സലാല റോഡിൽ രണ്ട് കാറപകടം; നാലുമരണം, 11 പേർക്ക് പരിക്ക്
text_fieldsമസ്കത്ത്: സലാല റോഡിൽ വീണ്ടും വാഹനാപകടം. വെള്ളിയാഴ്ചയുണ്ടായ രണ്ടു അപകടങ്ങളിലായി നാലുപേർ മരണപ്പെടുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരിച്ച നാലുപേരും പാകിസ്താൻ സ്വദേശികളാണ്. പരിക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. ഹൈമയിൽ നടന്ന ആദ്യ അപകടത്തിലാണ് മരണമുണ്ടായത്. യു.എ.ഇയിൽനിന്ന് സലാലയിലേക്ക് പോകുന്നവരാണ് മരിച്ചവർ. ഇവർ സഞ്ചരിച്ചിരുന്ന ഫോർ വീലർ വാഹനം സ്വദേശി വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. എതിർവശത്തെ വാഹനത്തിലുണ്ടായിരുന്ന രണ്ടു ഒമാനികൾക്ക് അപകടത്തിൽ ഗുരുതര പരിക്കുണ്ട്. അമിതവേഗത്തിൽ വാഹനം മറികടക്കുന്നതിനിടെ േനർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നെന്നാണ് കരുതപ്പെടുന്നത്. അപകടത്തിൽ ഒരു വാഹനം നിശ്ശേഷം തകർന്നു.ഹൈമക്കടുത്ത് അൽ ഗാഫ്ത്തീനും മഖ്ഷനുമിടയിലാണ് രണ്ടാമത്തെ അപകടമുണ്ടായത്.
ഒമാനി കുടുംബം സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. വാഹനത്തിൽ സഞ്ചരിച്ചിരുന്ന ഒമ്പതുപേരെ പരിക്കുകളോടെ ഹൈമ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ചിലർക്ക് സാമാന്യം നല്ല പരിക്കുണ്ട്. മൂന്നാഴ്ചയിലെ ഇടവേളയിൽ സലാല റോഡിൽ നടക്കുന്ന മൂന്നാമത്തെ ദാരുണമായ അപകടമാണ് ഹൈമയിലേത്. കഴിഞ്ഞ മാസം 26ന് ഖർനുൽ അലമിൽ മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ച് കത്തി രണ്ട് യു.എ.ഇ സ്വദേശികളും ഒരു സൗദി വനിതയും മരണപ്പെട്ടിരുന്നു. 12 പേർക്ക് ഇൗ അപകടത്തിൽ പരിക്കേറ്റിരുന്നു.
സലാലയിലേക്കുപോവുകയും വരുകയുമായിരുന്ന വാഹനങ്ങളാണ് അന്ന് അപകടത്തിൽ പെട്ടത്. ഒരു ഒമാനി വാഹനവും അപകടത്തിൽ പെട്ടിരുന്നെങ്കിലും തീപിടിച്ചില്ല. തെറ്റായ മറികടക്കലാണ് അപകടത്തിന് കാരണമായതെന്ന് ആർ.ഒ.പി കണ്ടെത്തിയിരുന്നു. നാലു ദിവസം കഴിഞ്ഞ് മഖ്ഷന് സമീപത്തെ ഖത്ബീത്തിൽ കാറുകൾ കൂട്ടിയിടിച്ച് എട്ടുപേർ മരണപ്പെട്ടു. ഇതിൽ നാലുപേർ പാകിസ്താൻ സ്വദേശികളായിരുന്നു. ഇരു വാഹനങ്ങളിലുമായി ഉണ്ടായ മുഴുവൻ പേരും മരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
