റൂവി മലയാളി അസോസിയേഷന്റെ ഇടപെടൽ; ആറു വയസ്സുകാരന് നാട്ടിലേക്കുള്ള വഴിയൊരുങ്ങി
text_fieldsമസ്‌കത്ത്: സാമ്പത്തിക പ്രതിസന്ധിയിൽപ്പെട്ട് നാട്ടിലേക്ക് മടങ്ങാൻ പ്രയാസത്തിലായ കുടുംബത്തിന് കൈത്താങ്ങായി റൂവി മലയാളി അസോസിയേഷൻ രംഗത്തെത്തി. ബിസിനസ് നഷ്ടവും സാമ്പത്തിക ഭാരവും അസുഖവും മൂലം ഗൃഹനാഥൻ അടിയന്തര ചികിത്സക്കായി നാട്ടിലേക്ക് മടങ്ങിയതോടെ, അമ്മയും ആറു വയസ്സുകാരൻ മകനും മസ്‌കത്തിൽ ഒറ്റപ്പെടുകയായിരുന്നു. കുട്ടി വിസിറ്റിങ് വിസയിലായതിനാൽ വിസ കാലാവധി കഴിഞ്ഞ് ഓവർസ്റ്റേ ഫൈൻ ബാധകമായിരുന്നു.
ദുരിതത്തിലായ കുടുംബം സഹായത്തിനായി അസോസിയേഷനെ സമീപിച്ചതിനെ തുടർന്ന്, എയർപോർട്ട് അധികൃതരുമായി നിരന്തരം ബന്ധപ്പെട്ടു അവരുടെ സാഹചര്യം ബോധ്യപ്പെടുത്താൻ പ്രവർത്തകർ ശ്രമിച്ചു. തുടർന്ന് ഫൈൻ ഒഴിവാക്കിയതായി അറിയിച്ചെങ്കിലും, എയർപോർട്ട് സിസ്റ്റത്തിൽ അത് അപ്ഡേറ്റ് ചെയ്തിരുന്നില്ല.
ഇതോടെ അമ്മയെ മാത്രമാണ് നാട്ടിലേക്ക് പോകാൻ അനുവദിച്ചത്. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവയുടെ നേതൃത്വത്തിൽ, കുട്ടിയെ സംരക്ഷണത്തിൽ എടുത്ത അസോസിയേഷൻ, ടിക്കറ്റ് നിരക്ക് വർധനവ് ഉൾപ്പെടെയുള്ള പ്രതിസന്ധികൾ മറികടന്ന്, സ്വന്തം ചെലവിൽ ടിക്കറ്റ് ഒരുക്കി ആറു വയസ്സുകാരനെ സുരക്ഷിതമായി നാട്ടിലേക്ക് അയച്ചു.
ഇതിനായി പ്രവർത്തിച്ച സാമൂഹിക പ്രവർത്തകനായ ഡോ. സജി ഉതുപ്പാൻ, ലയൺസ് ക്ലബ് സെക്രട്ടറി അരവിന്ദ്, ഡോ. മുജീബ്, സാബിത് എന്നിവർക്ക് അസോസിയേഷൻ നന്ദി അറിയിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

