‘സഫലമീയാത്ര’ നാളെ അരങ്ങേറും
text_fieldsമസ്കത്ത്: തിയറ്റർ ഗ്രൂപ് മസ്കത്തിന്റെ ഏഴാമത് നാടകം ‘സഫലമീയാത്ര’ വെള്ളിയാഴ്ച വൈകീട്ട് 6.30ന് റൂവി അൽഫലാജ് ഓഡിറ്റോറിയത്തിൽ അരങ്ങേറും. കേരള സംസ്ഥാന അവാർഡ് നേതാവ് ജയൻ തിരുമനയുടെ രചനയിൽ, തിയറ്റർ ഗ്രൂപ് മസ്കത്തിനുവേണ്ടി എല്ലാ നാടകങ്ങളും സംവിധാനം നിർവഹിച്ച അൻസാർ ഇബ്രാഹിം തന്നെയാണ് സഫലമീയാത്രക്കും രംഗഭാഷ ഒരുക്കിയത്.
കലാരത്ന ആർട്ടിസ്റ്റ് സുജാതൻ മാസ്റ്റർ വയനാടൻ ചുരത്തിലേക്കും ഗോതമ്പിന്റെ നിറമുള്ള ഉത്തരേന്ത്യൻ പാടശേഖരത്തിലേക്കും പ്രേക്ഷകരെ കൊണ്ടുപോകും. ആറാം തവണയാണ് സുജാതൻ മാഷ് തിയറ്റർ ഗ്രൂപ് മസ്കത്തിനുവേണ്ടി രംഗപടം ഒരുക്കുന്നത്. തിയറ്റർ ഗ്രൂപ്പിന്റെ 25ഓളം കലാകാരന്മാരും കലാകാരികളും നാടകത്തിൽ വേഷമിടുന്നുണ്ട്.
വർത്തമാന ഭാരതത്തിലെ അവഗണിക്കപ്പെട്ടവരുടെയും അകറ്റിനിർത്തുന്നവരുടെയും വേദനയുടെ ഒറ്റയടി പ്പാതയിലൂടെയാണ് നാടകം സഞ്ചരിക്കുന്നതെന്ന് സംവിധായകൻ അൻസാർ ഇബ്രാഹിം പറഞ്ഞു.
നടപ്പുകാലത്തിന്റെ ദുഃഖങ്ങളും സന്തോഷങ്ങളും നമ്മൾ ചോദിക്കാൻ മനസ്സിൽ സൂക്ഷിച്ച ചോദ്യങ്ങളും അതിന് ആരോ തരേണ്ട മറുപടിയും നാടകത്തിൽ ഇഴചേർത്തിരിക്കുന്നുവെന്നും മാനവസമുദായത്തിന്റെ നന്മതിന്മകളെ അപഗ്രഥനം ചെയ്യേണ്ട കലയാണെന്നും തിയറ്റർ ഗ്രൂപ് മസ്കത്ത് മുൻകാലങ്ങളിൽ അവതരിപ്പിച്ച നാടകങ്ങളെപോലെ തന്നെ സഫലമീയാത്രയും പ്രേക്ഷകർ സ്വീകരിക്കുമെന്നാണ് കരുതുന്നതെന്നും അണിയറ പ്രവർത്തകർ പറഞ്ഞു.
നാടകവിരുന്നൊരുക്കുകയല്ല, വരാൻ പോകുന്ന വിപത്തിന്റെ സൂചനകൾക്കൊപ്പം സ്നേഹമെന്ന മഹാമുദ്രാവാക്യം മുഴക്കി തിന്മക്കെതിരെയുള്ള നന്മയുടെ വിജയം ഉറപ്പിച്ച് എല്ലാവരെയും ഒരുപോലെ കാണുന്ന സമസ്ത വിശ്വാസങ്ങൾക്കും ഇടമുള്ള മനുഷ്യന്റെ സ്നേഹം സംഗീതം പോലെ ആസ്വദിക്കുന്ന ഒരു ജനതയും അവർക്ക് തണലായി ഒരിന്ത്യയും ഇവിടെയുണ്ടാവണമെന്ന സന്ദേശമാണ് നൽകുന്നതെന്നും അണിയറ പ്രവർത്തകർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

