ഒമാന്റെ ശ്രമങ്ങൾക്ക് പിന്തുണയുമായി റഷ്യയും ചൈനയും
text_fieldsമരിയ സഖറോവ, ലിൻ ജിയാൻ
മസ്കത്ത്: ഒമാന്റെ മധ്യസ്ഥതയിൽ ഇറാൻ-യുഎ.സ് ചർച്ചകൾ പുനരാരംഭിക്കുക എന്നതാണ് തെഹ്റാന്റെ ആണവ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ഏക മാർഗമെന്നും ഇസ്രായേൽ നടത്തുന്ന സൈനിക നടപടികളെ തള്ളുകയാണെന്നും റഷ്യ വ്യക്തമാക്കി. സെന്റ് പീറ്റേഴ്സ്ബർഗിൽ നടന്ന ഏഷ്യ-പസഫിക് വാർത്ത ഏജൻസികളുടെ (ഒ.എ.എൻ.എ) ഓർഗനൈസേഷന്റെ ജനറൽ അസംബ്ലിയിൽ സംസാരിച്ച റഷ്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖറോവയാണ് ഇക്കാര്യം പറഞ്ഞത്.
മേഖലയിൽ സമാധാനപരമായ പരിഹാരങ്ങൾ വളർത്തിയെടുക്കുന്നതിനുള്ള സുൽത്താനേറ്റിന്റെ നിരന്തരമായ ശ്രമങ്ങളെ അവർ പ്രശംസിച്ചു. പ്രാദേശിക, ആഗോള സംഘർഷ പരിഹാരത്തിൽ ഒമാന്റെ നയതന്ത്രത്തിനുള്ള വർധിച്ചുവരുന്ന അന്താരാഷ്ട്ര പിന്തുണയെ അടിവരയിടുന്നതാണ് റഷ്യയുടെ പരാമർശങ്ങൾ.
ഇറാനും ഇസ്രായേലും തമ്മിലുള്ള വർധിച്ചുവരുന്ന സംഘർഷം പ്രാദേശിക സമാധാനത്തെയും സ്ഥിരതയെയും പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് ചൈനയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു. എത്രയും വേഗം സംഘർഷം ലഘൂകരിക്കുന്നതിനായി ഒമാനുമായും സംഘർഷത്തിൽ ഉൾപ്പെട്ട കക്ഷികളുമായും ആശയവിനിമയം തുടരുമെന്നും വ്യക്തമാക്കി.
ഇസ്രായേലിന്റെ പ്രവർത്തനങ്ങൾ അന്താരാഷ്ട്ര നിയമങ്ങളെയും മാനദണ്ഡങ്ങളെയും ഇറാന്റെ പരമാധികാരത്തെയും സുരക്ഷയെയും ലംഘിക്കുന്നതാണെന്ന് പ്രാദേശിക സമാധാനത്തെയും സ്ഥിരതയെയും ദുർബലപ്പെടുത്തുന്നുവെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് ലിൻ ജിയാൻ പറഞ്ഞു. സംഘർഷം ഇറാൻ ആണവ പ്രശ്നവുമായി ബന്ധപ്പെട്ട പരോക്ഷ ചർച്ചകളെ തടസ്സപ്പെടുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ നിർണായക ഘട്ടത്തിൽ, അന്താരാഷ്ട്ര സമൂഹം, നീതിയെ പിന്തുണക്കുന്നതിനുള്ള ശ്രമങ്ങളെ ഏകീകരിക്കുകയും യുദ്ധത്തെ എതിർക്കുകയും സമാധാനത്തിനായി ആഹ്വാനം ചെയ്യുകയും ഒരു രാഷ്ട്രീയ പരിഹാരം പ്രോത്സാഹിപ്പിക്കുകയും ചെയ്യണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

