണ് രക്ഷിതാക്കൾ. സ്കൂൾ വികസനത്തിനായി കഴിഞ്ഞ ഏതാനും വർഷം മുമ്പ് ആരംഭിച്ച തിരികെ നൽകുന്ന തുകയായ 100 റിയാൽ ഇപ്പോൾ തന്നെ വാങ്ങിവരുന്നുണ്ട്. ഇതുകൂടാതെയാണ് ഈ വർഷം മുതൽ പുതുതായി പ്രവേശനം തേടുന്ന എൽ.കെ.ജി മുതൽ രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികളിൽനിന്ന് നോൺ റീഫണ്ടബിൾ ഇനത്തിൽ 100 റിയാൽ കൂടി ഇൗടാക്കാൻ തീരുമാനിച്ചിരിക്കുന്നത്.
സലാല ഇന്ത്യൻ സ്കൂൾ വികസന ഫണ്ടിൽ ലക്ഷക്കണക്കിന് റിയാൽ ബാക്കിയിരിക്കെയാണ് തങ്ങളുടെ പോക്കറ്റടിക്കാൻ മാനേജ്മെൻറ് ഇറങ്ങിയിരിക്കുന്നതെന്ന് രക്ഷകർത്താക്കൾ ആരോപിക്കുന്നു. ഡൊണേഷൻ ഇൗടാക്കണമെന്നത് ബോർഡിെൻറ തീരുമാനമാണെന്നും ഇത് നടപ്പാക്കാൻ തങ്ങൾ ബാധ്യസ്ഥരാണെന്നുമാണ് എസ്.എം.സിയുമായി ബന്ധപ്പെട്ടവർ വിശദീകരിക്കുന്നത്. എന്നാൽ, സലാലയിലെ സാഹചര്യം പരിഗണിച്ച് ഈ തീരുമാനം നടപ്പാക്കാതിരിക്കാൻ എസ്.എം.സി ക്ക് കഴിയുമെന്നും രക്ഷകർത്താക്കൾ പറയുന്നു. നിലവിലെ സാഹചര്യത്തിൽ ഇത് രക്ഷകർത്താക്കൾക്ക് തങ്ങാൻ കഴിയുന്നതിനുമപ്പുറമാണെന്ന് മലയാള വിഭാഗം കൺവീനർ ആർ.എം.ഉണ്ണിത്താൻ പറഞ്ഞു. മാനേജ്മെൻറ് നിലപാടിനെതിരെ ഒന്നിച്ചുള്ള പ്രതിഷേധത്തിന് ശ്രമിക്കുകയാണെന്ന് വെൽഫെയർ ഫോറം സലാല ഭാരവാഹികളും പറഞ്ഞു.