തൊഴിൽ തട്ടിപ്പിനിരയായ തമിഴ്നാട് സ്വദേശിനിയെ റൂവി കെ.എം.സി.സി നാട്ടിലെത്തിച്ചു
text_fieldsപളനിയമ്മ റൂവി കെ.എം.സി.സി പ്രവർത്തകരോടൊപ്പം
മസ്കത്ത്: തൊഴിൽ തട്ടിപ്പിനിരയായി ഒമാനിലെത്തിയ തമിഴ്നാട് സ്വദേശിനിക്ക് തുണയായി റൂവി കെ.എം.സി.സി. 10 ദിവസത്തോളം അലഞ്ഞുതിരിഞ്ഞു നടന്ന തമിഴ്നാട് സ്വദേശിനി പളനിയമ്മയെ റൂവി കെ.എം.സി.സിയുടെ നേതൃത്വത്തിൽ ഇന്ത്യൻ എംബസിയുടെയും റോയൽ ഒമാൻ പൊലീസിന്റെയും സഹായത്തോടെ നാട്ടിലേക്ക് അയച്ചു.
വീട്ടുജോലിക്കെന്ന് പറഞ്ഞാണ് തമിഴ്നാട് സ്വദേശിനിയായ 46കാരി പളനിയമ്മയെ ഏജന്റ് സന്ദർശക വിസയിൽ ഒമാനിലെത്തിക്കുന്നത്. വിസ കാലാവധി കഴിഞ്ഞ് എങ്ങനെ നാട്ടിൽ പോകണമെന്ന് അറിയാതെ അലഞ്ഞുതിരിയുമ്പോഴാണ് ഇവരെ റൂവി കെ.എം.സി.സി പ്രവർത്തകരുടെ ശ്രദ്ധയിൽപെടുന്നത്.
മാനസികമായി ആകെ തളർന്ന അവസ്ഥയിലായിരുന്നു പളനിയമ്മ. സംസാരിക്കാൻപോലും കഴിയാത്ത അവസ്ഥയിൽ ഭക്ഷണം കഴിക്കാൻ നിവൃത്തി ഇല്ലാതെ തളർന്ന നിലയിൽ റൂവി സുൽത്താൻ ഖാബൂസ് മസ്ജിദിനു സമീപം കണ്ടെത്തിയ പളനിയമ്മയെ റൂവി കെ.എം.സി.സി പ്രവർത്തകർ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.
തുടർന്ന് നാട്ടിലുള്ള ബന്ധുക്കളുമായി ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ എംബസിയുമായി സഹകരിച്ച് വ്യാഴാഴ്ച രാത്രി കൊച്ചിയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ നാട്ടിലെത്തിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

