രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു; റിയാൽ വിനിമയത്തിൽ റെക്കോഡ്
text_fieldsമസ്കത്ത്: അന്താരാഷ്ട്ര വിപണിയിൽ ഇന്ത്യൻ രൂപക്കുണ്ടായ വിലയിടിവ് ഒമാനി റിയാലുമായുള്ള വിനിമയത്തിലും റെക്കോഡിട്ടു. ഒരു ഒമാനി റിയാൽ 233 ഇന്ത്യൻ രൂപക്ക് മുകളിൽ മൂല്യം കൈവരിച്ചു. ഒമാനിൽ ചില സാമ്പത്തിക വിനിമയ സ്ഥാപനങ്ങൾ 233.35 രൂപ വരെ ഒരു ഒമാനി റിയാലിന് നൽകുന്നുണ്ട്. രൂപയുടെ മൂല്യം ഇടിയുന്നത് നാട്ടിലേക്ക് പണമയക്കുന്ന പ്രവാസികൾക്ക് ആഹ്ലാദം നൽകുന്നതാണ്.
നാട്ടിലേക്ക് അയക്കുന്ന പണത്തിന് കൂടുതൽ മൂല്യം കിട്ടുന്നു എന്നതാണ് കാരണം. പക്ഷേ, കുട്ടികളുടെ വിദ്യാഭ്യാസം ഉൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾക്കായി വിദേശ നാണയത്തിൽ ലോൺ എടുത്ത പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് ഇതൊരു ബാധ്യതയായി മാറുമെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. വായ്പ ഇന്ത്യൻ രൂപയിൽ കണക്കാക്കുമ്പോൾ കൂടുതൽ തുക തിരിച്ചടക്കേണ്ടിവരും. വിനോദ യാത്ര, ചികിത്സ തുടങ്ങിയ ആവശ്യങ്ങൾക്കായി വിദേശ സഞ്ചാരം നടത്തുന്നവർക്കും രൂപയുടെ വിലയിടിവ് ദോഷകരമാകും.
ചൊവ്വാഴ്ച ഫോറക്സ് മാർക്കറ്റിൽ യു.എസ് ഡോളറുമായി ഇന്ത്യൻ രൂപയുടെ വിനിമയം 89.87 രൂപയിൽ അവസാനിച്ചു. 89.54 എന്ന നിരക്കിലാണ് തിങ്കളാഴ്ച വ്യാപാരം അവസാനിപ്പിച്ചിരുന്നത്. ചൊവ്വാഴ്ച രാവിലെ വ്യാപാരത്തിന്റെ തുടക്കത്തിൽതന്നെ ഇത് 89.70ലെത്തി. ഇൻട്രാഡേയിൽ 90 തൊടുമെന്ന നിലയിലെത്തിയിരുന്നു. 89.95 വരെ വ്യാപാരം തുടർന്നശേഷം നിരക്ക് താഴേക്കിറങ്ങി. വ്യാപാരം അവസാനിക്കുമ്പോൾ 89.87 ആണ് രൂപയുടെ മൂല്യം. അതായത്, തിങ്കളാഴ്ചത്തെയും ചൊവ്വാഴ്ചത്തെയും വിനിമയത്തിൽ 33 പൈസയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ഈ വർഷം ഇതുവരെ രൂപയുടെ മൂല്യത്തിൽ 4.7 ശതമാനം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. മറ്റ് ഏഷ്യൻ കറൻസികളെ അപേക്ഷിച്ച് രൂപയുടെ മൂല്യ ശോഷണം കൂടുതലാണ്.
രൂപയുടെ വിലയിടിവിന് പല കാരണങ്ങളും സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്. അന്താരാഷ്ട്ര തലത്തിലും ഇന്ത്യൻ ദേശീയ തലത്തിലുമുള്ള വിഷയങ്ങൾ വിലയിടിവിന് പ്രധാന ഘടകങ്ങളായി പ്രവർത്തിച്ചതായി അവർ പറയുന്നു. അമേരിക്കയും ഇന്ത്യയും തമ്മിലെ പ്രധാന വ്യാപാര കരാറുകൾ ഒപ്പുവെക്കുന്നതിലെ താമസം, ബാങ്ക് ഓഫ് ജപ്പാൻ (ബി.ഒ.ജെ) പലിശ നിരക്കിലുണ്ടായ വർധന, ക്രിപ്റ്റോ കറൻസിയിലുണ്ടായ വൻ ഇടിവ് തുടങ്ങിയവയാണ് രൂപയുമായുള്ള വിനിമയത്തിൽ ഡോളറിന് മൂല്യം കൂടാനിടയാക്കിയതിനു വഴിവെച്ച അന്താരാഷ്ട്ര തല കാരണങ്ങൾ. ക്രിപ്റ്റോ കറൻസിയിലുണ്ടായ ഇടിവ് ആഗോള തലത്തിൽ ഡോളറിന് ഡിമാൻഡ് വർധിപ്പിച്ചിട്ടുണ്ട്. ക്രിപ്റ്റോയിൽ വിശ്വാസം നഷ്ടപ്പെട്ടതോടെ അന്താരാഷ്ട്ര മാർക്കറ്റിൽ വൻതുക നിക്ഷേപകർ ഡോളറിലേക്ക് മാറ്റുകയായിരുന്നു.
ഇന്ത്യയിൽ കോർപറേറ്റുകളുടെ ഭാഗത്തുനിന്ന് വലിയ തോതിൽ ഡോളറിന് ഡിമാൻഡ് ലഭിച്ചതും മറ്റൊരു കാരണമാണ്. ഇതിനു പുറമെ, രൂപയുടെ മൂല്യശോഷണം തടയാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടായ ഇടപെടൽ ശക്തമായില്ലെന്നതും രൂപയുടെ ഇടിവിൽ നിർണായകമായി. ഇന്ത്യൻ ഓഹരി നിക്ഷേപങ്ങളിൽ വൻതോതിൽ വിറ്റഴിക്കൽ നടന്നതും രൂപയുടെ വിനിമയത്തെ ബാധിച്ചു. കഴിഞ്ഞദിവസം ഇന്ത്യയുടെ ജി.ഡി.പി ഡേറ്റ പുറത്തുവന്നിരുന്നു. എന്നാൽ, ചില കാരണങ്ങളാൽ ഐ.എം.എഫ് സി ഗ്രേഡ് മാത്രമേ ഇന്ത്യയുടെ ജി.ഡി.പി ഡേറ്റ നൽകിയിട്ടുള്ളൂ. ഇതും രൂപയുടെ വിനിമയത്തെ ദോഷകരമായി ബാധിച്ചു.
ഡിസംബർ മൂന്നു മുതൽ അഞ്ചുവരെ നടക്കുന്ന ആർ.ബി.ഐ അവലോകനത്തിൽ എടുക്കാൻപോകുന്ന തീരുമാനങ്ങളും ഫോറക്സ് മാർക്കറ്റിലുള്ള ആർ.ബി.ഐയുടെ ഇടപെടലുകളും വരുംദിവസങ്ങളിൽ രൂപയുടെ ആഗോള വിനിമയത്തിൽ നിർണായകമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

