വർത്തമാന ഇന്ത്യൻ യാഥാർഥ്യങ്ങളിലേക്ക് ചോദ്യങ്ങളുമായി ‘സഫലമീയാത്ര’
text_fieldsറൂവി അൽഫലാജ് ഓഡിറ്റോറിയത്തിൽ അരങ്ങേറിയ ‘സഫലമീയാത്ര’യുടെ അഭിനേതാക്കളും അണിയറ പ്രവർത്തകരും
മസ്കത്ത്: വർത്തമാന ഇന്ത്യൻ യാഥാർഥ്യങ്ങളിലേക്ക് നിരവധി ചോദ്യങ്ങൾ ഉയർത്തി തിയേറ്റർ ഗ്രൂപ് മസ്കത്തിന്റെ ഏഴാമത് നാടകം ‘സഫലമീയാത്ര’ റൂവി അൽഫലാജ് ഓഡിറ്റോറിയത്തിൽ നിറഞ്ഞ സദസ്സിൽ അരങ്ങേറി. കേരള സംസ്ഥാന അവാർഡ് ജേതാവ് ജയൻ തിരുമനയുടെ രചനയിൽ, തീയേറ്റർ ഗ്രൂപ് മസ്കത്തിനുവേണ്ടി എല്ലാനാടകങ്ങളും സംവിധാനം നിർവഹിച്ചിട്ടുള്ള അൻസാർ ഇബ്രാഹിം തന്നെയാണ് സഫലമീയാത്രക്കും രംഗഭാഷ ഒരുക്കിയത്. വർത്തമാന ഭാരതത്തിലെ അവഗണിക്കപ്പെട്ടവരുടെയും അകറ്റിനിർത്തുന്നവരുടെയും വേദനയുടെ ഒറ്റയടിപ്പാതയിലൂടെയാണ് നാടകം സഞ്ചരിക്കുന്നത്.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നടക്കുന്ന തീവ്രമായ അസഹിഷ്ണുതയെയും മനുഷ്യത്വത്തെ ഹനിക്കുന്ന കിരാതശക്തികളെയും വരച്ചുകാട്ടുന്നതിൽ രചയിതാവ് ജയൻ തിരുമനയും സംവിധായകനും വിജയിച്ചു എന്ന് തന്നെ പറയാം. ബഹുസ്വരത എന്ന മഹത്തായ ആശയത്തിൽ ഊന്നി സ്നേഹത്തിൽ കഴിഞ്ഞിരുന്ന ഒരു സമൂഹത്തിൽ പശുവിന്റെപേരിൽ നടക്കുന്ന നരഹത്യയിലേക്കുള്ള ദൂരമാണു നാടകം വരച്ചു കാട്ടുന്നത്. കലാരത്ന ആർട്ടിസ്റ്റ് സുജാതൻ മാസ്റ്റർ വയനാടൻ ചുരത്തിലേക്കും ഗോതമ്പിന്റെ നിറമുള്ള ഉത്തരേന്ത്യൻ പാട ശേഖരത്തിലേക്കും പ്രേക്ഷകരെ കൂട്ടികൊണ്ടുപോയി.
അനിൽ കടയ്ക്കാവൂർ, ബാബു എരുമേലി, മനോഹരൻ ഗുരുവായൂർ, ശ്രാവൺ രവീന്ദ്രൻ, അലംകൃത ലിജോ അലക്സ്, സലോമി ചാക്കോ, അനിത രാജൻ, സുധ രഘുനാഥ്, ശ്രീവിദ്യ, ഇന്ദു ബാബുരാജ്, ശ്രീദേവി കിഴക്കനേല, സബിത, ഉദയൻ തൃക്കുന്നപ്പുഴ, എ.ജെ. അൻസാർ, അനുരാജ്, പ്രതീപ് കല്ലറ, വിൻസെന്റ് ആറ്റുവരമ്പിൽ, ജിനോ മാഷ്, ബിനു എണ്ണക്കാട്, അനീഷ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അരങ്ങിലെത്തിച്ചത്. ലേഖ സജീവ്, റെജി പുത്തൂർ, ഷാൻ ഹരി, മുജീബ് മജീദ്, സുരേഷ് ഹരിപ്പാട്, രവി പാലിശ്ശേരി, കരിക്കകം മണിലാൽ, രഞ്ജീവ് പുഷ്കരാനന്ദൻ, സജിമോൻ ഗോപാലകൃഷ്ണൻ, പ്രിയരാജ് എന്നിവർ അണിയറയിൽ പ്രവർത്തിച്ചു.
ജയൻ തിരുമന, ആർട്ടിസ്റ്റ് സുജാതൻ മാസ്റ്റർ, അൻസാർ ഇബ്രാഹിം എന്നിവരെ ആദരിച്ചു. അഭിനേതാക്കളെയും സാങ്കേതിക പ്രവർത്തകരെയും സദസ്സിന് പരിചയപ്പെടുത്തി. 2015ൽ മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് നാടകമായ ‘അശ്വമേധം’ എന്ന നാടകവുമായി അരങ്ങേറ്റം കുറിച്ച തിയേറ്റർ ഗ്രൂപ് പിന്നീടുള്ള ഓരോ വർഷവും നാടകം അവതരിപ്പിച്ചരുന്നു.
2019ൽ എന്റെ മകനാണ് ശരി എന്ന നാടകം അരങ്ങിലെത്തിച്ച ശേഷം, കോവിഡ് മഹാമാരി മൂലമുണ്ടായ സാമൂഹിക അന്തരീക്ഷംമൂലം പിന്നീടുള്ള വർഷങ്ങളിൽ നാടകങ്ങൾ അവതരിപ്പിച്ചിരുന്നില്ല. നാലു വർഷത്തെ നീണ്ട ഇടവേളക്കു ശേഷമാണ് മുഴുനീള നാടകവുമായി തിയേറ്റർ ഗ്രൂപ് പ്രേക്ഷകർക്ക് മുന്നിൽ എത്തിയത് . മസ്കത്ത് പഞ്ചവാദ്യ സംഘത്തിന്റെ കലാകാരൻമാരാണ് സ്റ്റേജ് നിയന്ത്രിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

