യു.എ.ഇ വിസ മാറാൻ ഒമാനിലേക്ക് നെട്ടോട്ടം; അതിർത്തിയിൽ തിരക്ക്
text_fieldsമസ്കത്ത്: യു.എ.ഇയിൽനിന്ന് വിസ മാറാനുള്ള സൗകര്യം നിർത്തലാക്കിയതോടെ പ്രവാസികൾ പുതിയ വിസക്കായുള്ള നെട്ടോട്ടത്തിലാണ്.
കാറിലും ബസിലും വിമാനത്തിലുമായി ഒമാനിലെത്തി പുതിയ വിസയെടുത്ത് തിരിച്ചുവരാനാണ് ശ്രമം. എന്നാൽ, തിരക്കേറിയതോടെ ഒമാൻ വഴിയുള്ള റോഡ് യാത്ര മുടങ്ങിയ അവസ്ഥയിലാണ്. കൂടുതൽ തുക നൽകി വിമാനത്തിൽ യാത്ര ചെയ്യേണ്ടതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
അവധിക്കാലത്ത് ടിക്കറ്റ് നിരക്ക് കൂടുതലായതിനാൽ ഇന്ത്യയിൽ പോയിവരാൻ കഴിയാത്ത സ്ഥിതിയുമുണ്ട്. രാജ്യത്തിനുള്ളിൽനിന്നുതന്നെ വിസ മാറാനുള്ള സൗകര്യം കഴിഞ്ഞയാഴ്ചയാണ് യു.എ.ഇ നിർത്തലാക്കിയത്. വിസ മാറണമെങ്കിൽ രാജ്യം വിടണമെന്ന നിബന്ധന യു.എ.ഇയിൽ മുമ്പ് ഉണ്ടായിരുന്നെങ്കിലും കോവിഡ് കാലത്ത് ഇളവുണ്ടായിരുന്നു. ഈ ഇളവാണ് ഇപ്പോൾ ഒഴിവാക്കിയിരിക്കുന്നത്. ഇതോടെ, കാലാവധി കഴിഞ്ഞ സന്ദർശക വിസക്കാരും താമസവിസക്കാരുമെല്ലാം എക്സിറ്റ് അടിച്ചശേഷം തിരിച്ച് വരണം.
ദിവസവും ആയിരക്കണക്കിനാളുകളുടെ വിസ കാലാവധി കഴിയുന്ന സ്ഥിതിയാണ്. ഇവരെല്ലാം ഒമാൻ അതിർത്തിയിലേക്ക് ഒഴുകിയെത്തിയതോടെ അതിർത്തിവഴി അത്യാവശ്യ വാഹനങ്ങൾ മാത്രമേ കടത്തിവിടുന്നുള്ളൂ. സർക്കാർ അംഗീകൃത ബസുകൾ മാത്രമാണ് അതിർത്തിയിലൂടെ കടത്തിവിടുന്നത്. ഇതോടെയാണ് യാത്രക്കാർ വിമാനമാർഗം ഒമാനിലെത്തി തുടങ്ങിയത്. വിസയും ടിക്കറ്റുമുൾപ്പെടെ 1400 ദിർഹമിന്റെ മുകളിലാണ് പാക്കേജ്. ഒമാനിൽ എത്തിയ ശേഷം വിസ എടുത്ത് തിരിച്ചുവരും. എന്നാൽ, ചിലരുടെ വിസ വൈകുന്നുണ്ട്. ഇവർ വിസ കിട്ടുന്നതുവരെ ഒമാനിൽ വിമാനത്താവളത്തിൽ തങ്ങേണ്ട അവസ്ഥയുണ്ട്. ഒട്ടുമിക്ക വിസകളും നാലോ അഞ്ചോ മണിക്കൂറിനുള്ളിൽ ശരിയാകാറുണ്ടെന്ന് ട്രാവൽ ഏജൻസികൾ പറയുന്നു. സീസൺ സമയമായതിനാൽ ആയിരക്കണക്കിനാളുകൾ സന്ദർശക വിസയിൽ യു.എ.ഇയിലുണ്ട്. കൃത്യസമയത്ത് വിസ പുതുക്കാൻ കഴിയാത്തതിനാൽ പിഴയടക്കേണ്ട അവസ്ഥയിലാണ് പലരും.

